പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങാകാന്‍ തെലുങ്ക് നടന്‍ വിജയ് ദേവരകൊണ്ടയും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു ലക്ഷം രൂപ ധനസഹായം നല്‍കിയതായി ദേവരകൊണ്ട പ്രഖ്യാപിച്ചു. തന്റെ ആരാധകരോടും കേരളത്തിനൊപ്പം നില്‍ക്കണമെന്നു ദേവരകൊണ്ട ആവശ്യപ്പെട്ടു.

‘കേരളം മഴക്കെടുതിയിലും വെള്ളപ്പൊക്കത്തിലും ബുദ്ധിമുട്ടുകയാണെന്നും അവസ്ഥ മോശമാണെന്നും കേള്‍ക്കുന്നു. എന്റെ ആദ്യ അവധിക്കാലം ഞാന്‍ ചെലവിട്ടത് കേരളത്തില്‍ ആയിരുന്നു. എന്റെ സിനിമകള്‍ക്ക് ഒരുപാട് സ്‌നേഹവും പിന്തുണയും കേരളീയര്‍ നല്‍കിയിട്ടുണ്ട്. എനിക്കറിയാവുന്ന ഒരുപാട് നല്ല മനുഷ്യര്‍ അവിടെയുണ്ട്. ഓരോരുത്തരേയും എങ്ങനെ വ്യക്തിപരമായി ബന്ധപ്പെടണം എന്നെനിക്കറിയില്ല. പക്ഷെ ഞാന്‍ നിങ്ങളെക്കുറിച്ച് ചിന്തിക്കുന്നുണ്ട്,’ വിജയ് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.

തമിഴ് നാട്ടിലെ താരങ്ങളുടെ സംഘടനയായ നടികര്‍ സംഘവും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ദുരിതാശ്വാസ ഫണ്ടിലേക്ക് ആദ്യഘട്ടമായി അഞ്ചു ലക്ഷം നല്‍കുമെന്നും നടികര്‍ സംഘം അറിയിച്ചു.

Read More: മഴക്കെടുതി : കേരളത്തിന് ഉലകനായകന്‍ കമല്‍ഹാസന്റെ സഹായം

കമല്‍ ഹാസനും വിജയ് ടിവിയും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. ഒപ്പം കാര്‍ത്തിയും സൂര്യയും ചേര്‍ന്നും 25 ലക്ഷം നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സൂര്യയുടെ നിര്‍മാണ കമ്പനിയായ 2ഡി എന്റര്‍ടെയ്ന്‍മെന്റിന്റെ കോ പ്രൊഡ്യൂസറും സംവിധായകനുമായ രാജശേഖര്‍ പാണ്ഡ്യന്‍ ആണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.

Read More: കേരളത്തിന് സഹായഹസ്‌തവുമായി സൂര്യയും കാർത്തിയും

കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത വലിയ ദുരിതമാണ് അഭിമുഖീകരിക്കുന്നത്. തകര്‍ന്ന പ്രദേശങ്ങളെ പുനര്‍നിര്‍മ്മിക്കുക ഏറ്റവും വെല്ലുവിളി നിറഞ്ഞ ഉത്തരവാദിത്തമാണ്. കേരള ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നല്‍കിക്കൊണ്ടായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെയാണ് സിനിമാ- ടെലിവിഷന്‍ രംഗത്ത് നിന്നും സഹായങ്ങള്‍ എത്തിച്ചേരുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook