നയൻതാരയും വിഘ്‌നേശ് ശിവനും ഒരുമിച്ചുളള ചിത്രങ്ങൾ എപ്പോഴും തലക്കെട്ടുകൾ ആകാറുണ്ട്. അടുത്തിടെ ഫ്രണ്ട്ഷിപ് ഡേയ്ക്ക് ഇരുവരും ഒന്നിച്ചുള്ളൊരു ചിത്രം പോസ്റ്റ് ചെയ്താണ് വിഘ്നേശ് ആശംസ നേർന്നത്. ഇത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ ഇരുവരും ഒന്നിച്ചുളള മറ്റൊരു ചിത്രവും ട്രെൻഡാവുകയാണ്.

നയൻതാരയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം ‘കോലമാവു കോകില’യുടെ ഷൂട്ടിങ് സെറ്റിൽനിന്നുളള ചിത്രമാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡാവുന്നത്. ചിത്രത്തിന്റെ പ്രൊമോഷൻ ഗാനത്തിന്റെ ചിത്രീകരണ സമയത്ത് ഇരുവരും ചേർന്നെടുത്തതാണ് ഫോട്ടോ. കോലമാവു കോകിലയുടെ പ്രൊമോഷൻ ഗാനം സംവിധാനം ചെയ്യുന്നത് വിഘ്നേശ് ആണെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. പ്രൊമോഷൻ ഗാനത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് പ്രശസ്ത സിനിമാറ്റോഗ്രാഫർ രവി വർമ്മൻ ആണ്. സംഗീതം അനിരുദ്ധ രവി ചന്ദറിന്റേതാണ്.

മൂന്നു വർഷങ്ങൾക്കുശേഷമാണ് നയൻതാരയ്ക്കൊപ്പം വർക്ക് ചെയ്യുന്നതെന്നാണ് വിഘ്നേശ് ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്. മൂന്നു വർഷങ്ങൾക്കു മുൻപ് വിഘ്നേശ് സംവിധാനം ചെയ്ത നനും റൗഡി താൻ സിനിമയിൽ നയൻതാര ആയിരുന്നു നായിക. സിനിമ വൻ ഹിറ്റായിരുന്നു.

നയന്‍താരയെ കേന്ദ്രകഥാപാത്രമാക്കി നെല്‍സണ്‍ ദീലീപ് ഒരുക്കുന്ന ചിത്രമാണ് ‘കോലമാവ് കോകില’ അഥവാ ‘കോകോ’. നയന്‍താരയെ കൂടാതെ ശരണ്യ പൊന്‍വണ്ണന്‍, യോഗി ബാബു, ജാക്ക്വലീന്‍ എന്നിരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആക്ഷനും ഹൊററിനും പ്രാധാന്യം നല്‍കുന്ന ചിത്രമായിരിക്കും കൊകോ. അനിരുദ്ധ് രവിചന്ദര്‍ സംഗീതം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ലൈക്ക പ്രൊഡക്ഷന്‍സാണ്.

‘കോലമാവ് കോകില’യിലെ ‘കല്യാണ വയസു താന്‍ വന്തിടിത്ത് ഡീ’ എന്ന ഗാനം ഇപ്പോള്‍ തന്നെ ഹിറ്റായിക്കഴിഞ്ഞു. ചിത്രത്തില്‍ നയന്‍താരയുടെ നായകനായി എത്തുന്നത് യോഗി ബാബുവാണ്. നയന്‍താരയുടെ പുറകെ നടക്കുന്ന നായകനെയാണ് പാട്ടില്‍ പ്രേക്ഷകര്‍ കാണുന്നത്. ‘കോലമാവ് കോകില’യില്‍ നയന്‍താരയ്ക്കൊപ്പം അഭിനയിച്ചത് നല്ല അനുഭവമായിരുന്നെന്നും യോഗി പറഞ്ഞു. ചിത്രീകരണ വേളയില്‍ ഉടനീളം നയന്‍താര നല്ല പിന്തുണ നല്‍കിയെന്നും, നയന്‍താരയോട് തനിക്ക് ശരിക്കും പ്രണയം തോന്നിയെന്നും യോഗി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

കോലമിടാന്‍ ഉപയോഗിക്കുന്ന മാവില്‍ മയക്കുമരുന്ന് കടത്തുന്നതിനാലാണ് ‘കോലമാവ് കോകില’ എന്ന വിളിപ്പേര്. ഇത്തരത്തില്‍ മാഫിയാ പ്രവര്‍ത്തനങ്ങളുമായി ബന്ധമുള്ള ഒരു കഥാപാത്രത്തെ നയന്‍‌താര അവതരിപ്പിക്കുന്നത്‌ ഇതാദ്യമായാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ