ആരാധകർ കാത്തിരുന്ന വിജയ് ചിത്രം ‘ബീസ്റ്റ്’ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ചിത്രത്തിന് വൻവരവേൽപാണ് ആരാധകർ തിയേറ്ററുകളിൽ നൽകിയത്. അർധരാത്രിയിൽ തന്നെ ആരാധകരുടെ വൻകൂട്ടം പല തിയേറ്ററുകളിലും കാണാമായിരുന്നു.
അതിനിടെ, സിനിമയ്ക്ക് സമ്മിശ്ര പ്രതികരമാണ് ലഭിക്കുന്നത്. ആരാധകരെ വിജയ് ഒട്ടും നിരാശപ്പെടുത്തിയിട്ടില്ലെന്നാണ് ചില റിപ്പോർട്ടുകൾ. അതേസമയം, ആരാധക പ്രതീക്ഷയ്ക്കൊത്ത് സിനിമ എത്തിയിട്ടില്ലെന്നും ചിലർ പറയുന്നു.
വിജയ്‌യുടെ 65-ാം സിനിമയാണ് ‘ബീസ്റ്റ്’. അതിനാൽ തന്നെ ദളപതി 65 എന്ന പേരിലാണ് ചിത്രത്തെ വിളിക്കുന്നത്. ആദ്യം ഏപ്രിൽ 14 നാണ് ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. എന്നാൽ കെജിഎഫ് 2 വിന്റെ റിലീസ് ആ ദിവസമായതിനാൽ ഇന്ന് സിനിമ റിലീസ് ചെയ്യുകയായിരുന്നു.
ശിവകാർത്തികേയന്റെ സൂപ്പർ ഹിറ്റ് ചിത്രം ‘ഡോക്ടറി’നുശേഷം നെൽസൺ ദിലീപ്കുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ബീസ്റ്റ്’. വീരരാഘവന്‍ എന്ന സ്പൈ ഏജന്‍റ് ആയാണ് വിജയ് ചിത്രത്തിൽ അഭിനയിക്കുന്നത്. പൂജ ഹെഗ്‌ഡെയാണ് ചിത്രത്തിലെ നായിക. ഒൻപത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പൂജ ഹെഗ്ഡെ തമിഴ് സിനിമയിലേക്ക് തിരിച്ചെത്തുന്നത്. മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോയും അപർണ ദാസും ചിത്രത്തിലുണ്ട്.
Read More: അൽഫോൺസിന്റെ ആ സിനിമ നടക്കണമെന്ന് ഞാൻ രഹസ്യമായി ആഗ്രഹിച്ചിരുന്നു: വിജയ്