മമ്മൂട്ടിയുടെ തെലുങ്ക്‌ ചിത്രം ‘യാത്ര’യില്‍ യുവ താരം വിജയ്‌ ദേവരകൊണ്ട അഭിനയിക്കും എന്ന് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ നാളെ ആരംഭിക്കാനിരിക്കെയാണ് ടോളിവുഡ് മാധ്യമങ്ങളില്‍ ഈ വാര്‍ത്ത നിറയുന്നത്.

ആന്ധ്രാപ്രദേശ്‌ മുന്‍മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയായി മമ്മൂട്ടി എത്തുന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ മകന്‍ വൈ.എസ്.ജഗന്റെ വേഷം ചെയ്യാന്‍ തമിഴ് താരം കാര്‍ത്തി എത്തുമെന്ന് നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. അതില്‍ മാറ്റം ഉണ്ട് എന്നും കാര്‍ത്തിയ്ക്ക് പകരം വിജയ്‌ ദേവരകൊണ്ടയാകും എത്തുക എന്നുമാണ് ഇപ്പോള്‍ കിട്ടുന്ന വിവരങ്ങള്‍. ഇതിനു ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല.

Read More: ‘യാത്ര’യില്‍ മമ്മൂട്ടിയുടെ മകനാകാന്‍ കാര്‍ത്തി

 

വൈഎസ്ആര്‍ നടത്തിയ ഒരു ഐതിഹാസിക യാത്രയുടെ കഥയാണ് മഹി രാഘവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഇതിവൃത്തം. 1999 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലെ വൈഎസ്ആറിന്റെ ജീവിത കഥയാണ് ‘യാത്ര’ എന്ന് പേരിട്ടിരിക്കുന്ന ബയോപിക്കിലൂടെ പറയുന്നത്. 2004ല്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ച അദ്ദേഹം നയിച്ച പദയാത്ര സിനിമയിലെ ഒരു മുഖ്യഭാഗമാണ്. 1475 കിലോമീറ്റര്‍ പദയാത്ര മൂന്നു മാസം കൊണ്ടാണ് അദ്ദേഹം പൂര്‍ത്തിയാക്കിയത്.

മുഖ്യമന്ത്രി പദവിയില്‍ രണ്ടാം തവണയും ഇരിക്കുമ്പോള്‍, 2009 സെപ്റ്റംബര്‍ 2 ന് ഹെലികോപ്റ്റര്‍ അപകടത്തിലാണ് വൈഎസ്ആര്‍ മരിച്ചത്. ആന്ധ്രപ്രദേശ് രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ ആധിപത്യം ഉറപ്പിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചത് വൈഎസ്ആര്‍ ആണ്.

30 കോടി ബജറ്റിലൊരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് വിജയ് ചില്ലയാണ്. ‘സ്വാതികിരണം’, ‘സൂര്യപുത്രഡു’, ‘റെയില്‍വേക്കൂലി’ എന്നിവയാണ് മമ്മൂട്ടി ഇതിനു മുമ്പ് തെലുങ്കില്‍ അഭിനയിച്ച ചിത്രങ്ങള്‍.

തീര്‍ന്നില്ല ‘യാത്ര’യുടെ പ്രത്യേകതകള്‍. വര്‍ഷങ്ങള്‍ക്കു ശേഷം പ്രേക്ഷകരുടെ ഇഷ്ട ജോഡികളായ മമ്മൂട്ടിയും സുഹാസിനിയും ഒരു സിനിമയ്ക്കു വേണ്ടി ഒന്നിക്കുകയാണ്. മമ്മൂട്ടി വൈഎസ്ആര്‍ ആകുമ്പോള്‍, സുഹാസിനി ആന്ധ്രാ പ്രദേശിലെ ആദ്യ വനിതാ ആഭ്യന്തര മന്ത്രിയായിരുന്ന സബിത ഇന്ദ്ര റെഡ്ഡിയുടെ കഥാപാത്രത്തെയാകും കൈകാര്യം ചെയ്യുക.

Read More: ഇഷ്ടതാരങ്ങള്‍ വീണ്ടും ഒന്നിക്കുമോ?

വൈ.എസ്.രാജശേഖര റെഡ്ഡിയുടെ ഏക മകനും വൈഎസ്ആർസിപി പാർട്ടി ഫൗണ്ടറുമായ ജഗൻ മോഹൻ റെഡ്ഡിയുടെ പിറന്നാൾ ദിനത്തിലാണ് ‘യാത്ര’യുടെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ചിത്രത്തില്‍ അദ്ദേഹത്തിന്റെ അച്ഛനായി എത്തുന്നത് പുലിമുരുകനിലൂടെ മലയാളത്തിലെത്തിയ സൂപ്പര്‍ വില്ലന്‍ ജഗപതി ബാബുവാണ്.

‘ഗീതഗോവിന്ദം’ എന്ന സൂപ്പര്‍ഹിറ്റ്‌ ചിത്രത്തിന് ശേഷം വിജയ്‌ ദേവരകൊണ്ടയുടെ അടുത്ത ചിത്രം പൊളിറ്റിക്കല്‍ ത്രില്ലര്‍ ആയ ‘നോട്ട’യാണ്. ഈ ചിത്രത്തിലൂടെ തമിഴകത്തിലേക്കും എത്തുകയാണ് ചുരുങ്ങിയ കാലം കൊണ്ട് യുവതയുടെ ഹരമായി മാറിയ വിജയ്‌ ദേവരകൊണ്ട.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook