Vijay’s Beast to be out on Netflix: വിജയ് ചിത്രം ബീസ്റ്റ് ഒടിടി റിലീസിനൊരുങ്ങുന്നു. നെറ്റ്ഫ്ളിക്സിലാണ് ചിത്രം റിലീസ് ചെയ്യുക. മേയ് 11 മുതൽ ബീസ്റ്റ് നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്തു തുടങ്ങും. ഏപ്രിൽ 13ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ഒടിടി പ്ലാറ്റ്‌ഫോമായ സണ്‍ നെക്സ്റ്റിലും ബീസ്റ്റ് കാണാം.
തമിഴ്, തെലുങ്ക്, കന്നട, മലയാളം, ഹിന്ദി ഭാഷകളിലായാണ് ബീസ്റ്റ് റിലീസിനെത്തിയത്. സണ്‍ പിക്ചേഴ്‍സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിര്‍മിച്ചത്. എഡിറ്റിംഗ് ആര്‍ നിര്‍മ്മലും സംഗീതസംവിധാനം അനിരുദ്ധും നിർവഹിച്ചു.
വിജയ്‌യുടെ 65-ാം സിനിമയാണ് ‘ബീസ്റ്റ്’. ശിവകാർത്തികേയന്റെ സൂപ്പർ ഹിറ്റ് ചിത്രം ‘ഡോക്ടറി’നുശേഷം നെൽസൺ ദിലീപ്കുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ബീസ്റ്റ്’. വീരരാഘവന്‍ എന്ന സ്പൈ ഏജന്‍റ് ആയാണ് വിജയ് ചിത്രത്തിൽ അഭിനയിക്കുന്നത്. പൂജ ഹെഗ്‌ഡെയാണ് ചിത്രത്തിലെ നായിക. ഒൻപത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പൂജ ഹെഗ്ഡെ തമിഴ് സിനിമയിലേക്ക് തിരിച്ചെത്തുന്നത്. മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോയും അപർണ ദാസും ചിത്രത്തിലുണ്ട്.