അര്‍ജുന്‍ റെഡ്ഡി എന്ന ഒറ്റച്ചിത്രം കൊണ്ട് തെന്നിന്ത്യയുടെ മനംകവര്‍ന്ന സൂപ്പര്‍സ്റ്റാറാണ് വിജയ് ദേവരകൊണ്ട. വിജയ്‌യുടെ പുതിയ ചിത്രത്തിന്റെ പൂജ കഴിഞ്ഞു. ‘ഡിയര്‍ കോംറേഡ്’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് രഷ്‌മികയാണ്. തിങ്കളാഴ്‌ച രാവിലെ ഹൈദരാബാദിലായിരുന്നു പൂജ.

സംഗീത സംവിധായകന്‍ എം.എം.കീരവാണിയാണ് ആദ്യ ക്ലാപ്പ് കൊടുത്തത്. ചന്ദ്രശേഖര്‍ യെലേടി ക്യാമറ ഓണ്‍ ചെയ്‌തു. സുകുമാര്‍, കൊരടല ശിവ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ കൈമാറി. ഭരത് കമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടാഗ് ലൈന്‍ നിങ്ങള്‍ സ്‌നേഹിക്കുന്ന കാര്യത്തിനു വേണ്ടി പോരാടൂ എന്നാണ്.

‘യാഷ് മാമ, മൈത്രി മൂവീസ്, സുക്കു സര്‍, കൊരടല സര്‍, യെലേടി സര്‍, കീരവാണി ഗാരു എന്നിവരെ പൂജാ വേളയില്‍ അവിടെയെത്തിയതിന് ഞാന്‍ നന്ദി പറയുന്നു. ഒരുപാട് സ്‌നേഹം, നിങ്ങളുടെ സഖാവ്, വിജയ്,’ എന്ന് താരം തന്റെ ട്വിറ്ററില്‍ കുറിച്ചു.

ഭരത് കമ്മയുടെ ആദ്യ ചിത്രമാണ് ഡിയര്‍ കോംറേഡ്. ‘ഭരതിന് ഈ നിമിഷം എത്ര വലുതാണെന്നും, ഈ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ അദ്ദേഹം എത്ര കഷ്‌ടപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ നിറഞ്ഞ കണ്ണുകളില്‍ കാണാം,’ ഇത്രയും കഴിവുള്ള ഒരാള്‍ക്കൊപ്പം ജോലി ചെയ്യാന്‍ സാധിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും വിജയ് പറഞ്ഞു.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മെയ് മാസം റിലീസ് ചെയ്‌തിരുന്നു. ചിത്രത്തില്‍ വിജയ്‌യുടെ നായികയായി എത്തുന്ന രഷ്‌മിക തന്നെയാണ് ഗീതാ ഗോവിന്ദത്തിലും താരത്തിനൊപ്പം എത്തുന്നത്.

Read More: ‘പ്രിയ സഖാവായി’ വിജയ്‌ ദേവേരകൊണ്ട കേരളത്തില്‍

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook