അഭിനേത്രി എന്നതിലുപരി ഒരു നല്ല മനുഷ്യസ്നേഹിയും കൂടിയാണ് നയൻതാര എന്ന് പറയുകയാണ് ഭർത്താവ് വിഘ്നേഷ് ശിവന്റെ അമ്മ മീനകുമാരി. വീട്ടിലെ ജോലികാരിക്ക് പണത്തിന്റെ ആവശ്യം വന്നപ്പോൾ നയൻതാര നാലു ലക്ഷം രൂപ കൊടുത്ത് സഹായിച്ചെന്ന് മീനകുമാരി പറയുന്നു. അങ്ങനെ ചെയ്യണമെങ്കിൽ വിശാലമായ ഒരു ഹൃദയം വേണമെന്നും തന്റെ മരുമകളും അവരുടെ അമ്മയും അത്ര നല്ല മനുഷ്യസനേഹികളാണെന്നും മീനകുമാരി പറഞ്ഞു. ഹാപ്പി മെയ്ഡ് ഡെവലപ്പ്മെന്റ് സെന്ററിന്റെ ഉദ്ഘാടനവേളയിൽ സംസാരിക്കുകയായിരുന്നു അവർ.
നയൻതാരയുടെ പ്രവർത്തികളെ പ്രശംസിച്ചു കൊണ്ട് സംസാരിക്കുന്ന മീനകുമാരിയെ വീഡിയോയിൽ കാണാനാകും. “എന്റെ മകനും മരുകളും നല്ലവണ്ണം അധ്വാനിക്കുന്നവരാണ്. അവരുടെ വീട്ടിൽ എട്ടു ജോലികാരുണ്ട്. അതിലൊരു സ്ത്രീ വീട്ടിലെ കഷ്ടത നയൻതാരയോട് പറഞ്ഞു. ഉടൻ തന്നെ അവരുടെ കടം തീർക്കാനായി നയൻതാര നാലു ലക്ഷം രൂപ കൊടുത്തു. അധികം ആലോചിക്കാതെ അത്രയും രൂപ ഒരാൾക്കു കൊടുക്കണമെങ്കിൽ അവർക്ക് നല്ല മനസ്സുണ്ടായിരിക്കണം. മാത്രമല്ല ആ ജോലികാരി മൂന്നു വർഷമായി അവിടെ ജോലി ചെയ്യുന്നു. ആത്മാർത്ഥതയോടെ അധ്വാനിക്കുന്ന അവർ ആ പണത്തിന് അർഹയുമാണ്. ഒരിക്കൽ നയൻതാരയുടെ അമ്മ അവർക്ക് സ്വന്തം വളയൂരി കൊടുക്കുന്നത് ഞാൻ കണ്ടു. പരസ്പര വിശ്വസമാണ് എല്ലായിടത്തും വേണ്ടത്. നിങ്ങൾ ആത്മാർത്ഥയോടെ അധ്വാനിച്ചാൽ വിഷമഘട്ടത്തിൽ നിങ്ങളെ സഹായിക്കാൻ ഒരുപാട് പേരുണ്ടാകും” മീനകുമാരി പറഞ്ഞു.
ഏഴു വര്‍ഷത്തെ പ്രണയത്തിനു ശേഷം ജൂണ്‍ 9 നാണ് വിഘ്നേഷ് നയന്‍താരയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. ഗൗതം മേനോന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഒരു വിവാഹ ഡോക്ക്യുമെന്ററി റിലീസ് ചെയ്യുമെന്നു വിവാഹ ശേഷം പ്രഖ്യാപിച്ചിരുന്നു. നെറ്റ്ഫ്ളിക്സ് ഇതിന്റെ പകര്‍പ്പവകാശവും നേടിയിരുന്നു. ‘നയന്‍താര- ബിയോണ്‍ഡ് ദി ഫെയറിടെയില്‍’ എന്ന് പേരു നൽകിയിരിക്കുന്ന ഡോക്യൂമെൻററിയ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ.
ഒക്ടോബർ 9നാണ് നയൻതാരയും വിഘ്നേഷും തങ്ങളുടെ ഇരട്ടകുട്ടികളായ ഉയിരിനെയും ഉലകത്തെയും സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തിയത്. “നയനും ഞാനും അമ്മയും അപ്പയും ആയി. ഇരട്ടക്കുട്ടികളാൽ ഞങ്ങൾ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ പ്രാർത്ഥനകളും, പൂർവ്വികരുടെ അനുഗ്രഹങ്ങളും, നന്മകളും ചേർന്ന്, അനുഗ്രഹീതരായ കുഞ്ഞുങ്ങളുടെ രൂപത്തിൽ വന്നിരിക്കുന്നു. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും എല്ലാവരുടെയും അനുഗ്രഹം വേണം. ജീവിതം കൂടുതൽ ശോഭയുള്ളതും മനോഹരവുമാണ്,” വിഘ്നേഷ് കുറിച്ചതിങ്ങനെയായിരുന്നു.