ദീപാവലിക്ക് തിയേറ്ററിലെ താരയുദ്ധം കടുപ്പിക്കാൻ വിജയ് ചിത്രമെത്തും. വിജയ് -അറ്റ്‌ലി കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രമാണ് ദീപാവലിക്കെത്തുന്നത്. ഫെയ്‌സ്ബുക്കിലൂടെയാണ് പുതിയ ചിത്രം ദീപാവലിക്കെത്തുമെന്ന് വിജയ് അറിയിച്ചത്. ഇതുവരെ പേരിടാത്ത ചിത്രം ദളപതി 61, വിജയ് 31 എന്നാണിപ്പോൾ അറിയപ്പെടുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ജൂൺ 22ന് എത്തും. അന്ന് തന്നെ ചിത്രത്തിന്റെ പേരും അറിയുമെന്നാണ് പ്രതീക്ഷ. ഓഗസ്റ്റിൽ എ.ആർ.റഹ്മാനൊരുക്കുന്ന ഗാനങ്ങളുമായി സിനിമയുടെ ഓഡിയോ റിലീസും നടക്കും. തുടർന്ന് ഒക്ടോബറിൽ ദീപാവലിയോട് അടുപ്പിച്ച് ചിത്രം തിയേറ്ററിലെത്തുമെന്ന് വിജയ് തന്നെയാണ് അറിയിച്ചത്.

vijay, actor

2016ൽ ഇറങ്ങിയ “തെരി”യ്‌ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. വൻ താരനിര അണിനിരക്കുന്ന ഒരു ബിഗ് ബജറ്റ് ചിത്രമായിരിക്കുമിതെന്നാണ് തമിഴ് സിനിമാ ലോകത്ത് നിന്നുളള ​വാർത്തകൾ. മൂന്ന് വ്യത്യസ്‌ത വേഷത്തിലാണ് വിജയ് ആറ്റ്‌ലി ചിത്രത്തിലെത്തുന്നത്. നിത്യ മേനോൻ, കാജൽ അഗർവാൾ, സാമന്ത എന്നിവരാണ് നായികാ വേഷങ്ങളിലെത്തുക.

ഒരു ആക്ഷൻ എന്റർടെയ്‌ൻമെന്റാണ് ചിത്രമെന്നാണ് സിനിമാ ലോകത്ത് നിന്നുളള വാർത്തകൾ. സംഗീത മാന്ത്രികൻ എ.ആർ.റഹ്മാനാണ് ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കുന്നത്. പ്രണയവും ആക്ഷനും സംഗീതവും ചേരുന്ന ചിത്രം തിയേറ്ററിൽ വിരുന്നൊരുക്കുമെന്നാണ് പ്രതീക്ഷ.

ജി.കെ.വിഷ്‌ണുവാണ് ഈ വിജയ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. റൂബനാണ് എഡിറ്റിങ് നിർവഹിക്കുന്നത്. ടി.മുത്തുരാജാണ് സിനിമയുടെ പ്രൊഡക്ഷൻ ഡിസൈനർ.

നേരത്തെ ദീപാവലിക്കെത്തുമെന്നറിയിച്ചിരുന്ന രജനീകാന്ത് ചിത്രം 2.0യുടെ റിലീസ് മാറ്റിയതായി വെളളിയാഴ്‌ച അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. ഈ വർഷം ദീപാവലിയ്‌ക്ക് റിലീസ് ചെയ്യുമെന്നറിയിച്ച ചിത്രത്തിന്റെ റിലീസ് 2018 ജനുവരി 25 നീട്ടി വെച്ചു. ശങ്കറാണ് സയൻസ് ഫിക്ഷൻ 2.0 യുടെ സംവിധായകൻ. ചിത്രത്തിലെ വിഎഫ്എക്‌സ് ലോകനിലവാരത്തിലേക്ക് ഉയർത്താനാണ് റിലീസ് മാറ്റിയതെന്നും” 2 .0 നിർമ്മിക്കുന്ന പ്രൊഡക്ഷൻ കമ്പനിയായ ലിസിയ പ്രൊഡക്ഷനസിന്റെ ക്രിയേറ്റീവ് ഹെഡായ രാജു മഹാലിംഗം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

എങ്കിലും ആമിർ ഖാൻ നായകനായെത്തുന്ന സീക്രട്ട് സൂപ്പർ സ്റ്റാറും ദീപാവലിയ്‌ക്ക് റിലീസ് ചെയ്യുന്നുണ്ട്. വിജയ്-ആമിർ ഏറ്റുമുട്ടലിനാവും ഈ ദീപാവലി വേദിയാവുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook