/indian-express-malayalam/media/media_files/uploads/2018/10/vijay-1.jpg)
ദളപതി വിജയ്‌യുടെ പുതിയ ചിത്രമാണ് 'സർക്കാർ'. ദീപാവലി റിലീസ് ആയി എത്തുന്ന ചിത്രത്തിനായി ആരാധകർ കാത്തിരിക്കുന്നുണ്ട്. എ.ആർ.മുരുകദോസ് ആണ് സർക്കാർ സിനിമയുടെ സംവിധായകൻ. കീർത്തി സുരേഷും വരലക്ഷ്മി ശരത്കുമാറുമാണ് ചിത്രത്തിലെ നായികമാർ. സർക്കാർ സിനിമ പൂർത്തിയാക്കിയ വിജയ് അടുത്ത സിനിമയിൽ ഭാഗമാകുന്നതിനു മുൻപായി ചെറിയൊരു ബ്രേക്ക് എടുത്തിരിക്കുകയാണ്. കുടുംബത്തിനൊപ്പം കാനഡയിൽ ഈ ബ്രേക്ക് ആസ്വദിക്കുകയാണ് വിജയ്.
കാനഡ ട്രിപ്പിൽനിന്നുളള വിജയ്‌യുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ടൊറന്റോയിലെ മാളിൽ മകൾ സാഷയ്ക്കൊപ്പം ഭക്ഷണം കഴിക്കാനിരിക്കുന്ന വിജയ്‌യുടെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ ആഘോഷമാക്കുകയാണ് ആരാധകർ. പുറത്തുവന്ന ചിത്രങ്ങളിൽ ഒന്നിൽ വിജയ് മുഖം പാതി മറച്ചിരിക്കുന്നുണ്ട്. മകൾക്കൊപ്പമുളള നിമിഷം ആസ്വദിക്കാനും തന്നെ ആരും തിരിച്ചറിയാതിരിക്കാനും വേണ്ടിയാവും വിജയ് മുഖം പാതി മറച്ചിരിക്കുകയെന്നാണ് ആരാധകർ കരുതുന്നത്.
പുറത്തുവന്ന വീഡിയോയിൽ രണ്ടു യുവാക്കളോട് വിജയ് എന്തോ പറയുന്നതും കാണാം. യുവാക്കളോട് കൈകൾ കൂപ്പിയാണ് വിജയ് സംസാരിക്കുന്നത്. സംസാരത്തിനൊടുവിൽ യുവാക്കൾക്ക് വിജയ് ഹസ്തദാനം നൽകുകയും ചെയ്യുന്നുണ്ട്.
വിജയ്-സംഗീത ദമ്പതികൾക്ക് രണ്ടു മക്കളാണുളളത്. സഞ്ജയ്, ദിവ്യ സാഷ. രണ്ടു പേരും വിജയ്‌യുടെ സിനിമയിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. വേട്ടൈക്കാരൻ സിനിമയിലെ ഒരു പാട്ടിൽ സഞ്ജയ് അച്ഛനൊപ്പം അഭിനയിച്ചിട്ടുണ്ട്. ദിവ്യ സാഷ തെരി സിനിമയിൽ വിജയ്‌യുടെ മകളായി അഭിനയിച്ചിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.