അര്‍ജുന്‍ റെഡ്ഡി എന്ന ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യയൊട്ടാകെ അറിയപ്പെട്ട നടനാണ് വിജയ് ദേവരകൊണ്ട. അര്‍ജുന്‍ റെഡ്ഢി ബോളിവുഡിലേക്ക് റീമേക്ക് ചെയ്യപ്പെട്ടതോടെ അദ്ദേഹത്തിന്റെ ജനപ്രീതി ബോളിവുഡും കടന്നു. എന്നാല്‍ ചിത്രത്തിന്റെ ഹിന്ദി പതിപ്പായ ‘കബീര്‍ സിങ്’ കാണില്ലെന്നാണ് വിജയ് പറയുന്നത്.
തന്റെ പുതിയ ചിത്രമായ ‘ഡിയര്‍ കോമ്രേഡ്’ എന്ന ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഷാഹിദ് ആ ചിത്രം ചെയ്തു. കഥാപാത്രത്തിലൂടെ അദ്ദേഹം സഞ്ചരിച്ചു. അതിന് ആ ചിത്രം ഞാന്‍ വീണ്ടും കാണേണ്ടതില്ല. എനിക്ക് അതിന്റെ കഥ അറിയാം. ഞാന്‍ ആ ഫിലിം ചെയ്തതാണ്. പിന്നെ എന്തിന് ആ ചിത്രം ഞാന്‍ വീണ്ടും കാണണം?’ വിജയ് ചോദിച്ചു.

വിമര്‍ശനങ്ങള്‍ക്കിടയിലും ബോക്‌സ്ഓഫീസില്‍ പണം വാരുന്ന കബീര്‍ സിങ് ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ പണം വാരിയ ബോളിവുഡ് ചിത്രമായി. 260 കോടിയിലധികമാണ് ചിത്രം ഇതുവരെ നേടിയത്. ഷാഹിദ് കപൂറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായാണ് കബീര്‍സിങിനെ കണക്കാക്കുന്നത്. ഇതോടെ ഷാഹിദ് പ്രതിഫലം ഉയര്‍ത്തുകയും ചെയ്തതായാണ് വിവരം.

Read More: അര്‍ജുന്‍ റെഡ്ഡിയുടെ സ്ത്രീ വിരുദ്ധത കൈയോടെ പിടികൂടി ബോളിവുഡ്; ദക്ഷിണേന്ത്യ തലോടിയ ചിത്രത്തിന് ഹിന്ദിയില്‍ തല്ല്

35 കോടിയാണ് ഷാഹിദ് അടുത്ത സിനിമക്കായി വാങ്ങുന്നതെന്നും പറയപ്പെടുന്നു. സംഭവം ശരിയാണെങ്കില്‍ ബോളിവുഡിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമാവും ഷാഹിദ് കപൂര്‍. ചിത്രം ഇതിനകം തന്നെ 260 കോടി പിന്നിട്ടു. സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത ചിത്രത്തിനെതിരെ വിമര്‍ശനവും ഒരു ഭാഗത്തുണ്ട്.
ആണത്തത്തിന്റെ ആഘോഷവും സ്ത്രീ വിരുദ്ധതയുമാണ് ചിത്രം പ്രചരിപ്പിക്കുന്നതെന്നാണ് വിമര്‍ശം. തെലുങ്ക് ചിത്രമായ അർജുൻ റെഡ്ഡിയുടെ ഹിന്ദി പതിപ്പാണ് കബീര്‍ സിങ്. കിയാര അദ്വാനിയാണ് സിനിമയിൽ നായിക. എം.ബി.ബി.എസ് വിദ്യാർഥികളുടെ ജീവിതവും പ്രണയവും വേർപിരിയലുമെല്ലാം കബീർ സിങിൽ ദൃശ്യവത്ക്കരിക്കുന്നു.

അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പില്‍ നടന്‍ വിക്രമിന്റെ മകന്‍ ധ്രുവ് വിക്രമാണ് നായകനായി എത്തുന്നത്. ധ്രുവിന്റെ അരങ്ങേറ്റ ചിത്രമാണിത്. വര്‍മ്മ എന്ന പേരിലാണ് ചിത്രം തമിഴില്‍ ഒരുങ്ങുന്നത്. ഒരിക്കല്‍ ചിത്രീകരണം പൂര്‍ത്തിയായെങ്കിലും നിര്‍മ്മാതാക്കള്‍ അതൃപ്തി പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ചിത്രം വീണ്ടും ചിത്രീകരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook