‘സര്‍ക്കാർ’ എന്ന ചിത്രത്തിനു പിന്നാലെ വിജയിന്റെ പുതിയ ചിത്രവും കോപ്പിയടി വിവാദത്തിൽ. വിജയിനെ നായകനാക്കി സംവിധായകൻ ആറ്റ്ലി സംവിധാനം ചെയ്യുന്ന ‘ദളപതി 63’ പുതിയ ചിത്രമാണ് വിവാദത്തിൽ പെട്ടിരിക്കുന്നത്. വിജയ് നായകനാവുന്ന 63-ാമത്തെ ചിത്രമാണിത്. വനിതാ ഫുട്ബോൾ ടീമിന്റെ കോച്ചായാണ് വിജയ് അഭിനയിക്കുന്നത്. ചിത്രം ദീപാവലി റിലീസായാണ് പ്ലാൻ ചെയ്തിരിക്കുന്നത്.

ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കേയാണ് സിനിമയുടെ കഥ മോഷ്ടിച്ചതാണെന്ന പരാതിയുമായി നവാഗത സംവിധായകൻ ശിവ രംഗത്തെത്തിയിരിക്കുന്നത്. തന്റെ ഒരു ഷോർട്ട് ഫിലിമിന്റെ കഥയാണ് ഇതെന്ന് ആരോപിച്ചാണ് സൗത്ത് ഇന്ത്യൻ ഫിലിം റൈറ്റേഴ്സ് അസോസിയേഷനിൽ ശിവ ആറ്റ്ലിയ്ക്ക് എതിരെ പരാതി നൽകിയത്. വനിതാ ഫുട്ബോളുമായി ബന്ധപ്പെട്ട തന്റെ ഷോർട്ട് ഫിലിം സിനിമയാക്കാൻ ആയി നിരവധി പ്രൊഡക്ഷൻ കമ്പനികളെ താൻ സമീപിച്ചിരുന്നെന്നും അവരാരെങ്കിലുമാകും ആറ്റ്ലിയ്ക്ക് കഥയുടെ ഐഡിയ നൽകിയതെന്നുമാണ് ശിവയുടെ ആരോപണം.

എന്നാൽ ശിവയുടെ പരാതിയിൽ സാങ്കേതികപരമായ ചില കാര്യങ്ങളാൽ അന്വേഷണം നടത്താനാവില്ലെന്നാണ് സൗത്ത് ഇന്ത്യൻ ഫിലിം റൈറ്റേഴ്സ് അസോസിയേഷന്റെ പക്ഷം. യൂണിയനിൽ ചുരുങ്ങിയത് ആറുമാസമെങ്കിലും അംഗത്വമുള്ള മെമ്പർമാരുടെ പരാതികൾ പരിശോധിക്കാനേ അസോസിയേഷന് അധികാരമുള്ളുവെന്നും ശിവയുടെ മെമ്പർഷിപ്പ് ആ അധികാരപരിധിയിൽ വരുന്നില്ലെന്നും ചൂണ്ടി കാണിച്ച് അസോസിയേഷൻ ശിവയുടെ പരാതിയിൽ അന്വേഷണം സാധ്യമല്ലെന്ന് അറിയിച്ചു. തുടർന്ന് നീതി തേടി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ശിവ.

ചിത്രത്തിൽ ബോളിവുഡ് താരം ജാക്കി ഷെറോഫ് ആണ് പ്രതിനായകനായെത്തുന്നത്. കായികരംഗത്തെ നാടകീയമുഹൂർത്തങ്ങൾ കോർത്തിണക്കിയ ചിത്രത്തിൽ നയൻതാര, റേബ, മോണിക്ക ജോൺ, കതിർ ഡാനിയൽ, ബാലാജി, വിവേക്, യോഗി ബാബു, ആനന്ദ് രാജ് എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.

‘സര്‍ക്കാര്‍’ കോപ്പിയടി: മുരുഗദാസിനെതിരെ ആരോപണവുമായി സഹസംവിധായകന്‍

മുൻപ് ‘സർക്കാർ’ കോപ്പിയടിയാണെന്ന ആരോപണവുമായി സംവിധായകൻ എ.ആര്‍ മുരുഗദാസിനെതിരെ സഹസംവിധായകനും എഴുത്തുകാരനുമായ വരുൺ രാജേന്ദ്രൻ രംഗത്ത് വന്നിരുന്നു. ‘സർക്കാർ’ തന്റെ ‘സെൻഗോൾ’ എന്ന കഥയാണെന്നും മുരുഗദാസ് കഥ മോഷ്ടിച്ചതാണെന്നുമായിരുന്നു വരുണിന്റെ ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് സൗത്ത് ഇന്ത്യൻ ഫിലിം റൈറ്റേഴ്സ് അസോസിയേഷന് മുൻപാകെ വരുൺ പരാതി നൽകി. തുടർന്ന് റൈറ്റേഴ്സ് അസോസിയേഷൻ ഇരുപാർട്ടികളുമായും സംസാരിച്ച് കോടതിയ്ക്ക് പുറത്ത് പ്രശ്നം ഒത്തുതീർപ്പാക്കുകയും ചെയ്തിരുന്നു. കഥയ്ക്കുള്ള ക്രെഡിറ്റും ഒപ്പം 30 ലക്ഷം രൂപയും വരുൺ രാജേന്ദ്രന് നൽകാമെന്ന ഉറപ്പിലാണ് പ്രശ്നം രമ്യതയിലെത്തിയതെന്നാണ് റിപ്പോർട്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook