ഏറെ വർഷത്തെ പ്രണയത്തിനുശേഷം നയൻതാരയും വിഘ്നേഷ് ശിവനും ജീവിതത്തിൽ ഒന്നാവുകയാണ്. ഇരുവരുടെയും വിവാഹം ഇന്ന് മഹാബലിപുരത്ത് വച്ച് നടക്കും. വിവാഹ ദിനത്തിൽ ഹൃദയം തൊടുന്ന കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് വിഘ്നേഷ്.
”ഇന്ന് ജൂൺ 9, ഇന്ന നയൻസിന്റേതാണ്. എന്റെ ജീവിതത്തിലെ എല്ലാ നല്ല മനുഷ്യർക്കും ദൈവത്തിനും പ്രപഞ്ചത്തിനും നന്ദി. ഓരോ നല്ല ഹൃദയത്തിനും, ഓരോ നല്ല നിമിഷവും, എല്ലാ നല്ല അനുഗ്രഹങ്ങളും കൊണ്ട് എന്റെ ജീവിതത്തെ മനോഹരമാക്കിയ ഓരോ പ്രാർത്ഥനയ്ക്കും നന്ദി. എല്ലാത്തിനും ഞാൻ കടപ്പെട്ടിരിക്കുന്നു. ഇപ്പോൾ, ഇതെല്ലാം എന്റെ ജീവിതത്തിലെ സ്നേഹത്തിനായി സമർപ്പിക്കപ്പെട്ടിരിക്കുന്നു, നയൻതാര.”
”എന്റെ തങ്കമേ.. ഏതാനും മണിക്കൂറുകൾക്കുള്ളിൽ നീ നടന്നു വരുന്നത് കാണുന്നതിൽ ഞാൻ ആവേശത്തിലാണ്. എന്റെ കുടുംബത്തിന്റെയും അടുത്ത സുഹൃത്തുക്കളുടെയും മുന്നിൽവച്ച് ഔദ്യോഗികമായി ജീവിതത്തിലെ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്,” ഇതായിരുന്നു വിഘ്നേഷ് കുറിച്ചത്.
2015 ൽ ‘നാനും റൗഡി താൻ’ എന്ന സിനിമയുടെ ഷൂട്ടിങ് സെറ്റിൽവച്ചാണ് വിഘ്നേഷും നയൻതാരയും സൗഹൃദത്തിലാവുന്നത്. കഴിഞ്ഞ വർഷമായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. ടിവി ഷോയിൽ സിനിമാ പ്രൊമോഷന് എത്തിയപ്പോഴാണ് വിവാഹ നിശ്ചയം കഴിഞ്ഞ വിവരം നയൻതാര അറിയിച്ചത്.