തെന്നിന്ത്യൻ സിനിമാ ലോകത്തെ താര റാണി നയൻതാരയുടെ മുപ്പത്തിയെട്ടാം പിറന്നാളാണിന്ന്. സത്യൻ അന്തികാടിൻെറ സംവിധാനത്തിൽ ഒരുങ്ങിയ ‘മനസ്സിനക്കരെ’ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തെത്തിയ തിരുവല്ലാകാരി പെൺകുട്ടി വർഷങ്ങൾക്കിപ്പുറം അറിയപ്പെടുന്നത് സൂപ്പർസ്റ്റാർ നയൻതാര എന്നാണ്. സ്ത്രീ കേന്ദ്രികൃതമായ കഥകൾ സിനിമാ ലോകം വളരെ ഫ്രീക്വൻറായി കണ്ടു തുടങ്ങിയത് നയൻതാരയിലൂടെയായിരിക്കും. ഐശ്വര്യ രാജേഷ് എന്ന നടി ഒരിക്കൽ ഒരു അവാർഡ് നിശയിൽ വച്ച് നയൻതാരയോട് ഇങ്ങനെ പറയുകയുണ്ടായി, ‘നിങ്ങൾ ഒരുപാട് ആളുകൾക്കു മാതൃകയാണ്. സ്ത്രീ കഥാപാത്രങ്ങൾ ലീഡായെത്തുന്ന ചിത്രങ്ങളും വിജയിക്കുമെന്ന് കാണിച്ചു തന്നത് നിങ്ങളാണ്. അതിനു ഒരുപാട് നന്ദിയുണ്ട്.’
നയൻതാരയുടെ ജീവിതവും അവരുടെ ഇഷ്ടാനിഷ്ടങ്ങളെല്ലാം ആരാധകർ കൂടുതലും അറിയാൻ തുടങ്ങിയത് സംവിധായകൻ വിഘ്നേഷ് ശിവനിലൂടെയാണ്. കാരണം, താൻ പറയുന്നതെല്ലാം വളച്ചൊടിയ്ക്കപ്പെടുമെന്ന് അവർ ഭയന്നിരുന്നു. അഭിമുഖങ്ങിൽ നിന്നും ചിത്രത്തിൻെറ പ്രമോഷനുകളിൽ നിന്നും അവർ പിന്തിരിയുന്നതിൻെറ കാരണവും ഇതു തന്നെയാകാം. വിഘ്നേഷ് ശിവനിലൂടെ നയൻതാര എന്ന വ്യക്തിയെ പുറം ലോകം അറിയാൻ തുടങ്ങി. ‘തങ്കമേ’ എന്ന അടിക്കുറിപ്പ് നൽകി കൊണ്ട് വിഘ്നേഷ് പങ്കുവയ്ക്കുന്ന ചിത്രങ്ങളിലെല്ലാം നയൻതാരയോടുളള സ്നേഹം നിറഞ്ഞു കാണാം. പിറന്നാൾ ദിനത്തിൽ വിഘ്നേഷ് കുറിച്ച വരികളിൽ നയൻതാര എന്ന വ്യക്തിയോടും അവരിലെ അമ്മയോടുമുളള ബഹുമാനത്തിൻെറ നിഴൽ പതിഞ്ഞിട്ടുണ്ട്.
“നമ്മൾ ഒന്നിച്ചാഘോഷിക്കുന്ന നിൻെറ ഒൻപതാമത്തെ പിറന്നാളാണിന്ന്.നിന്നോടൊപ്പമുളള ഒരോ പിറന്നാളും ഏറെ പ്രിയപ്പെട്ടതായിരുന്നു. പക്ഷെ ഇതായിരിക്കും കൂടുതൽ പ്രത്യേകതയുളളത് കാരണം നമ്മൾ ഇന്ന് ഭാര്യാഭർത്താക്കന്മാരാണ്. രണ്ടു കുഞ്ഞോമനകളുടെ അച്ഛനും അമ്മയുമാണ്. നിന്നെ എനിക്കു വളരെ അടുത്തറിയാം,നീ എത്ര കരുത്തുളളവളാണെന്നും അറിയാം,നിൻെറ ജീവിതത്തിലെ വ്യത്യസ്ത താളുകളും ഞാൻ കണ്ടിട്ടുണ്ട്. പക്ഷെ ഇന്ന് നിന്നെ അമ്മയായിട്ടു കാണുമ്പോൾ അതു കൂടുതൽ പൂർണത നൽകുന്നതായി എനിക്ക് തോന്നുന്നു. ഇപ്പോൾ നീ അധികം മേക്കപ്പ് ചെയ്യാറില്ല കാരണം നമ്മുടെ കുട്ടികൾ നിനക്കു എപ്പോഴും ഉമ്മ തരുന്നുണ്ടല്ലോ. നിൻെറ മുഖത്തുളള ഈ പുഞ്ചിരി എന്നും ഇങ്ങനെ തന്നെ നിലനിൽക്കട്ടെ” വിഘ്നേഷ് കുറിച്ചു.
ഏഴു വര്‍ഷത്തെ പ്രണയത്തിനു ശേഷം ജൂണ്‍ 9 നാണ് വിഘ്‌നേഷ് നയന്‍താരയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. ഗൗതം മേനോന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഒരു വിവാഹ ഡോക്ക്യുമെന്ററി റിലീസ് ചെയ്യുമെന്നു വിവാഹ ശേഷം പ്രഖ്യാപിച്ചിരുന്നു. നെറ്റ്ഫ്‌ളിക്‌സ് ഇതിന്റെ പകര്‍പ്പവകാശവും നേടിയിരുന്നു. ‘നയന്‍താര- ബിയോണ്‍ഡ് ദി ഫെയറിടെയില്‍’ എന്ന് പേരു നൽകിയിരിക്കുന്ന ഡോക്യൂമെൻററിയ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ.
ഒക്‌ടോബർ 9നാണ് നയൻതാരയും വിഘ്‌നേഷും തങ്ങളുടെ ഇരട്ടകുട്ടികളായ ഉയിരിനെയും ഉലകത്തെയും സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തിയത്. “നയനും ഞാനും അമ്മയും അപ്പയും ആയി. ഇരട്ടക്കുട്ടികളാൽ ഞങ്ങൾ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ പ്രാർത്ഥനകളും, പൂർവ്വികരുടെ അനുഗ്രഹങ്ങളും, നന്മകളും ചേർന്ന്, അനുഗ്രഹീതരായ കുഞ്ഞുങ്ങളുടെ രൂപത്തിൽ വന്നിരിക്കുന്നു. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും എല്ലാവരുടെയും അനുഗ്രഹം വേണം. ജീവിതം കൂടുതൽ ശോഭയുള്ളതും മനോഹരവുമാണ്,” വിഘ്നേഷ് കുറിച്ചതിങ്ങനെയായിരുന്നു.
കുടുംബജീവിതത്തിൽ കൂടൂതൽ അദ്ധ്യായങ്ങൾ തുറക്കുമ്പോഴും തൻെറ കരിയറിലും മികച്ച മുന്നേറ്റങ്ങൾക്കായി ഒരുങ്ങുകയാണ് നയൻതാര. അൽഫോൺസ് പുത്രൻെറ സംവിധാനത്തിൽ മലയാള ചിത്രം ‘ഗോൾഡ്’, അശ്വിൻ ശരവണൻെറ സംവിധാനത്തിൽ ഒരുങ്ങുന്ന ‘കണക്റ്റ്’ എന്നിവയാണ് നയൻതാരയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ.