മരണശേഷം തന്റെ അവയവങ്ങളെല്ലാം ദാനം ചെയ്യുമെന്ന് തെലുങ്ക് താരം വിജയ് ദേവരകൊണ്ട. താനും അമ്മയും അവയവങ്ങൾ ദാനം ചെയ്യാൻ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വിജയ് കൂട്ടിച്ചേർത്തു. അവയവദാനത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു താരം.
“എന്റെ എല്ലാ അവയവങ്ങളും ദാനം ചെയ്യുമെന്ന് ഞാൻ കരുതുന്നു. എനിക്ക് ശേഷം ഒരാളുടെ ഭാഗമാകാനും അവരുടെ ജീവിതത്തിൽ അവരെ സഹായിക്കാനും ഞാൻ ആഗ്രഹിക്കുന്നു. മരണത്തോടെ എന്റെ അവയവങ്ങൾ പാഴാക്കി കളയുന്നതിൽ ഞാൻ ഒരു അർത്ഥവും കാണുന്നില്ല. ഞാൻ ആരോഗ്യവാനായിരിക്കുകയും എന്നെത്തന്നെ ആരോഗ്യത്തോടെ നിലനിർത്തുകയും ചെയ്യുന്നു. ഞാനും അമ്മയും ഞങ്ങളുടെ അവയവങ്ങൾ ദാനം ചെയ്യാൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിങ്ങളുടെ നല്ല മനസ്സുമൂലം, നിങ്ങൾ മറ്റുള്ളവരിലൂടെ ജീവിക്കുന്നത് വളരെ മനോഹരമായൊരു കാര്യമല്ലേ. അവയവദാനം എന്ന ആശയത്തെ പ്രോത്സാഹിപ്പിക്കുന്ന എല്ലാവരും അഭിനന്ദനമർഹിക്കുന്നു,” വിജയ് പറയുന്നു.
“ധാരാളം ശസ്ത്രക്രിയകൾ ഇവിടെ സംഭവിക്കുന്നത് ദാതാക്കൾ ഉണ്ടായതുകൊണ്ടുമാത്രമാണെന്ന് ഡോക്ടർമാർ എന്നോട് പറഞ്ഞു. സഹജീവികൾക്ക് വേണ്ടി വൈകാരികമായി സംഭാവന ചെയ്യുന്ന നിരവധി ആളുകൾ ഉണ്ടെന്നത് അവിശ്വസനീയമാണ്. അതൊരു മനോഹരമായ കാര്യമാണ്,” താരം കൂട്ടിച്ചേർത്തു.
‘ലിഗർ’ ആണ് ഒടുവിൽ തിയേറ്ററുകളിലെത്തിയ വിജയ് ചിത്രം. പുരി ജഗന്നാഥ് സംവിധാനം ചെയ്ത ചിത്രം ബോക്സോഫീസിൽ പരാജയപ്പെട്ടിരുന്നു, ഇത് നടനും സംവിധായകനും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾക്ക് കാരണമാവുകയും ചെയ്തിരുന്നു. സംവിധായകൻ ശിവ നിർവാണയുടെ ‘കുഷി’ ആണ് വിജയ് ദേവരകൊണ്ടയുടെ പുതിയ ചിത്രം, സാമന്തയും ഇതിൽ അഭിനയിക്കുന്നുണ്ട്.