‘ഡിയര്‍ കോംറേഡ്’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിനായി കേരളത്തിലെത്തിയതായിരുന്നു വിജയ് ദേവരകൊണ്ട. അതിരപ്പള്ളിയില്‍ പോയി ഒരു കിടിലം ചിത്രവുമെടുത്ത് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത് വിജയ് ദേവരകൊണ്ട മലയാളികളോട് ചോദിക്കുന്നു ‘കേരളമേ, സുഖമാണോ’ എന്ന്. മലയാളത്തിലാണ് വിജയ് ചോദിക്കുന്നത്. വളരെ രസകരമായ മറുപടികളും ഇതിന് കീഴെ വരുന്നുണ്ട്.

അതിരപ്പള്ളിയില്‍ നിന്നും തന്റെ ചിത്രം എടുത്തു കൊടുത്തിരിക്കുന്നത് സിനിമയിലെ നായികയായ രശ്മിക മന്ദാനയാണെന്നും വിജയ് പറയുന്നുണ്ട്. അതിരപ്പള്ളി, വാഴച്ചാല്‍ എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. കേരളത്തിലെ ഷെഡ്യൂള്‍ പൂര്‍ത്തിയായി.

മലയാളം ഉള്‍പ്പടെ നാല് ഭാഷകളിലാണ് ‘ഡിയര്‍ കോംറേഡ്’ നിര്‍മ്മിക്കപ്പെടുന്നത്. ധീരജ് പോട്ടെയാണ് സംവിധായകന്‍. വിജയ്ദേവേരകൊണ്ട, രശ്മിക മന്ദാന എന്നിവര്‍ക്കൊപ്പം മലയാളം ചലച്ചിത്ര താരം ശ്രുതി രാമചന്ദ്രനും മുഖ്യവേഷത്തില്‍ എത്തുന്നുണ്ട്. വിജയ്ദേവേരകൊണ്ട കോംറേഡ് ചാര്‍ളി എന്ന കഥാപാത്രമായി എത്തുന്ന ചിത്രം ദുല്‍ഖര്‍ സല്‍മാന്‍ നായകനായ അമല്‍ നീരദ് ചിത്രം സി ഐ എയുടെ റീമേക്ക് ആണ് എന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ‘ഡിയര്‍ കോംറേഡി’ന് സി ഐ എയുമായി ബന്ധമൊന്നുമില്ല എന്ന് സംവിധായകന്‍ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി.

കേരളത്തിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ലേ, ഹൈദരാബാദ്, കാക്കിനാട തുടങ്ങിയ സ്ഥലങ്ങളില്‍ ആവും ബാക്കി ചിത്രീകരണം നടക്കുക. മെയ് 31ന് ‘ഡിയര്‍ കോംറേഡ്’ റിലീസ് ചെയ്യും.

ചുരുങ്ങിയ കാലം കൊണ്ട് തന്നെ ‘പീലി ചൂപ്പുലു’, ‘അര്‍ജ്ജുന്‍ റെഡ്ഡി’, ‘മഹാനടി’, ‘ഗീതഗോവിന്ദം’ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സു കവര്‍ന്ന നടനാണ് വിജയ് ദേവേരകൊണ്ട. കേരളത്തിലടക്കം ആരാധകരെ സൃഷ്ടിക്കാന്‍ തന്റെ ആദ്യ വിജയ ചിത്രമായ ‘അര്‍ജുന്‍ റെഡ്ഡി’യിലൂടെ വിജയ്ക്ക് സാധിച്ചിരുന്നു. വന്‍ ഹിറ്റായിരുന്ന ചിത്രം 515 മില്യണ്‍ രൂപയാണ് വാരിക്കൂട്ടിയത്. ഇതിന് പിന്നാലെയാണ് 28കാരനായ താരത്തിന് അവസരങ്ങള്‍ കൂടിയത്.

Read More: ‘പ്രിയ സഖാവായി’ വിജയ്‌ ദേവേരകൊണ്ട കേരളത്തില്‍

‘ഗീതഗോവിന്ദം’ നായിക രശ്മിക തന്നെയാണ് ‘ഡിയര്‍ കോംറേഡിലും’ നായിക. രശ്മികയും വിജയും തമ്മിലുള്ള കെമിസ്ട്രി ഈ പ്രണയചിത്രത്തെ വന്‍വിജയമാക്കാന്‍ സഹായിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യമായി നൂറുകോടി ക്ലബ്ബിലെത്തിയ വിജയ് ദേവേരകൊണ്ട ചിത്രമാണ് ‘ഗീതഗോവിന്ദം’.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook