വിജയ് ദേവരകൊണ്ടയുടെ ആരാധകർ മണാലിയിൽ അവധി ആഘോഷിക്കുകയാണ്. വിമാനത്തിൽ നിന്നുള്ള ആരാധകരുടെ വീഡിയോ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. ദേവരസന്ത എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ആരാധകർക്കായി താരം യാത്ര ഒരുക്കിയത്.
അഞ്ചു വർഷങ്ങൾക്കു മുൻപാണ് ദേവരസന്ത എന്ന സംഘടന വിജയ് ആരംഭിച്ചത്. എല്ലാ വർഷവും ക്രിസ്‌മസ് കാലത്ത് ആരാധകർക്കായി ഇത്തരത്തിൽ എന്തെങ്കിലും താരം ഒരുക്കാറുണ്ട്. ഇത്തവണ തന്റെ 100 ആരാധകർക്കായി സൗജന്യ മണാലി ട്രിപ്പാണ് താരം സംഘടിപ്പിച്ചത്. “രാവിലെ വിമാനത്തിൽ നിന്നുള്ള വീഡിയോ അവർ അയച്ചിരുന്നു. അവധി ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ് അവർ. രാജ്യത്തെ പല ഭാഗങ്ങളിൽ നിന്നായി നൂറു പേർ, ഞാൻ സന്തോഷവാനാണ്” വിജയ് കുറിച്ചു.
ദേവരസാന്തയുടെ ആദ്യ വർഷം ഹൈദരാബാദിലെ ജവഹർലാൽ നെഹ്രു ആർക്കിടെക്‌ച്ചർ ആൻഡ് ഫൈൻ ആർട്‌സ് യൂണിവേഴ്‌സിറ്റിൽ ആരാധകർക്കായൊരു മീറ്റ് അപ്പാണ് വിജയ് സംഘടിപ്പിച്ചത്. സോഷ്യൽ മീഡിയയിൽ തന്നെ ഫോളോ ചെയ്യുന്ന 50 ആരാധകരെ തിരഞ്ഞെടുത്ത് അവർക്കായി പ്രത്യേക സമ്മാനവും വിതരണം ചെയ്‌തു താരം. അതിന്റെ അടുത്ത വർഷം ഹാഷ്ടാക് ദേവരസന്ത എന്ന് കമന്റു ചെയ്യുന്ന 10 പേരുടെ ആഗ്രഹം സഫലീകരിച്ചു നൽകി. കഴിഞ്ഞ വർഷം 100 പേർക്ക് ക്രിസ്‌മസ് സമ്മാനമായി 10,000 രൂപ സമ്മാനിക്കുകയുമുണ്ടായി.
‘ലൈഗർ’ എന്ന പാൻ ഇന്ത്യൻ ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്. ‘ജൻ ഗൺ മൻ’ ആണ് വിജയ്‌യുടെ പുതിയ ചിത്രം. പുരി ജഗനാഥ് ആണ് ചിത്രത്തിന്റെ സംവിധായകൻ. സാമന്തയ്ക്കൊപ്പമുള്ള ‘ഖുശി’ എന്ന ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്.