scorecardresearch

Latest News

കൺമണീ, നീയെന്ന ഭാഗ്യനക്ഷത്രം: നയൻതാര- വിഘ്നേഷ് പ്രണയനാളുകളിങ്ങനെ

“നിങ്ങൾ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് പ്രണയം നിങ്ങളെ കണ്ടെത്തും,” തെന്നിന്ത്യൻ സൂപ്പർസ്റ്റാർ നയൻതാരയുടെയും സംവിധായകൻ വിഘ്‌നേഷ് ശിവന്റെയും പ്രണയകഥ

Nayanthara Vignesh Shivan Wedding

“നിങ്ങൾ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് പ്രണയം നിങ്ങളെ കണ്ടെത്തും,” എന്നു പറഞ്ഞത് ടെയ്‌ലർ സ്വിഫ്റ്റ് ആണ്. തെന്നിന്ത്യൻ സൂപ്പർസ്റ്റാറും മലയാളികളുടെ സ്വകാര്യ അഹങ്കാരവുമായ നയൻതാരയുടെയും സംവിധായകൻ വിഘ്‌നേഷ് ശിവന്റെയും കാര്യത്തിൽ സംഭവിച്ചതും അതാണ്. 2015ൽ പുറത്തിറങ്ങിയ നാനും റൗഡി താൻ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്, തീർത്തും പ്രൊഫഷണലായ ആ കണ്ടുമുട്ടലും പരിചയപ്പെടലും പിന്നീട് പ്രണയമായി. ഏഴുവർഷമായി പരസ്പരം കൂട്ടായി, കരുത്തായി ഇരുവരും ഒന്നിച്ചുണ്ട്. ഇപ്പോൾ തങ്ങളുടെ ബന്ധത്തെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോവുകയാണ് നയൻതാരയും വിഘ്നേഷും. നാളെ (ജൂൺ 09) ഇരുവരും വിവാഹിതരാവുകയാണ്. ആരാധകർ ഒന്നാകെ കാത്തിരിക്കുന്ന നയൻതാര- വിഘ്നേഷ് വിവാഹത്തിനായി മഹാബലിപുരത്തെ കല്യാണവേദിയും അവസാനഘട്ട ഒരുക്കത്തിലാണ്.

vignesh on nayanthara

നയൻതാരയെന്ന ഭാഗ്യനക്ഷത്രം

വിഘ്നേഷ് ശിവനെ സംബന്ധിച്ച് ഒരു ഭാഗ്യനക്ഷത്രമാണ് നയൻതാര. 2015ൽ പുറത്തിറങ്ങിയ നാനും റൗഡി താന്റെ സെറ്റിൽ വച്ചാണ് ആ പ്രണയം മൊട്ടിട്ടത്. നയൻതാരയും വിജയ് സേതുപതിയും പ്രധാന വേഷത്തിൽ അഭിനയിച്ച ചിത്രം വിഘ്‌നേഷിന് ഏറെ നിരൂപകപ്രശംസ നേടികൊടുത്തതിനൊപ്പം വാണിജ്യപരമായും വിജയമായിരുന്നു. നയൻതാര വിഘ്‌നേഷിന്റെ ഭാഗ്യനക്ഷത്രമാണെന്ന് തെളിയിക്കുന്നതായിരുന്നു ചിത്രത്തിന്റെ വിജയം! അവിടുന്നങ്ങോട്ട് വിഘ്നേഷിന് തിരികെ നോക്കേണ്ടി വന്നിട്ടില്ല.

ഏറ്റവും പ്രിയപ്പെട്ട സ്വകാര്യത

ജീവിതത്തിൽ ആദ്യകാലത്ത് നേരിട്ട ചില ദുരനുഭവങ്ങൾ മൂലമാവാം വളരെ പ്രിയപ്പെട്ടൊരു സ്വകാര്യത പോലെയാണ് നയൻതാര വിഘ്നേഷുമായുള്ള പ്രണയത്തെ ആദ്യകാലങ്ങളിൽ ഡീൽ ചെയ്തത്. ഇരുവർക്കുമിടയിലെ പ്രണയം മറ്റുള്ളവർ ശ്രദ്ധിച്ചു തുടങ്ങിയ ഒരു അവസരം, സൈമ അവാർഡിൽ ഇരുവരും ഒന്നിച്ച് പങ്കെടുത്തപ്പോഴാണ്. നയൻതാരയും വിഘ്‌നേഷും ഒരുമിച്ചിരുന്നാണ് ആ അവാർഡ് നിശ ആസ്വദിച്ചത്. ചടങ്ങിൽ ഇരുവരും പുരസ്കാരങ്ങളും നേടി.

നാനും റൗഡി താനും എന്ന ചിത്രത്തിനുള്ള അവാർഡ് വിഘ്നേഷിൽ നിന്നും ഏറ്റുവാങ്ങാനാണ് നയൻതാര ആഗ്രഹിച്ചത്, വേദിയിലിരിക്കുന്ന അതിഥികളോടും അവതാരകരോടും വിഘ്നേഷിനെ സ്റ്റേജിലേക്ക് വിളിക്കാൻ അനുവദിക്കണമെന്ന് നയൻതാര അഭ്യർത്ഥിച്ചു. അന്ന് ആ വീഡിയോ ഏറെ വൈറലായിരുന്നു. പ്രസംഗത്തിനിടെ, തന്നിൽ വിശ്വസിച്ചതിന് നയൻതാര വിഘ്നേഷിന് നന്ദി പറയുകയും ചെയ്തു. അതേസമയം ജീവിതത്തിൽ താൻ കണ്ട ഏറ്റവും മികച്ച വ്യക്തിയാണ് നയൻതാരയെന്നായിരുന്നു വിഘ്നേഷ് മറുപടി പ്രസംഗത്തിൽ പറഞ്ഞത്.

വർഷങ്ങൾക്ക് ശേഷം, നാനും റൗഡി താനിന്റെ നാലാം വാർഷികത്തിൽ വിഘ്‌നേഷ് പങ്കുവച്ച കുറിപ്പും ഇരുവർക്കുമിടയിലെ അടുപ്പത്തിനും പ്രണയത്തിനും അടിവരയിടുന്നതായിരുന്നു. “നന്ദി തങ്കമേ. നിങ്ങളെ കണ്ടുമുട്ടിയതിന് ശേഷമുള്ള ജീവിതം മധുര നിമിഷങ്ങൾ കൊണ്ട് മാത്രം അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു! ഈ ദിവസത്തിന് നന്ദി! ഈ സിനിമ ചെയ്യാൻ സമ്മതിച്ചതിന് നന്ദി.. അങ്ങനെ എനിക്ക് നല്ലൊരു ജീവിതം ആസ്വദിക്കാനുള്ള അവസരം തന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, അകത്തും പുറത്തും ഈ സുന്ദരിയായി നിങ്ങൾ എപ്പോഴും നിലനിൽക്കട്ടെ – എന്നേക്കും! നിറയെ സ്നേഹം,” ഇൻസ്റ്റാഗ്രാം കുറിപ്പിൽ വിഘ്നേഷ് കുറിച്ചു.

വിഘ്നേഷ്; നയൻതാരയുടെ ഏറ്റവും വലിയ ആരാധകൻ

ഒരു പ്രണയിനി എന്നതിനപ്പുറം നയൻതാരയെന്ന അഭിനേത്രിയോട് വലിയ ആദരവ് മനസ്സിൽ സൂക്ഷിക്കുന്ന വ്യക്തിയാണ് താനെന്ന് പലപ്പോഴും വിഘ്നേഷ് വ്യക്തമാക്കിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ സജീവമല്ലാത്ത നയൻതാരയ്ക്ക് വേണ്ടി പലപ്പോഴും വിശേഷങ്ങൾ അവരുടെ ആരാധകരുമായി പങ്കുവയ്ക്കുന്നതും വിഘ്നേഷ് ആണ്.ഇരുവരും ഒന്നിച്ചുള്ള യാത്രകൾ, ആഘോഷദിനങ്ങൾ, ജന്മദിനാഘോഷങ്ങൾ, ഉത്സവങ്ങൾ, ക്ഷേത്ര സന്ദർശനങ്ങൾ എന്നിവയുടെ വിശേഷങ്ങളും വിഘ്നേഷിലൂടെയാണ് ആരാധകർ അറിയുന്നത്.

2021ൽ നയൻതാര ഒരു മോതിരം അണിഞ്ഞു നിൽക്കുന്ന ചിത്രം വിഘ്നേഷ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ആ പോസ്റ്റ് വൈറലാവുകയും ഇരുവരും വിവാഹിതരായെന്ന ഊഹാപോഹങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്തു. പിന്നീട് ആ മോതിരത്തിനു പിന്നിലെ കഥ, ‘നെട്രികൺ’ എന്ന തന്റെ ചിത്രത്തിന്റെ പ്രമോഷനിടെ നയൻതാര തന്നെ വെളിപ്പെടുത്തി.

“അത് എന്റെ വിവാഹനിശ്ചയ മോതിരമായിരുന്നു. ഞങ്ങൾ സ്വകാര്യത ഇഷ്ടപ്പെടുന്ന വ്യക്തികളാണ്, അതിനാൽ ഒരു വലിയ ചടങ്ങ് നടത്താൻ ഞങ്ങൾ ആഗ്രഹിച്ചില്ല. അടുത്ത കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ഞങ്ങളുടെ വിവാഹനിശ്ചയം നടന്നു. ഞങ്ങൾ വിവാഹിതരാവാൻ തീരുമാനിക്കുമ്പോൾ, തീർച്ചയായും ആരാധകരെ അറിയിക്കും,” എന്നായിരുന്നു ഒരു ചാറ്റ് ഷോയ്ക്കിടയിൽ നയൻതാര വെളിപ്പെടുത്തിയത്.

വിഘ്നേഷ് ശിവന്റെ ഏറ്റവും പുതിയ റിലീസായ ‘കാട്ടുവാക്കല രണ്ടു കാതൽ’ എന്ന ചിത്രത്തിലും നയൻതാര കേന്ദ്രകഥാപാത്രമായി എത്തിയിരുന്നു. വിജയ് സേതുപതി നായകനായ ചിത്രത്തിൽ ഒരു നായിക നയൻതാരയും രണ്ടാമത്തെയാൾ സാമന്ത റൂത്ത് പ്രഭുവും ആയിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രം നേടിയത്.

ചിത്രത്തിന്റെ വിജയം ആഘോഷിച്ച വിഘ്നേഷ് നയൻതാരയെ പ്രശംസിച്ചുകൊണ്ട് കുറിച്ച വരികളും ശ്രദ്ധ നേടിയിരുന്നു. “പ്രിയപ്പെട്ട തങ്കമേ, എന്റെ ജീവിതത്തിലെ ശക്തിയുടെ നെടുംതൂണായതിന് നന്ദി! നിങ്ങൾ എനിക്ക് നൽകുന്ന പ്രോത്സാഹനം, നിങ്ങൾ എന്നെയെത്രത്തോളം കരുതുന്നുവെന്ന് അതിലുണ്ട്. ഓരോ തവണയും ജീവിതത്തിൽ ഞാനിടറുമ്പോൾ എന്തു ചെയ്യണമെന്ന് വ്യക്തത ഇല്ലാതാവുമ്പോൾ, നിങ്ങൾ എന്നോടൊപ്പം നിന്ന രീതി, തീരുമാനങ്ങൾ എടുക്കാൻ എന്നെ പ്രേരിപ്പിച്ച രീതി… ഒരു കൂട്ടാളി എന്ന നിലയിൽ നിങ്ങൾ എനിക്കൊപ്പം കരുത്തായി നിന്നു. ഇതെല്ലാം എന്നെയും ഈ സിനിമയെയും പൂർണ്ണമാക്കുന്നു! നിങ്ങളാണ് ഈ സിനിമ. നിങ്ങളാണ് എന്റെ വിജയം!!! ഇതെല്ലാം നീ കാരണമാണ് എന്റെ കൺമണി.”

ജൂൺ 7 ന് നടത്തിയ വാർത്താ സമ്മേളനത്തിൽ, ജൂൺ 09 ന് നയൻതാരയും താനും വിവാഹിതരാകുമെന്ന് വിഘ്‌നേഷ് ശിവൻ ഔദ്യോഗികമായി വെളിപ്പെടുത്തി. തിരുപ്പതി ക്ഷേത്രത്തിൽ വച്ച് വിവാഹിതരാവണം എന്നുണ്ടായിരുന്നെങ്കിലും ചില പ്രായോഗികമായ ബുദ്ധിമുട്ടുകൾ കാരണം മഹാബലി പുരത്തെ സ്വകാര്യ റിസോർട്ടിലേക്ക് വിവാഹവേദി മാറ്റുകയായിരുന്നുവെന്നും വിഘ്നേഷ് പറഞ്ഞു. വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുക്കുന്നതെന്നും വിഘ്നേഷ് വ്യക്തമാക്കി.

“പ്രൊഫഷണലായി നിങ്ങളുടെ അനുഗ്രഹം എനിക്കുണ്ടായത് പോലെ, എന്റെ വ്യക്തിജീവിതത്തിനും അത് ആവശ്യമാണ്. ഞാൻ ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് നീങ്ങുകയാണ്. ജൂൺ 9ന്, എന്റെ പ്രണയിനിയായ നയൻതാരയെ ഞാൻ വിവാഹം കഴിക്കുകയാണ്. വിവാഹത്തിന് ശേഷം, ഉച്ചകഴിഞ്ഞ്, ഞങ്ങൾ എല്ലാവരുമായും വിവാഹചിത്രങ്ങൾ പങ്കിടും,” പത്രസമ്മേളനത്തിൽ വിഘ്നേഷ് പറഞ്ഞു. ജൂൺ 11ന് നയൻതാരയ്ക്ക് ഒപ്പം മാധ്യമപ്രവർത്തകരെ കാണുമെന്നും വിഘ്നേഷ് വ്യക്തമാക്കി.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Vignesh shivan nayanthara relationship to wedding photos videos timeline