തന്റെ ട്വിറ്റർ പേജ് അപൂർവ്വമായി മാത്രം അപ്ഡേറ്റ് ചെയ്യുന്നയളാണ് തമിഴ് സൂപ്പർ താരം വിജയ്. ഓരോ പോസ്റ്റും താരത്തിന്റെ ആരാധകര്‍ ആഘോഷമാക്കാറുമുണ്ട്. ഇന്നലെയും അത്തരത്തിലുള്ള ഒരു പോസ്റ്റ് അദ്ദേഹം നടത്തുകയും സോഷ്യല്‍ മീഡിയ അതേറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. #RealSuperstarVIJAY, #ThalapathySelfie, #ThalapathyVIJAY തുടങ്ങിയ പല ഹാഷ്ടാഗുകളിലായി ഇന്നലെ വൈകുന്നേരം മുതല്‍ ട്വിറ്റെറില്‍ ട്രെണ്ടിംഗ് ആവുകയാണ് താരം.
അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമയായ ‘മാസ്റ്റര്‍’ ചിത്രീകരണം നടക്കുന്ന നെയ്വേലിയിലെ നൂറുകണക്കിന് ആരാധകർക്കൊപ്പം എടുത്ത ഒരു സെൽഫിയാണ് വിജയ് പോസ്റ്റ് ചെയ്തത്, ‘നന്ദി നെയ്വേലി,’ എന്ന കുറിപ്പോടെ. രണ്ട് ദശലക്ഷത്തിലധികം ഫോളോവേഴ് നിമിഷങ്ങള്‍ കൊണ്ട് അത് വൈറല്‍ ആക്കി.
Thank you Neyveli pic.twitter.com/cXQC8iPukl
— Vijay (@actorvijay) February 10, 2020
Read Here: Vijay breaks the internet with a selfie
രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പാണ് താരത്തെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യാനായി ചെന്നൈയില്‍ കൊണ്ട് പോയത്. രണ്ടു ദിവസത്തോളം നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് അദ്ദേഹം ‘മാസ്റ്റര്‍’ ഷൂട്ടിംഗിനായി തിരിച്ചു എത്തിയത്.
ഇതു വരെയുള്ള പരിശോധനകളുടെ അടിസ്ഥാനത്തിൽ കൂടുതൽ ചോദ്യം ചെയ്യാനുണ്ടെന്ന് ആവശ്യപ്പെട്ട് ആദായ നികുതി വകുപ്പ് താരത്തിനു വീണ്ടും നോട്ടീസ് അയച്ചിട്ടുണ്ട്. എന്നാല്‍ ചോദ്യം ചെയ്യലിനു ഹാജരാകാൻ വിജയ് കൂടുതൽ സമയം ആവശ്യപ്പെട്ടു. ‘മാസ്റ്റർ’ സിനിമയുടെ ഷൂട്ടിങ് തിരക്കിലായതിനാൽ തനിക്കു ഇപ്പോൾ ഹാജരാകാൻ ബുദ്ധിമുട്ടുണ്ടെന്നാണ് വിജയ് അറിയിച്ചിരിക്കുന്നത്. ആദായ നികുതി വകുപ്പ് ഓഫീസിൽ നേരിട്ട് ഹാജരാകാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് ചെന്നൈ ആദായ നികുതി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്ക് വിജയ് കത്ത് നൽകിയിട്ടുള്ളതായാണ് റിപ്പോർട്ട്.