തെലുങ്ക് താരം വിജയ് ദേവരകൊണ്ട തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം ‘നോട്ട’ ഇന്ന് തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ആദ്യ പകുതി കഴിയുമ്പോള്‍ ചിത്രത്തെക്കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് പുറത്തു വരുന്നത്. തമിഴ്‌നാട് രാഷ്ട്രീയവും, ചെന്നൈ പ്രളയവുമായി സാമ്യമുള്ള കഥാരംഗങ്ങളും ഡയലോഗുകളും ചിത്രത്തിലുണ്ടെന്നും ഇത് തിയേറ്ററുകളില്‍ വലിയ കൈയ്യടികള്‍ക്ക് കാരണമാക്കുന്നുണ്ടെന്നും ട്വീറ്റുകള്‍ സൂചിപ്പിക്കുന്നു.

പൊളിറ്റിക്കല്‍ ഡ്രാമ ഴോണറില്‍ വരുന്ന ചിത്രമാണ് ‘നോട്ട’. സത്യരാജ്, നാസര്‍, സഞ്ജന നടരാജന്‍ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം മികച്ചൊരു ആക്ഷേപഹാസ്യമാണ് മുന്നോട്ടുവയ്ക്കുന്നതെന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുമ്പോള്‍, വിജയ് ദേവരകൊണ്ടയെ സംവിധായകന്‍ ഒട്ടും ഉപയോഗപ്പെടുത്തിയിട്ടില്ലെന്നും ‘നോട്ട’ തീര്‍ത്തും നിരാശയാണ് നല്‍കിയതെന്നും മറ്റൊരു വിഭാഗം പറയുന്നു.

ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് കെ.ഇ ജ്ഞാനവേല്‍രാജയാണ്. മലയാളിയായ സാം സിഎസ് ആണ് ചിത്രത്തിന്റെ സംഗീതം. സന്താനകൃഷ്ണനും രവിചന്ദ്രനും ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നു.

തെന്നിന്ത്യ മുഴുവന്‍ തരംഗമായ അര്‍ജുന്‍ റെഡ്ഡിയാണ് വിജയ് ദേവരക്കൊണ്ടയെ താരമാക്കിയത്. 2011 ല്‍ സിനിമയില്‍ അരങ്ങേറിയ വിജയ് ചുരുങ്ങിയ കാലത്തിനിടയില്‍ വലിയ ആരാധകരുള്ള നടനായി വളര്‍ന്നു. വിജയ് നായകനായ ‘ഗീതാഗോവിന്ദം’ വന്‍ വിജയം നേടി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ