ദളപതി വിജയ്‌യുടെ ‘സർക്കാർ’ സിനിമയിലെ ഗാനം ചോർന്നു. യുഎസ്സിലെ ലാസ്‌വെഗാസിൽ ചിത്രീകരിച്ച ഗാനത്തിന്റെ ദൃശ്യങ്ങളാണ് ഓൺലൈനിൽ പ്രചരിക്കുന്നത്. ഷോബി കൊറിയോഗ്രാഫറായ ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് വിവേക് ആണ്. എ.ആർ.റഹ്മാനാണ് സംഗീതം. എ.ആർ.മുരുകദോസ് സംവിധാനം ചെയ്യുന്ന സർക്കാരിന്റെ നിർമ്മാതാക്കൾ സൺ പിക്ചേഴ്സ് ആണ്.

തമിഴ്നാട് മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ വിയോഗത്തിൽ അനുസ്മരിച്ച് ലാസ്‌വെഗാസിലെ സർക്കാർ സിനിമയുടെ ഷൂട്ടിങ് ഒരു ദിവസം നിർത്തിവച്ചിരുന്നു. യുഎസ്സിൽനിന്നും തിരികെ നാട്ടിലെത്തിയ വിജയ് ആദ്യം പോയത് കരുണാനിധിയുടെ സ്മൃതി മണ്ഡപത്തിലേക്കായിരുന്നു. കലൈഞജരുടെ സമാധിയിൽ പുഷ്പാഞ്ജലി അർപ്പിച്ചശേഷമാണ് താരം വീട്ടിലേക്കു പോയത്.

വിജയ്‌യുടെ 62-ാമത് ചിത്രമാണ് സർക്കാർ. ജൂൺ 22 വിജയ്‌യുടെ പിറന്നാൾദിനത്തിന് മുന്നോടിയായാണ് ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്കും ടീം പുറത്തുവിട്ടത്. കറുത്ത കൂളിങ് ഗ്ലാസും വച്ച് സിഗരറ്റിന് തീ കൊടുക്കുന്ന വിജയ് ആയിരുന്നു പോസ്റ്ററിൽ ആരാധകർ കണ്ടത്.

‘സർക്കാർ’ സിനിമയിൽ കീർത്തി സുരേഷാണ് വിജയ്‌യുടെ നായിക. വിജയ്‌ക്ക് ഒപ്പമുളള കീർത്തിയുടെ രണ്ടാമത്തെ ചിത്രമാണ്. വിജയ്‌യുടെ ഭൈരവയിൽ കീർത്തിയായിരുന്നു നായിക. വരലക്ഷ്മി ശരത് കുമാർ, അർജുൻ സർജ, പ്രേം കുമാർ, യോഗി ബാബു, രാധ രവി എന്നിവരും ചിത്രത്തിലുണ്ട്. സിനിമയുടെ ഷൂട്ടിങ് വിജയ് പൂർത്തിയാക്കിയതായാണ് വിവരം. ദീപാവലി റിലീസായാണ് സർക്കാർ തിയേറ്ററുകളിലെത്തുക.

വിജയ്‌യുടെ അവസാനം പുറത്തിറങ്ങിയ മെർസലും ദീപാവലിക്കായിരുന്നു. ചിത്രം ബ്ലോക്ബസ്റ്ററായിരുന്നു. നിരവധി ബോക്സോഫീസ് റെക്കോർഡുകളും ചിത്രം മറികടന്നിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ