അര്ജുന് റെഡ്ഢി എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയങ്ങളില്‍ സ്ഥാനം നേടിയ വിജയ് ദേവരകൊണ്ട സഖാവ് ആകുന്നു. ഭാരത് കമ്മ സംവിധാനം ചെയ്യുന്ന ‘ഡിയര്‍ കോമ്രേഡ്’ എന്ന ചിത്രത്തിലാണ് വിജയ് അഭിനയിക്കുന്നത്. ജൂണിലാണ് ചിത്രീകരണം ആരംഭിക്കുക. മലയാളത്തില്‍ അമല്‍ നീരദ് അണിയിച്ചൊരുക്കിയ കോമ്രേഡ് ഇന്‍ അമേരിക്ക / സിഐഎ എന്ന ചിത്രത്തിന്റെ റിമേക്കാണ് തെലുഗില്‍ ഒരുങ്ങുന്നതെന്നാണ് വിവരം.
കോട്ടയത്തെ രാഷ്ട്രീയമാണ് മലയാള ചിത്രത്തിന്റെ കഥാപശ്ചാത്തലം. കേരള കോണ്‍ഗ്രസ് അനുഭാവിയായ അപ്പന്റെ മകനാണ് ചിത്രത്തില്‍ ദുല്‍ഖര്‍ അവതരിപ്പിക്കുന്ന അജി എന്ന കഥാപാത്രം. അജി കമ്മ്യൂണിസ്റ്റ്കാരനാണ്. അജിയുടെ ഉറ്റ സുഹൃത്താണ് സഖാവ് ജോമോന്. ജോമോനായി സൗബിന് എത്തുന്നു. കെ.എം മാണിയുടെ ബാര്‍ കോഴയില്‍ തുടങ്ങിയ സിനിമ പിന്നീട് അജിയുടെ കോളേജിലേക്ക് കടക്കുന്നു. അജിയുടെ പ്രണയവും അതിനെ തുടര്‍ന്നുണ്ടാകുന്ന പ്രശ്നങ്ങളിലൂടെയുമാണ് ചിത്രം മുന്നോട്ടു പോവുന്നത്. നാട്ടിന്‍പുറത്തെ ജീവിതവും, പ്രണയവും , രാഷ്ട്രീയവുമാണ് ചിത്രത്തിന്റെ ആദ്യ പകുതിയില്‍. തന്റെ പ്രണയത്തിനുവേണ്ടി അജി നടത്തുന്ന അതിസാഹസികത നിറഞ്ഞ യാത്രയാണ് ചിത്രത്തിന്റെ രണ്ടാം പകുതിയില്‍ അവതരിപ്പിക്കുന്നത്.
ഹാസ്യവും, പ്രണയവും ആക്ഷനും നിറഞ്ഞ അജി എന്ന കഥാപാത്രത്തെ ദുല്‍ഖര്‍ മികച്ചതാക്കി. കേരള കോണ്‍ഗ്രസ്സ് നേതാവായി എത്തിയ സിദ്ധിഖിന്റെ കഥാപാത്രവും ഏറെ മികച്ചു നില്ക്കുന്നു. പുതുമുഖ താരം കാര്‍ത്തികയാണ് ചിത്രത്തിലെ നായിക. ദിലീഷ് പോത്തന്, ചാന്ദിനി ശ്രീധര്‍, പാര്‍വതി, മണിയന് പിള്ള രാജു, അലന്‍സിയര്‍ ലോപ്പസ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍. കമ്യൂണിസവും പ്രണയവും തമ്മിലുള്ള താരതമ്യവും ചിത്രം ചര്‍ച്ച ചെയ്യുന്നു. അമേരിക്കയുടെ അതിര്‍ത്തികളും മെക്സിക്കോയുമായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ഗോപീ സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്. കോമ്രേഡ് ഇന്‍ അമേരിക്ക ഒരു ഫാമിലി എന്റര്‍ടെയ്നറാണ്. അമല്‍ നീരദിന്റെ മുന്‍കാല ചിത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തവുമാണ് ചിത്രം.