തെന്നിന്ത്യന്‍ താരം നയന്‍‌താരയും തമിഴ് സംവിധായകന്‍ വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹമാണ് സിനിമാ ലോകം കാത്തിരിക്കുന്ന വലിയ ‘ഗുഡ് ന്യൂസ്.’ ഏറെക്കാലമായി അടുപ്പത്തിലായ ഇവരുടെ വിവാഹത്തെ സംബന്ധിച്ച വിവരങ്ങള്‍ ഇടയ്ക്കിടെ മാധ്യമങ്ങളിലും ചര്‍ച്ചയാവാറുണ്ട്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ പങ്കു വയ്ക്കാറുണ്ട്. വിഘ്നേഷിന്റെ കരിയറിൽ ഏറ്റവും വലിയ ബ്രേക്ക് നൽകിയ ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ഇരുവരും തമ്മിലുള്ള ബന്ധം ആരംഭിക്കുന്നത്. ചിത്രത്തിന്റെ അഞ്ചാം വാർഷികമാണ് ഇന്ന്. 2015ലായിരുന്നു ചിത്രം പുറത്തിറങ്ങിയത്.

Read More: വിക്കിയുടെ കൈകോർത്ത് നയൻതാര; വൈറലായി എയർപോർട്ട് ചിത്രങ്ങൾ

ഒരു ഇടവേളയ്ക്കു ശേഷം നയൻതാര സിനിമയിലേക്കു മടങ്ങി വന്നത് ‘നാനും റൗഡിതാൻ’ എന്ന ചിത്രത്തിലൂടെയായിരുന്നു. ആദ്യമായി ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചയും ആ ചിത്രത്തിലായിരുന്നു. തുടർന്നിങ്ങോട്ട് കരിയർ ഗ്രാഫ് കുത്തനെ ഉയരുന്ന തരത്തിലുള്ള മികച്ച വേഷങ്ങളാണ് നയൻതാരയെ കാത്തിരുന്നത്. സൂപ്പർതാരപദവിയിലേക്കുള്ള നയൻതാരയുടെ കുതിപ്പും ആ ചിത്രത്തിന് ശേഷമായിരുന്നു.

തുടക്കത്തിൽ ‘മാഡം’ എന്നാണ് നയൻതാരയെ സംബോധന ചെയ്തിരുന്നതെന്നും അവരൊരു വലിയ ആർട്ടിസ്റ്റായതിനാൽ അഭിനയിക്കുമ്പോൾ നിർദേശം നൽകാൻ ഭയമായിരുന്നുവെന്നും അവർ എന്തുകരുതും എന്ന ചിന്തയായിരുന്നു മനസ്സുനിറയയെ എന്നും വിഘ്നേശ് നേരത്തേ പറഞ്ഞിരുന്നു.

എന്നാൽ തന്റെ ആ ഭയം മാറ്റിത്തന്നത് നയൻതാരയായിരുന്നുവെന്നും ‘നീയൊരു സംവിധായകനാണ്. അതുകൊണ്ട് നീ ഒരിക്കലുമങ്ങനെ ചിന്തിക്കരുതെന്നും നീ തലകീഴായി നിൽക്കാൻ പറഞ്ഞാലും ഒരു അഭിനേതാവ് എന്ന നിലയ്ക്ക് ഞാനത് ചെയ്തേ പറ്റൂവെന്നും’ നയൻതാര പറഞ്ഞുവെന്നും അവരുടെ ആ വാക്കുകൾ തന്റെ ആത്മവിശ്വാസം ഇരട്ടിയാക്കിയെന്നും വിഘ്നേഷ് ഒരിക്കൽ പറഞ്ഞിരുന്നു.

നയന്‍‌താരയോ വിഘ്നേഷോ അവരുടെ ബന്ധത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും പരസ്യമായി സംസാരിക്കാറില്ല. എന്നാല്‍ ഒരിത്തൽ ഒരു തമിഴ് വെബ്സൈറ്റിനു നല്‍കിയ അഭിമുഖത്തില്‍ വിഘ്നേഷ് ശിവന്‍ നയന്‍‌താരയുമായുള്ള വിവാഹത്തെക്കുറിച്ച് സംസാരിച്ചിരുന്നു.

“ഏതാണ്ട് 22 തവണ ഞങ്ങളുടെ വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇന്റര്‍നെറ്റില്‍ വന്നിട്ടുണ്ട്. മൂന്ന് മാസം കൂടുമ്പോള്‍ ഈ വാര്‍ത്ത വന്നു കൊണ്ടിരിക്കും. ഞങ്ങള്‍ക്ക് ചില ലക്ഷ്യങ്ങള്‍ ഉണ്ട്. ചിലതൊക്കെ ചെയ്ത് തീര്‍ക്കണം എന്ന് ആഗ്രഹമുണ്ട്. അതെല്ലാം കഴിഞ്ഞു സ്വകാര്യജീവിതത്തിലേക്ക് പോകണം എന്ന് പദ്ധതിയുണ്ട്. ഞങ്ങളുടെ ഫോക്കസ് ഇപ്പോഴും ജോലിയില്‍ തന്നെയാണ്. മാത്രമല്ല, പ്രണയം എപ്പോള്‍ ബോറടിക്കുന്നു എന്ന് നോക്കാം. അപ്പൊ വിവാഹം കഴിക്കാം. ഇപ്പോള്‍ എല്ലാം ഭംഗിയായി പോകുന്നു. അടുത്ത ഘട്ടത്തിലേക്ക് പോകാന്‍ എല്ലാം ശരിയാകുമ്പോള്‍ ആ തീരുമാനമെടുക്കാം. അപ്പോള്‍ എല്ലാവരെയും അറിയിച്ചു, സന്തോഷമായി വിവാഹം നടത്താം,” ബിഹൈന്‍ വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ വിഘ്നേഷ് ശിവന്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook