ഒടുവിൽ വിജയ് ദേവേരകൊണ്ട ആ സർപ്രൈസ് ആരാധകരുമായി പങ്കുവച്ചിരിക്കുന്നു. ഞാനും ദുൽഖറും ചേർന്നൊരു സർപ്രൈസ് ആരാധകർക്കായി സമ്മാനിക്കാൻ ഒരുങ്ങുന്നു എന്ന് വിജയ് ദേവേരകൊണ്ടയുടെ ട്വിറ്റർ പോസ്റ്റ് വന്നതു മുതൽ അതെന്തായിരിക്കുമെന്ന ആകാംക്ഷയിലായിരുന്നു ആരാധകർ. ദേവേരകൊണ്ടയും ദുൽഖറും ഒന്നിക്കുന്ന ചിത്രമാവും ആ സർപ്രൈസ് എന്നും ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, ഇരുവരും ഒന്നിച്ചൊരു സിനിമയല്ല. വിജയ് ദേവേരകൊണ്ടയ്ക്കു വേണ്ടി ദുൽഖർ പാടുന്ന പാട്ടാണ് ആ സർപ്രൈസ്.

വിജയ് ദേവേരകൊണ്ടയും രശ്മിക മന്ദാനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഡിയർ കോമ്രേഡ്’ എന്ന ചിത്രത്തിനു വേണ്ടിയാണ് ദുൽഖറിന്റെ പാട്ട്. ദുൽഖർ മാത്രമല്ല, തമിഴിൽ നിന്നും വിജയ് സേതുപതിയുമുണ്ട് കൂട്ടിന്. ചിത്രത്തിന്റെ മലയാളം പതിപ്പിനു വേണ്ടി ദുൽഖർ പാടിയപ്പോൾ തമിഴ് പതിപ്പിനു വേണ്ടിയാണ് വിജയ് സേതുപതിയുടെ പാട്ട്. തെലുങ്ക് പതിപ്പിനു വേണ്ടി പാടിയിരിക്കുന്നത് വിജയ് ദേവേരകൊണ്ട തന്നെയാണ്. ജസ്റ്റിൻ പ്രഭാകരനാണ് കോമ്രേഡ് ആന്തത്തിനു സംഗീതം നിർവ്വഹിച്ചിരിക്കുന്നത്.

മൈത്രി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യെർനേനി, വൈ. രവിശങ്കർ, മോഹൻ (cvm), യഷ് രങ്കിനേനി എന്നിവർ നിർമ്മിച്ച് ഭരത് കമ്മ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഡിയർ കോമ്രേഡ്’. മലയാളിയായ ശ്രുതി രാമചന്ദ്രനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ജസ്റ്റിൻ പ്രഭാകരനാണ് സംഗീത സംവിധാനം. E4 എന്റെർറ്റൈന്മെന്റ്സ് ആണ് കേരളത്തിലേക്കുള്ള വിതരണാവകാശം എടുത്തിരിക്കുന്നത്.
ജൂലൈ 26ന് ചിത്രം വേൾഡ് വൈഡ് റിലീസിനെത്തും.

ഡിയർ കോമ്രേഡ് തെലുങ്ക്, കന്നട, മലയാളം, തമിഴ് എന്നീ ഭാഷകളിൽ പുറത്തിറങ്ങും. 2018 മെയ് മാസത്തില്‍ അനൗണ്‍സ് ചെയ്യപ്പെട്ടതിന് പിന്നാലെ ഇത് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ അമല്‍ നീരദ് ചിത്രം ‘സിഐഎ കോമ്രേഡ് ഇന്‍ അമേരിക്ക’യുടെ റീമേക്കാണ് എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ സംവിധായകന്‍ ഭരത് കമ്മ ഇത് തള്ളി രംഗത്ത് വന്നു. പ്രണയവും രാഷ്ട്രീയവുമെല്ലാം വിഷയമാകുന്ന ചിത്രമാണ് ‘ഡിയർ കോമ്രേഡ്’.

Read more: അയാളും ഞാനും തമ്മില്‍: വിജയ് ദേവേരകൊണ്ട പറയുന്നു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook