തെലുങ്ക് നടന്‍ വിജയ് ദേവരകൊണ്ടയെ മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട കാര്യമില്ല. അമാനുഷിക നായക കഥാപാത്രങ്ങള്‍ അരങ്ങുതകര്‍ക്കുന്ന ടോളിവുഡ് ഇന്‍ഡസ്ട്രിയില്‍ അഭിനയസാധ്യതകളുളള കഥാപാത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി നേടിയ നടനാണ് അദ്ദേഹം. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ‘പീലി ചൂപ്പുലു’, ‘അര്‍ജ്ജുന്‍ റെഡ്ഡി’, ‘മഹാനടി’ എന്നീ ചിത്രങ്ങളിലൂടെ അദ്ദേഹം പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നു. കേരളത്തിലെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത താരങ്ങളില്‍ ആദ്യ ലിസ്റ്റില്‍പ്പെടും വിജയ്‌ ദേവരകൊണ്ട. ഓഗസ്റ്റ്‌ 12-ാം തീയതി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് താന്‍ 5 ലക്ഷം രൂപ നല്‍കി എന്ന് ട്വിറ്ററില്‍ പ്രഖ്യാപിക്കുകയും കൂടുതല്‍ പേരെ സംഭാവന ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു ഈ യുവ നടന്‍.

കേരളത്തിലടക്കം ആരാധകരെ സൃഷ്ടിക്കാന്‍ തന്റെ ആദ്യ വിജയ ചിത്രമായ ‘അര്‍ജുന്‍ റെഡ്ഡി’യിലൂടെ വിജയ്ക്ക് സാധിച്ചിരുന്നു. വന്‍ ഹിറ്റായിരുന്ന ചിത്രം 515 മില്യണ്‍ രൂപയാണ് വാരിക്കൂട്ടിയത്. ഇതിന് പിന്നാലെയാണ് 28കാരനായ താരത്തിന് അവസരങ്ങള്‍ കൂടിയത്. പിന്നീട് അദ്ദേഹം വാര്‍ത്തകളിലും നിറഞ്ഞു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം വാര്‍ത്തകളില്‍ നിറയുന്നത് ചില ചിത്രങ്ങള്‍ സോഷ്യൽ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ്. വിജയ്ക്ക് ഒരു വിദേശ കാമുകി ഉണ്ടെന്ന് നേരത്തേ റൂമറുകള്‍ ഉണ്ടായിരുന്നു. ഒരു വിദേശ യുവതിയുമൊത്ത് അടുത്തിടപഴകുന്ന വിജയ്‌യുടെ ചിത്രങ്ങളാണ് പ്രചരിച്ചത്.

ഈ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തതാണെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ചിത്രങ്ങള്‍ ആധികാരികത ഉളളതാണ് എന്നാണ് ഇന്ത്യാ ഗ്ലിറ്റ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വിര്‍ജിനി എന്ന വിദേശ നടിയോടൊപ്പമാണ് വിജയ് ചിത്രത്തിലുളളത്. വിജയ്‌യുടെ ‘പെല്ലി ചുപ്പുല്ലു’ എന്ന ചിത്രത്തിലും വിര്‍ജിനി ചെറിയ വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്പാണ് ഇരുവരും പരിചയപ്പെട്ടതെന്നും ഇരുവരുടേയും കുടുംബങ്ങള്‍ ഇവരുടെ ബന്ധം അംഗീകരിച്ചതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍​ ചിത്രം പഴയതാണെന്ന് വിജയിയുമായി അടുത്തവൃത്തങ്ങള്‍ പ്രതികരിച്ചു. വിജയ് ഇപ്പോള്‍ അമ്മയുടെ ചികിത്സയ്ക്കായി പോയിട്ടാണുളളതെന്നും ഈ അവസരത്തില്‍ പ്രതികരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹത്തിന്റെ വക്താവ് വ്യക്തമാക്കി. ചിത്രം പുറത്ത് വന്നതോടെ ആരാധികമാര്‍ നിരാശ പ്രകടിപ്പിച്ച് വിജയ്‌യുടെ സോഷ്യൽ മീഡിയ പോസ്റ്റുകള്‍ക്ക് താഴെ കമന്റുകളുമായെത്തി.

അതേസമയം തെലുങ്കില്‍ തന്നെ അഭിനയിക്കുന്ന ഒരു നടിയുമായി വിജയ് പ്രണയത്തിലാണെന്നാണ് ആരാധകരുടെ പക്ഷം. ഇതിനായി ഇവര്‍ തെളിവും പുറത്തുവിടുന്നുണ്ട്. ഈയടുത്ത് വിജയ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ ആണ് ആരാധകരുടെ ആയുധം.

വിജയിന്റെ ഏറ്റവും പുതിയ റൊമാന്റിക് ചിത്രമായ ‘ഗീതഗോവിന്ദം സൗത്തിന്ത്യൻ സംസ്ഥാനങ്ങളിലെല്ലാം ബ്ലോക്ബസ്റ്റർ ഹിറ്റായി കുതിച്ചു കൊണ്ടിരിക്കുന്നുണ്ട്. തമിഴ്‌നാട്ടിൽ ഉള്‍പ്പടെ ചിത്രം വമ്പിച്ച വിജയമാണ് നേടിയിരിക്കുന്നത്. ‘ഗീതഗോവിന്ദം’ നൂറുകോടി ക്ലബ്ബിലെത്തിയിരിക്കുന്നു എന്നാണ് സിനിമയെ കുറിച്ച് പുറത്തു വരുന്ന ഏറ്റവും പുതിയ വാർത്ത. ആദ്യമായാണ് വിജയ്‌ ദേവരകൊണ്ടയുടെ ഒരു ചിത്രം നൂറുകോടി ക്ലബ്ബിലെത്തുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook