തെന്നിന്ത്യന്‍ താരം നയന്‍‌താരയും തമിഴ് സംവിധായകന്‍ വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹമാണ് സിനിമാ ലോകം കാത്തിരിക്കുന്ന വലിയ ‘ഗുഡ് ന്യൂസ്.’ ഏറെക്കാലമായി അടുപ്പത്തിലായ ഇവരുടെ വിവാഹത്തെ സംബന്ധിച്ച വിവരങ്ങള്‍ ഇടയ്ക്കിടെ മാധ്യമങ്ങളിലും ചര്‍ച്ചയാവാറുണ്ട്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ പങ്കു വയ്ക്കാറുണ്ട് എങ്കിലും നയന്‍‌താരയോ വിഘ്നേഷോ അവരുടെ ബന്ധത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും പരസ്യമായി സംസാരിക്കാറില്ല. എന്നാല്‍ ഈയടുത്ത ദിവസം ഒരു തമിഴ് വെബ്സൈറ്റിനു നല്‍കിയ അഭിമുഖത്തില്‍ വിഘ്നേഷ് ശിവന്‍ നയന്‍‌താരയുമായുള്ള വിവാഹത്തെക്കുറിച്ച് സംസാരിച്ചു.

“ഏതാണ്ട് 22 തവണ ഞങ്ങളുടെ വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇന്റര്‍നെറ്റില്‍ വന്നിട്ടുണ്ട്. മൂന്ന് മാസം കൂടുമ്പോള്‍ ഈ വാര്‍ത്ത വന്നു കൊണ്ടിരിക്കും. ഞങ്ങള്‍ക്ക് ചില ലക്ഷ്യങ്ങള്‍ ഉണ്ട്. ചിലതൊക്കെ ചെയ്ത് തീര്‍ക്കണം എന്ന് ആഗ്രഹമുണ്ട്. അതെല്ലാം കഴിഞ്ഞു സ്വകാര്യജീവിതത്തിലേക്ക് പോകണം എന്ന് പദ്ധതിയുണ്ട്. ഞങ്ങളുടെ ഫോക്കസ് ഇപ്പോഴും ജോലിയില്‍ തന്നെയാണ്.

മാത്രമല്ല, പ്രണയം എപ്പോള്‍ ബോറടിക്കുന്നു എന്ന് നോക്കാം. അപ്പൊ വിവാഹം കഴിക്കാം. ഇപ്പോള്‍ എല്ലാം ഭംഗിയായി പോകുന്നു. അടുത്ത ഘട്ടത്തിലേക്ക് പോകാന്‍ എല്ലാം ശരിയാകുമ്പോള്‍ ആ തീരുമാനമെടുക്കാം. അപ്പോള്‍ എല്ലാവരെയും അറിയിച്ചു, സന്തോഷമായി വിവാഹം നടത്താം,” ബിഹൈന്‍ വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ വിഘ്നേഷ് ശിവന്‍ പറഞ്ഞു.

‘നാനും റൗഡി നാന്‍ താന്‍’ (2015) എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു നയൻതാരയും വിഘ്നേഷും പ്രണയത്തിലാകുന്നത്. ഇരുവരുമൊന്നിച്ചുള്ള ചിത്രങ്ങള്‍ വിഘ്നേഷ് ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്.

Read More: ‘വേർപിരിയൽ എളുപ്പമായിരുന്നില്ല’; പ്രണയം തകർന്നതിനെ കുറിച്ച് നയൻതാര മനസ് തുറക്കുന്നു

സീ അവാർഡ് സ്വീകരിക്കാനെത്തിയപ്പോഴാണ് നയൻതാര തന്റെ സോഷ്യൽ മീഡിയയിലെ ഫൊട്ടോകളെക്കുറിച്ചും വിഘ്നേഷുമായുളള പ്രണയത്തെക്കുറിച്ചും ആദ്യമായി തുറന്നു പറഞ്ഞത്. താൻ ഇപ്പോൾ വളരെ സന്തോഷത്തിലാണെന്നും അതു തന്റെ മുഖത്തു നിങ്ങൾക്കിപ്പോൾ കാണാനാവുന്നുണ്ടെന്നു കരുതുന്നതായും നയൻതാര പറഞ്ഞു.

”ജീവിതത്തിൽ ഒരാൾക്ക് വേണ്ടത് മനഃസമാധാനമാണ്. അത് എനിക്കിപ്പോഴുണ്ട്. കുടുംബത്തിൽ സമാധാനമുണ്ട്. മനസിനു സമാധാനമുണ്ട്. ആ സമാധാനം നിങ്ങൾക്കു തരുന്നത് അച്ഛനോ അമ്മയോ ആകാം, ഭാര്യയാകാം, ഭർത്താവാകാം, ചിലപ്പോൾ നിങ്ങൾ വിവാഹം കഴിക്കാൻ പോകുന്നയാളാകാം. എന്റെ സ്വപ്നങ്ങൾ അയാളുടെ സ്വപ്നങ്ങളായി കണ്ട്, അതിനുവേണ്ട പിന്തുണ നൽകി കൂടെ നിൽക്കുന്നത് വളരെ സന്തോഷമായ കാര്യമാണ്. അതാണ് എന്റെ സന്തോഷവും” വിഘ്നേഷിന്റെ പേരെടുത്തു പറയാതെയാണ് നയൻതാര ഇക്കാര്യങ്ങൾ പറഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook