തെലുങ്കിന്റെ പ്രിയപ്പെട്ട യുവതാരമാണ് വിജയ്‌ ദേവരകൊണ്ട. 2011-ൽ പുറത്തിറങ്ങിയ ‘നുവിള്ള’ എന്ന ചിത്രത്തിലൂടെ സ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ച താരത്തിന്റെ ആദ്യത്തെ വലിയ ഹിറ്റ് ലഭിച്ചത് 2016-ൽ പുറത്തിറങ്ങിയ ‘പീലി ചോപ്പുലു’ എന്ന ചിത്രത്തിലൂടെയാണ്. വിജയ്‌ നായകനായ ‘ഗീതഗോവിന്ദ’മാണ് തെലുഗു സിനിമയിലെ കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റ്. ‘ടാക്സിവാലാ’ എന്ന ഹൊറർ കോമെഡിയാണ് അദ്ദേഹത്തെ ഏറ്റവും പുതിയ സിനിമ.

സിനിമാ കുടുംബങ്ങള്‍ കൊടികുത്തി വാഴുന്ന തെലുങ്ക്‌ സിനിമാ മേഖലയില്‍ ചുരുങ്ങിയ കാലം കൊണ്ട് തന്റെ വ്യക്തിമുദ്ര പതിപ്പിച്ച വിജയ്‌ ദേവരകൊണ്ട അടുത്തിടെ പുറത്തിറങ്ങിയ ഫോര്‍ബ്സ് മാഗസിന്റെ 30 അണ്ടര്‍ 30 എന്ന ലിസ്റ്റിലും ഇടം പിടിച്ചിട്ടുണ്ട്.  മുപ്പത് വയസ്സിനു താഴെയുള്ള, വലിയ വിജയം കണ്ട വിവധ തുറകളിലുള്ള പ്രഗല്ഭരെ ഉള്‍ക്കൊള്ളിച്ചുള്ള ഒരു തെരഞ്ഞെടുപ്പാണ് ’30 അണ്ടര്‍ 30′.

 

ഈ സന്തോഷ അവസരത്തില്‍ തന്റെ സ്വകാര്യ ജീവിതത്തില്‍ നിന്നുള്ള ഒരേട്‌ ആരാധകര്‍ക്കായി വിജയ്‌ പങ്കുവെയ്ക്കുകയുണ്ടായി. തൻ്റെ ബാങ്ക് അക്കൗണ്ടിൽ മിനിമം ബാലൻസ് നിലനിർത്താനായി കഷ്ടപ്പെട്ട നാളുകൾ അദ്ദേഹം ഓർത്തെടുക്കുകയായിരുന്നു. എന്നാൽ, കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടയിൽ അദ്ദേഹത്തിൻ്റെ കാര്യങ്ങൾ നാടകീയമായി മാറിയിരിക്കുന്നു, ഇന്ന് സിനിമാലോകത്തെ അവഗണിക്കാനാകാത്തൊരു ശക്തിയാണ് അദ്ദേഹം.

“എനിക്കന്ന് 25 വയസ്സ്. അഞ്ഞൂറ് രൂപ മിനിമം ബാലൻസ് ഇല്ലാത്തത് കാരണം ആന്ധ്ര ബാങ്ക് എൻ്റെ അക്കൗണ്ട് മരവിപ്പിച്ചു,” അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.” മുപ്പത് വയസിനു മുൻപ് ‘സെറ്റിൽ’ ആകാൻ അച്ഛന്‍ പറഞ്ഞു.  നിന്റെ ചെറുപ്പത്തില്‍, അച്ഛനമ്മമാർ ആരോഗ്യത്തോടെ ഇരിക്കുമ്പോൾ, വിജയം ആഘോഷിക്കാം. നാല് വർഷങ്ങൾക്ക് ശേഷം- ഫോർബ്സ് (മാസികയുടെ)സെലിബ്രിറ്റി 100, ഫോർബ്സ് 30 അണ്ടർ 30,” വിജയ്‌ ദേവരകൊണ്ട തുടർന്നു എഴുതി.

 

ഭാരത് കമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അദ്ദേഹം ഇപ്പോള്‍ അഭിനയിക്കുന്നത്. സംവിധായകൻ ക്രാന്തി മാധവനോടൊപ്പം ഒരു സിനിമയും, മൈത്രി മൂവി മേക്കേഴ്സിന്റെ അടുത്ത സിനിമയായ ‘ഹീറോ’യുമാണ് തുടർന്ന് വരാനിരിക്കുന്ന വിജയ്‌ ദേവരകൊണ്ട ചിത്രങ്ങള്‍. ഡ്രീം വാറിയറുമായി ചേർന്ന് ഒരു ദ്വിഭാഷാ ചിത്രത്തെപ്പറ്റിയും ചർച്ചകൾ നടക്കുന്നുണ്ട്.

‘പീലി ചോപ്പുലു’ എന്ന ചിത്രത്തിന്റെ സംവിധായകൻ തരുൺ ഭാസ്കർ പ്രധാന വേഷത്തിലെത്തുന്ന പേരിടാത്ത ചിത്രം വഴി സിനിമ നിർമാണ മേഖലയിലേക്കും കടക്കുകയാണ് ഈ യുവതാരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook