ചെന്നൈ: വിജയ് ചിത്രം ‘സര്‍ക്കാരി’ലെ വിവാദ രംഗങ്ങള്‍ നീക്കം ചെയ്തതില്‍ വ്യത്യസ്ത പ്രതിഷേധവുമായി വിജയ് ആരാധകര്‍ രംഗത്ത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ തമിഴ്നാട് സര്‍ക്കാര്‍ വിതരണം ചെയ്ത സൗജന്യ വീട്ടുപകരണങ്ങള്‍ തല്ലിപ്പൊട്ടിച്ചും തീയിട്ട് നിശിപ്പിച്ചുമാണ് എഐഎഡിഎംകെ സര്‍ക്കാരിനെതിരെ ആരാധകര്‍ രംഗത്തെത്തിയത്. സര്‍ക്കാര്‍ ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കിയ ഉത്പന്നങ്ങള്‍ തീയിലേക്കെറിയുന്ന രംഗം ചിത്രത്തില്‍ ഉണ്ടായിരുന്നു. ഈ രംഗവും നീക്കം ചെയ്തതിനെതിരെയാണ് ആരാധകരുടെ പ്രതിഷേധം.

ഉത്പന്നങ്ങള്‍ നശിപ്പിക്കുന്നതിന്റെ വീഡിയോ ഇവര്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ടെലിവിഷന്‍, മിക്സി, ഗ്രൈന്‍ഡര്‍, ലാപ്ടോപ്പ് എന്നിവ അടക്കമുളള ഉപകരണങ്ങളാണ് വിജയ് ആരാധകകര്‍ നശിപ്പിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ജയലളിത അടക്കമുളളവര്‍ വിതരണം ചെയ്ത സാധനങ്ങളാണ് ഇത്തരത്തില്‍ നശിപ്പിക്കുന്നത്.

റിലീസ് ചെയ്തതു മുതല്‍ കളക്ഷന്‍ റെക്കോര്‍ഡുകളെ മറികടന്ന് വിജയത്തിലേക്ക് കുതിക്കുന്ന ചിത്രത്തിനെതിരെ എഐഎഡിഎംകെ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. ചിത്രത്തിലെ ചില വിവാദങ്ങള്‍ പാര്‍ട്ടിയെയും സര്‍ക്കാരിനെയും അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയേയും മോശമായി ചിത്രീകരിക്കുന്നുവെന്നും കടന്നാക്രമിക്കുന്നു എന്നുമായിരുന്നു ആരോപണം. ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ക്ക് പുറത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയും വിജയ്‌യുടെ ബാനറുകള്‍ വലിച്ചു കീറുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

വ്യാഴാഴ്ച വൈകുന്നേരം തന്നെ ചിത്രത്തിലെ വിവാദമായ രംഗങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തു. വരലക്ഷ്മി ശരത്കുമാര്‍ അവതരിപ്പിച്ച കോമളവല്ലി എന്ന കഥാപാത്രത്തിന്റെ പേരുമാറ്റുമെന്നും അറിയിച്ചിരുന്നു. ജയലളിതയുടെ യഥാര്‍ത്ഥ പേരായിരുന്നു കോമളവല്ലി. ചിത്രത്തിന് പിന്തുണയുമായി സിനിമാ രംഗത്തുനിന്നും രജനീകാന്ത്, കമല്‍ഹാസന്‍, വിശാല്‍ തുടങ്ങി നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. തമിഴ്നാട് സര്‍ക്കാരിനെ കടുത്ത ഭാഷയിലാണ് പലരും വിമര്‍ശിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ