ദക്ഷിണേന്ത്യൻ സിനിമയിൽ യുവാക്കളുടെ പ്രിയപ്പെട്ട ഹീറോയായി മാറാൻ വിജയ് ദേവരകൊണ്ടയ്ക്ക് മൂന്നേ മൂന്നു ചിത്രങ്ങൾ മതിയായിരുന്നു. ഇന്ന് ലക്ഷക്കണക്കിനു വരുന്ന യുവാക്കളുടെ പ്രിയപ്പെട്ട നായകനാണ് വിജയ് ദേവരകൊണ്ട. സൈബർ അധിക്ഷേപങ്ങളിൽ നിന്നും വാക്കുതർക്കങ്ങളിൽ നിന്നും വിട്ടുനിൽക്കണമെന്ന് തന്റെ ആരാധകരോട് സ്നേഹത്തോടെ ആവശ്യപ്പെടുന്ന വിജയ് ദേവരകൊണ്ടയുടെ ട്വീറ്റ് ശ്രദ്ധ നേടുകയാണ്.

“നമ്മളെല്ലാവരും ചെറുപ്പമാണ്, നമുക്ക് ഒന്നിച്ചു മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും. നമ്മൾ വളരുന്നതിനൊപ്പം നമ്മുടേതായ നിലപാടുകളും സ്വീകരിക്കേണ്ടതുണ്ട്,” എന്ന മുഖവുരയോടെയാണ് വിജയ് ആരാധകർക്കുള്ള കത്ത് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

“നമ്മളാണ് മാറ്റത്തിന് കാരണമാകേണ്ടത്- സിനിമയിൽ ആയാലും ജീവിതരീതിയിൽ ആയാലും നമ്മുടെ റൗഡി കൾച്ചറായാലും, നമുക്കു നമ്മോടു തന്നെയുള്ള മനോഭാവത്തിലായാലും മാറ്റം നമ്മളിൽ നിന്നും തുടങ്ങണം. സോഷ്യൽ മീഡിയയിൽ പോസിറ്റിവിറ്റി നിറയ്ക്കാൻ നമ്മൾ​ ശ്രമിക്കേണ്ട സമയമാണിത്.

സ്നേഹം കൊണ്ട് നിങ്ങളിൽ പലരും എന്റെ ചിത്രം ഡിപി ആയി ഇടുന്നു, പക്ഷേ ആ ഫോട്ടോകളുടെ മറവിൽ നിങ്ങൾ പലരുമായും വാക്കുകൾ കൊണ്ട് യുദ്ധത്തിലേർപ്പെടുന്നത് ഞാൻ കാണുന്നു. ഞാനൊരിക്കലും അതു ചെയ്യില്ല, അതുകൊണ്ട് ദയവായി നിങ്ങളും ചെയ്യാതിരിക്കുക. എനിക്കറിയാം ഇത് ദുഷ്കരമാണെന്ന്. പക്ഷേ ഇതുവരെ ഞാനെനിക്കു വേണ്ടിയും എന്റെ ജീവിതത്തിനു വേണ്ടിയുമാണ് ജീവിച്ചത്. മറ്റുള്ളവരെ കുറിച്ചോർത്ത് വിഷമിക്കുകയോ അവരെ ശല്യപ്പെടുത്തുകയോ ചെയ്യേണ്ടതില്ല. ജീവിക്കൂ, മറ്റുള്ളവരെ ജീവിക്കാൻ അനുവദിക്കൂ.

നിങ്ങൾക്കാരോടെങ്കിലും ദേഷ്യമുണ്ടെങ്കിൽ അവർക്കും നന്മ നേരൂ, അത് സന്തോഷം പകരും. നിങ്ങൾ വിഷമിക്കേണ്ട​ ആവശ്യമില്ല. ഞാനെപ്പോഴും നിങ്ങൾക്ക് നല്ല സിനിമകൾ തരും. നല്ല വസ്ത്രങ്ങൾ തരും, അതിൽ കൂടുതലും. ഓൺലൈൻ അധിക്ഷേപങ്ങളും സൈബർ ആക്രമങ്ങളും കാണാൻ ഞാനാഗ്രഹിക്കുന്നില്ല. സന്തോഷത്തോടെയും സ്നേഹത്തോടെയും ഇരിക്കൂ,” ആരാധകർക്കായി വിജയ് ദേവരകൊണ്ട കുറിക്കുന്നു.

‘ഗീതാഗോവിന്ദ’ത്തിലൂടെ ‘നൂറുകോടി ക്ലബ്ബി’ൽ ഇടം നേടിയ വിജയ് ദേവരകൊണ്ട ‘നോട്ട’ എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിക്കുകയാണ്. ചിത്രം ഒക്ടോബർ നാലിനു തിയേറ്ററുകളിലെത്തും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook