മെയ് 10 ഞായറാഴ്ച ലോക മാതൃദിനമായിരുന്നു. സെലിബ്രിറ്റികൾ ഉൾപ്പെടെ നിരവധി പേരാണ് തങ്ങളുടെ അമ്മാർക്ക് മാതൃദിന ആശംസകൾ അറിയിച്ചത്. ഇതിൽ അൽപ്പം വ്യത്യസ്തമാർന്നത് തമിഴ് ചലച്ചിത്ര സംവിധായകൻ വിഘ്നേഷ് ശിവന്റെ സോഷ്യൽ മീഡിയ പോസ്റ്റ് തന്നെയായിരുന്നു. തന്റെ അമ്മയ്ക്ക് മാത്രമല്ല, ഭാവി അമ്മായിയമ്മയ്ക്കും, തന്റെ കുഞ്ഞുങ്ങളുടെ അമ്മയാകാൻ പോകുന്നവൾക്കും കൂടിയാണ് വിഘ്നേഷ് ആശംസകൾ നേർന്നത്.
നടിയും വിഘ്നേഷിന്റെ കാമുകിയുമായ നയൻതാരയും അമ്മയും ഒന്നിച്ചുള്ള മനോഹരമായ ചിത്രങ്ങളാണ് ആദ്യം വിഘ്നേഷ് പങ്കുവച്ചത്.
“മാതൃദിനാശംസകൾ മിസിസ് കുര്യൻ. ഈ സുന്ദരിക്കുട്ടിയെ നന്നായി വളർത്തി നിങ്ങൾ. ഞങ്ങൾ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു അമ്മേ. നന്ദി അമ്മു,” എന്നാണ് നയൻതാരയും നയൻതാരയുടെ അമ്മയും ഒന്നിച്ചുള്ള ചിത്രത്തിന് വിഘ്നേഷ് നൽകിയ അടിക്കുറിപ്പ്.
“ഭാവിയിൽ എനിക്കുണ്ടാകാൻ പോകുന്ന കുട്ടികളുടെ അമ്മയുടെ കൈയിലുള്ള കുട്ടിയുടെ അമ്മയ്ക്ക് മാതൃദിനാശംസകൾ,” എന്ന അടിക്കുറിപ്പോടെയാണ് നയൻതാരയുടെ ചിത്രം വിഘ്നേഷ് പങ്കുവച്ചത്.
ചിത്രത്തിൽ ഒരു കുഞ്ഞിനെ കൈയിലെടുത്ത് നയൻതാര ബീച്ചിൽ നിൽക്കുന്നതു കാണാം.
‘നാനും റൗഡി നാന് താന്‍’ (2015) എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു നയൻതാരയും വിഘ്നേഷും പ്രണയത്തിലാകുന്നത്. ഇരുവരുമൊന്നിച്ചുള്ള ചിത്രങ്ങള്‍ വിഘ്നേഷ് ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്.
Read More: ‘വേർപിരിയൽ എളുപ്പമായിരുന്നില്ല’; പ്രണയം തകർന്നതിനെ കുറിച്ച് നയൻതാര മനസ് തുറക്കുന്നു
സീ അവാർഡ് സ്വീകരിക്കാനെത്തിയ നയൻതാര തന്റെ സോഷ്യൽ മീഡിയയിലെ ഫൊട്ടോകളെക്കുറിച്ചും വിഘ്നേഷുമായുളള പ്രണയത്തെക്കുറിച്ചും ആദ്യമായി തുറന്നു പറയുകയുണ്ടായി. താൻ ഇപ്പോൾ വളരെ സന്തോഷത്തിലാണെന്നും അതു തന്റെ മുഖത്തു നിങ്ങൾക്കിപ്പോൾ കാണാനാവുന്നുണ്ടെന്നു കരുതുന്നതായും നയൻതാര പറഞ്ഞു.
”ജീവിതത്തിൽ ഒരാൾക്ക് വേണ്ടത് മനഃസമാധാനമാണ്. അത് എനിക്കിപ്പോഴുണ്ട്. കുടുംബത്തിൽ സമാധാനമുണ്ട്. മനസിനു സമാധാനമുണ്ട്. ആ സമാധാനം നിങ്ങൾക്കു തരുന്നത് അച്ഛനോ അമ്മയോ ആകാം, ഭാര്യയാകാം, ഭർത്താവാകാം, ചിലപ്പോൾ നിങ്ങൾ വിവാഹം കഴിക്കാൻ പോകുന്നയാളാകാം. എന്റെ സ്വപ്നങ്ങൾ അയാളുടെ സ്വപ്നങ്ങളായി കണ്ട്, അതിനുവേണ്ട പിന്തുണ നൽകി കൂടെ നിൽക്കുന്നത് വളരെ സന്തോഷമായ കാര്യമാണ്. അതാണ് എന്റെ സന്തോഷവും” വിഘ്നേഷിന്റെ പേരെടുത്തു പറയാതെയാണ് നയൻതാര ഇക്കാര്യങ്ങൾ പറഞ്ഞത്.