നിരവധി ആരാധികമാരുള്ള ‘മോസ്റ്റ് എലിജിബിൾ’ ബാച്ച്‌ലറാണ് തെന്നിന്ത്യൻ താരം വിജയ് ദേവേരകൊണ്ട. വിജയിനെ കുറിച്ച് ബോളിവുഡിന്റെ പ്രിയ നടിയും സെയ്ഫ് അലി ഖാന്റെ മകളുമായ സാറ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്. വിജയ് ദേവേരകൊണ്ടയുമായി ഡേറ്റ് ചെയ്യാന്‍ താത്പര്യമുണ്ടെന്നാണ് സാറ തുറന്നു പറഞ്ഞിരിക്കുന്നത്. കോഫി വിത്ത് കരണ്‍ ചാറ്റ് ഷോയില്‍ പങ്കെടുക്കുന്നതിനിടെ ആയിരുന്നു സാറയുടെ തുറന്നുപറച്ചിൽ.
സിനിമ മേഖലയില്‍ ആരുടെയൊപ്പം ഡേറ്റ് ചെയ്യാനാണ് താത്പര്യം എന്നായിരുന്നു കരണ്‍ ജോഹറിന്റെ ചോദ്യം. ഇതിന് ഉത്തരം നല്‍കുകയായിരുന്നു സാറ അലി ഖാൻ.
സാറയുടെ തുറന്നുപറച്ചിലിന് പിന്നാലെ രസകരമായ മറുപടിയുമായി വിജയ് ദേവേരകൊണ്ടയുമെത്തി. പരിപാടിയുടെ പ്രോമോ വീഡിയോ ഷെയർ ചെയ്ത വിജയ്, ‘നിങ്ങൾ ദേവേരകൊണ്ട എന്നു പറയുന്നത് കേൾക്കാൻ നല്ല ക്യൂട്ടാണ്. എന്റെ സ്നേഹാലിംഗനങ്ങൾ,” എന്ന് സാറയ്ക്ക് മറുപടി നൽകി.

ജാന്‍വി കപൂറിന് ഒപ്പമാണ് സാറ കോഫി വിത്ത് കരണ്‍ ചാറ്റ് ഷോയില്‍ പങ്കെടുത്തത്.
വിജയ് ദേവേരകൊണ്ടയുടെ ആദ്യ ബോളിവുഡ് ചിത്രമായ ലിഗര്‍ പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. അതേസമയം, ഗ്യാസ് ലൈറ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് സാറ.