scorecardresearch

Latest News

ഇര ആരാണെന്ന് കോടതി തീരുമാനിക്കും, പരസ്യമായി അപമാനിച്ചത് അപലപനീയം: ഡബ്ല്യുസിസി

ഇരയുടെ പേര് വെളിപ്പെടുത്തിയതുവഴി നീതിന്യായ വ്യവസ്ഥയെ പരിഹസിക്കാനായിരുന്നു വിജയ് ബാബുവിന്റെ ശ്രമമെന്നും ഡബ്ല്യുസിസി പറയുന്നു

Vijay Babu, WCC, Vijay Babu sexual assault case

കൊച്ചി: നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെയുള്ള ബലാത്സംഗകേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഫെയ്‌സ്ബുക്ക് ലൈവില്‍ ഇരയുടെ പേര് വെളിപ്പെടുത്തിയതിനും വിജയ് ബാബുവിനെതിരേ പുതിയൊരു കേസ് കൂടി രജിസ്റ്റർ ചെയ്യാനൊരുങ്ങുകയാണ് പൊലീസ്. അതിനിടയിൽ, വിജയ് ബാബുവിനെതിരെ ഡബ്ല്യുസിസിയും രംഗത്തെത്തിയിരിക്കുകയാണ്. “ഇര ആരാണെന്ന് തീരുമാനിക്കാനുള്ള അവകാശം ജുഡീഷ്യറിക്കാണ്, അല്ലാതെ മറ്റാരുമല്ല. ഒരു പരാതിക്കാരിയെ ഒരു പ്രതി പരസ്യമായി അപമാനിക്കുന്നത് അപലപനീയവും നിയമപ്രകാരം ശിക്ഷാർഹവുമാണ്,” എന്നാണ് ഡബ്ല്യുസിസി ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നത്.

“മലയാള സിനിമയിലെ ലൈംഗികാതിക്രമങ്ങളുടെയും അക്രമങ്ങളുടെയും ഞെട്ടിക്കുന്ന മറ്റൊരു ആരോപണം ഇപ്പോൾ പരസ്യമാകുന്നു. കമ്മറ്റികൾ വരുമ്പോഴും പോകുമ്പോഴും ഇത്തരം സംഭവങ്ങൾ കൂടുതൽ ഉണ്ടായിക്കൊണ്ടിരിക്കുന്നു. പ്രൊഫഷണൽ സമവാക്യങ്ങളുടെയും പ്രൊഫഷണൽ ഇടത്തിന്റെയും മറവിലാണ് ഇവിടെ കുറ്റകൃത്യങ്ങൾ നടക്കുന്നതെന്ന് ഡബ്ല്യുസിസി ആവർത്തിക്കുന്നു.
തനിക്കെതിരായ കുറ്റകൃത്യത്തിന് ഔദ്യോഗികമായി പോലീസിൽ പരാതിപ്പെടാൻ ആർക്കും അവകാശമുണ്ട്. ഇര ആരാണെന്ന് തീരുമാനിക്കാനുള്ള അവകാശം ജുഡീഷ്യറിക്കാണ്, അല്ലാതെ മറ്റാരുമല്ല. ഒരു പരാതിക്കാരിയെ ഒരു പ്രതി പരസ്യമായി അപമാനിക്കുന്നത് അപലപനീയവും നിയമപ്രകാരം ശിക്ഷാർഹവുമാണ്. ജുഡീഷ്യൽ പ്രക്രിയയിലേക്ക് സ്വയം സമർപ്പിക്കാതെ, ഇത്തരമൊരു പ്രവൃത്തിയിലൂടെ തന്റെ സാന്നിധ്യം ഓൺലൈനിൽ പ്രകടിപ്പിക്കുന്നത് നീതിന്യായ വ്യവസ്ഥയെ പരിഹസിക്കാനുള്ള ശ്രമമാണെന്ന് തോന്നുന്നു. അധികാരികളോട് കർശന നടപടിയെടുക്കണമെന്ന് ഡബ്ല്യുസിസി അഭ്യർത്ഥിക്കുന്നു, മലയാള ചലച്ചിത്ര വ്യവസായം ഈ പ്രവൃത്തികളെ അപലപിക്കുമെന്നും കുറ്റവാളികളെ അകറ്റി ജോലിസ്ഥലം സ്ത്രീ സൗഹാർദ്ദമാക്കുമെന്നും പ്രതീക്ഷിക്കുന്നു,” ഡബ്ല്യുസിസി കുറിക്കുന്നു.

ഈ മാസം 22നാണ് യുവതി വിജയ് ബാബുവിനെതിരെ എറണാകുളം തേവര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ബലാത്സംഗം, ഗുരുതരമായി പരുക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾക്കുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പോലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ വിജയ് ബാബുവിനെ ചോദ്യം ചെയ്യാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. വിജയ് ബാബു വിദേശത്താണ് ഉള്ളതെന്നാണ് അറിയാൻ കഴിയുന്നത്. എന്നാൽ, ഇന്നലെ രാത്രിയോടെ ഫെയ്സ്ബുക്ക് ലൈവിലെത്തിയ വിജയ് ബാബു ആരോപണം നിഷേധിക്കുകയും പരാതിക്കാരിയുടെ പേര് ലൈവിൽ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. താനാണ് ഇരയെന്നും ആരോപണങ്ങൾ കള്ളമെന്ന് തെളിയിക്കാനുള്ള തെളിവുകൾ തന്റെ കൈയ്യിലുണ്ടെന്നും വിജയ് ബാബു അവകാശപ്പെട്ടു. ബലാത്സംഗകേസിൽ ഇരയുടെ പേര് വെളിപ്പെടുത്താൻ പാടില്ലെന്ന കോടതി ഉത്തരവുകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് വിജയ് ബാബുവിനെതിരെ കേസെടുക്കാൻ പൊലീസ് ഒരുങ്ങുന്നത്.

അതിനിടയിൽ, വിജയ് ബാബുവിനെതിരേ നല്‍കിയ ലൈംഗിക പീഡന കേസിൽ വിശദീകരണവുമായി പരാതിക്കാരിയും സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. വിമണ്‍ എഗൈന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പരാതിക്കാരി തനിക്കു പറയാനുള്ള കാര്യങ്ങൾ വിശദീകരിച്ചിരിക്കുന്നത്. തന്റെ വ്യക്തിപരവും തൊഴിൽപരവുമായ പ്രശ്‌നങ്ങളിൽ രക്ഷകനെപ്പോലെ പെരുമാറിയ വിജയ് ബാബു അതിന്റെ മറവിൽ തന്നെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്നാണ് പരാതിക്കാരി പറയുന്നത്. “സോഷ്യൽ മീഡിയയിൽ എന്നെ അപമാനിക്കുകയോ വ്യക്തിപരമായി ആക്രമിക്കുകയോ അല്ലെങ്കിൽ എന്റെ പ്രതിച്ഛായയും വ്യക്തിത്വവും നശിപ്പിക്കാൻ ശ്രമിക്കുകയോ ചെയ്യുന്നവർക്കെതിരെ ഞാൻ കർശനമായ നിയമനടപടി സ്വീകരിക്കും,” എന്നും പരാതിക്കാരി കുറിപ്പിൽ പറയുന്നുണ്ട്.

Read more:

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Vijay babu sexual assault case wcc response