/indian-express-malayalam/media/media_files/uploads/2022/05/nayanthara.jpg)
തെന്നിന്ത്യയുടെ പ്രിയ ജോഡികളാണ് നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും. ഇരുവരും ജൂൺ 09ന് വിവാഹിതരാവുന്നു എന്ന രീതിയിൽ അഭ്യൂഹങ്ങളുണ്ട്. എന്നാൽ നയൻതാരയോ വിഘ്നേഷോ ഇതുവരെ ഈ വാർത്തകളോട് പ്രതികരിച്ചിട്ടില്ല.
നയൻതാരയ്ക്ക് ഒപ്പമുള്ള ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് വിഘ്നേഷ് ഇപ്പോൾ. മഹാബലിപുരത്തെ ഒരു റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ പോയതിനിടെ പകർത്തിയ വീഡിയോ ആണിത്. നയൻതാരയ്ക്ക് ഭക്ഷണം വാരികൊടുക്കുന്ന വിഘ്നേഷ് ശിവനെ വീഡിയോയിൽ കാണാം.
"നന്നായി ഭക്ഷണം കഴിക്കാനുള്ള സമയം. അവൾക്ക് ഏറ്റവും മികച്ച നാടൻ ഭക്ഷണം നൽകുന്നതാണ് സന്തോഷം. പ്രിയപ്പെട്ടൊരു സീ ഫുഡ് റെസ്റ്റോറന്റിൽ. ഞങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടുന്നത് രുചികരമായ ഭക്ഷണവും ആകർഷകമായ ആളുകളുമുള്ള ഇത്തരം സ്ഥലങ്ങളിൽ മാത്രമാണ്," വിഘ്നേഷ് കുറിക്കുന്നു.
അടുത്തിടെയാണ് വിഘ്നേശ് ശിവൻ സംവിധാനം ചെയ്ത ‘കാത്തുവാക്കുല രണ്ടു കാതൽ’ എന്ന ചിത്രം തിയേറ്ററുകളിൽ എത്തിയത്. വിജയ് സേതുപതി നായകനായ ചിത്രത്തിൽ നയൻതാരയും സാമന്തയുമാണ് നായികമാരായി അഭിനയിച്ചത്. ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്.
ഒരു റൊമാന്റിക് കോമഡി ചിത്രമാണ് ‘കാത്തുവാക്കുല രണ്ടു കാതൽ’. വിഘ്നേശ് ശിവനും നയൻതാരയും സെവൻ സ്ക്രീൻ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസം ‘കാത്തുവാക്കുല രണ്ടു കാതൽ’ വലിയ വിജയമാകുന്നതിൽ നയൻതാര നൽകിയ പിന്തുണയെക്കുറിച്ച് വിഘ്നേഷ് വാചാലനായിരുന്നു. ”പ്രിയപ്പെട്ട തങ്കമേ ഇപ്പോൾ കൺമണിയും.. എന്റെ ജീവിതത്തിലെ നെടുംതൂണായതിന് നന്ദി! നീ എന്റെ മുതുകത്ത് നൽകുന്ന ആ തട്ട്.. നീ എപ്പോഴും എന്റെ കൂടെയുണ്ട് എന്ന വിശ്വാസമാണ്. എന്റെ ജീവിതത്തിൽ എല്ലായ്‌പ്പോഴും ഞാൻ താഴ്ന്നവനും അവ്യക്തനുമായിരുന്നു! നീ എന്നോടൊപ്പം നിന്നപ്പോൾ തീരുമാനങ്ങൾ എടുക്കാൻ എനിക്ക് കഴിഞ്ഞു, ഒരു കൂട്ടാളിയായി നീ എപ്പോഴും എന്റെ കൂടെ ഉണ്ടായിരുന്നു.. ഇതെല്ലാം നടന്നതും ഈ സിനിമ പൂർത്തിയായതിനും കാരണം നീയാണ്. നീയാണ് ഈ സിനിമ .. നീയാണ് എനിക്ക് ഈ വിജയം. എന്റെ കൺമണി.”, അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.