ഏഴു വർഷത്തോളം നീണ്ട പ്രണയം വിവാഹത്തിലെത്തിയ സന്തോഷത്തിലാണ് തെന്നിന്ത്യൻ സൂപ്പർസ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും. ജൂൺ ഒമ്പതിന് മഹാബലിപുരത്ത് വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ശേഷം കൊച്ചിയിലെത്തി നയൻതാരയുടെ മാതാപിതാക്കളെെ കണ്ടശേഷമാണ് നയൻതാരയും വിഘ്നേഷും തായ്ലന്റിൽ ഹണിമൂണിനു പോയത്.
വിവാഹചിത്രങ്ങളും തായ്ലാന്റിൽ നിന്നുള്ള ചിത്രങ്ങളുമൊക്കെ വിഘ്നേഷ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ആരാധകർക്കായി ഷെയർ ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളിൽ അത്ര സജീവമല്ലാത്ത നയൻതാരയുടെ വിശേഷങ്ങളെല്ലാം വിഘ്നേഷിന്റെ സോഷ്യൽമീഡിയ അക്കൗണ്ടുകളിലൂടെയാണ് ആരാധകർ അറിയാറുള്ളത്.
നയൻതാരയ്ക്ക് ഒപ്പമുള്ള ചില റൊമാന്റിക് ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുകയാണ് വിഘ്നേഷ് ഇപ്പോൾ.
നയൻതാരയേയും വിജയ് സേതുപതിയേയും സാമന്തയേയും പ്രധാന കഥാപാത്രങ്ങളാക്കി വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത ‘കാത്തുവാക്കില രണ്ട് കാതൽ’ എന്ന ചിത്രത്തിലെ ‘അടി അഴഗാ സിരിച്ച മുഖമേ, നാൻ നിനച്ച തോന്റ്റും ഇടമേ’ എന്ന ഗാനത്തിലെ വരികളാണ് ചിത്രത്തിന് അടിക്കുറുപ്പായി വിഘ്നേഷ് നൽകിയിരിക്കുന്നത്.
‘കാത്തുവാക്കില രണ്ട് കാതൽ’ എന്ന ചിത്രത്തിലെ ഈ ഗാനം ഏറെ പ്രേക്ഷക പ്രീതി നേടിയ ഒന്നാണ്. വിഘ്നേഷ് ശിവൻ തന്നെയാണ് ഈ ഗാനത്തിന്റെ രചയിതാവ്. 38 മില്യൺ ആളുകളാണ് ഇതിനകം യൂട്യൂബിൽ ഈ ഗാനം കണ്ടത്. അനിരുദ്ധ് രവിചന്ദർ സംഗീതം നൽകിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് രവി ജി, സാഷ തിരുപതി, അനിരുദ്ധ് രവിചന്ദർ എന്നിവർ ചേർന്നാണ്.
Read more: വിശന്നാൽ നയൻ ഇങ്ങനെയാണ്; രസകരമായ റീലുമായി വിഘ്നേഷ് ശിവൻ