പ്രമുഖ മാധ്യമ പ്രവര്‍ത്തക ധന്യ രാജേന്ദ്രനെതിരെ നടത്തുന്ന അശ്ലീല വര്‍ഷം അവസാനിപ്പിക്കണമെന്ന് തന്റെ ഫാന്‍സിനോട് നടന്‍ വിജയ് ആവശ്യപ്പെട്ടു. സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ ഒന്നും സോഷ്യല്‍ മീഡിയയില്‍ ഉപയോഗിക്കരുതെന്ന് വിജയ് തന്റെ ഫാന്‍സിനോട് പ്രസ്താവനയിലൂടെ പറഞ്ഞു.

‘ഞാനീ സമൂഹത്തിലെ സ്ത്രീകളെ ബഹുമാനിക്കുന്നു. ആര്‍ക്കും ആരുടേയും സിനിമകളെ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ഒരു സ്ത്രീക്കുമെതിരെ മോശം ഭാഷ ഉപയോഗിക്കരുത് എന്നാണ് എന്റെ അഭിപ്രായം.’

ഇംതിയാസ് അലി സംവിധാനം ചെയ്ത ഷാരൂഖ് ഖാന്‍-അനുഷ്‌കാ ശര്‍മ്മ ചിത്രം ജബ്ബ് ഹാരി മെറ്റ് സജല്‍ എന്ന ചിത്രത്തെ കുറിച്ച് ട്വിറ്ററില്‍ എഴുതിയപ്പോള്‍ കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്നെ വിജയ് ചിത്രം സുര പ്രദര്‍ശനത്തിനിടെ താന്‍ തീയേറ്ററില്‍ നിന്നും ഇറങ്ങിപ്പോയതായി ധന്യ സൂചിപ്പിച്ചിരുന്നു. ഇതാണ് വിജയ് ആരാധകരെ ചൊടിപ്പിച്ചത്.

‘ഞാന്‍ നേരത്തെ വിജയുടെ ചിത്രയുടെ സുര എന്ന ചിത്രം ഇന്റര്‍വെല്‍ ആയപ്പോള്‍ കാണുന്നത് നിര്‍ത്തിയിരുന്നു. ആ റെക്കോര്‍ഡ് ഹാരി മെറ്റ് സജല്‍ മറികടന്നു. ഇന്റര്‍വെല്‍ വരെ പോലും കണ്ടിരിക്കാനായില്ല’ എന്നായിരുന്നു ഇവര്‍ ട്വിറ്ററില്‍ കുറിച്ചത്. ഇതിനെ തുടര്‍ന്ന് ധന്യക്കെതിരെ ട്രോള്‍ വര്‍ഷം ആരംഭിച്ചു. പിന്നീട് ഭാഷ മാറുകയും തെറിവിളിയും അശ്ലീലവര്‍ഷവും ആരംഭിക്കുകയുമായിരുന്നു. പബ്ലിസിറ്റി ബീപ് ധന്യ എന്ന ഹാഷ്ടാഗും തുടങ്ങിയിരുന്നു. പിന്നീട് ധന്യയുടെ പരാതിയെ തുടര്‍ന്ന് ട്വിറ്റര്‍ ഈ ഹാഷ്ടാഗ് ട്വിറ്റര്‍ പിന്‍വലിച്ചിരുന്നു. ധന്യയെ ഇല്ലാതാക്കുമെന്നും ഭീഷണിയുണ്ട് ട്വിറ്ററിലൂടെ.

ധന്യ രാജേന്ദ്രന്റെ പരാതിയെ തുടര്‍ന്ന് പൊലീസ് നിരവധി ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ