വിഘ്നേഷ് ശിവന്റെ ഈ വർഷത്തെ പിറന്നാൾ ആഘോഷം ദുബായിൽ ആയിരുന്നു നയൻതാര സംഘടിപ്പിച്ചത്. വിഘ്നേഷിന്റെ അമ്മ, സഹോദരി, അടുത്ത ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരും പിറന്നാളാഘോഷത്തിനായി വിഘ്നേഷിനും നയൻതാരയ്ക്കുമൊപ്പം ദുബായിൽ എത്തിയിരുന്നു.
പിറന്നാൾ ദിനത്തിൽ അമ്മയ്ക്ക് ഒപ്പം ദുബായിൽ ചെലവഴിച്ച ദിവസങ്ങളെ കുറിച്ച് ഹൃദയസ്പർശിയായൊരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് വിഘ്നേഷ് ഇപ്പോൾ. കുടുംബത്തോടൊപ്പം ചെലവഴിച്ച ഈ പിറന്നാളാണ് ജീവിതത്തിലെ ഏറ്റവും മനോഹരമായതെന്നും കുറിപ്പിൽ വിഘ്‌നേഷ് പറയുന്നു.
“അമ്മയെ വിദേശരാദ്യങ്ങൾ കൊണ്ടുപോയി, അംബരചുബികളായ കെട്ടിടങ്ങളും പുതിയ മനുഷ്യരെയും കൗതുകങ്ങളും കാണിച്ചുകൊടുക്കുക എന്നതും അതു കാണുമ്പോൾ അമ്മയ്ക്കുണ്ടാവുന്ന സന്തോഷം നേരിൽ കാണുകയെന്നതും എന്റെ എക്കാലത്തെയും വലിയ സ്വപ്നമായിരുന്നു. അമ്മയുടെ മുഖത്തെ സന്തോഷം, അതെനിക്ക് സംതൃപ്തി നൽകുന്നു, എന്റെ എല്ലാ കഠിനാധ്വാനങ്ങൾക്കും അർഥമുണ്ടാകുന്നതും ജീവിതം പൂർണമാകുന്നതും അപ്പോൾ മാത്രമാണ്. അതെനിക്ക് എല്ലാറ്റിലും മുകളിലാണ്.
ജന്മദിനത്തിൽ കുടുംബത്തോടൊപ്പം ദുബായ് സന്ദർശിച്ച ഈ കുറച്ചു ദിവസങ്ങളും അവരോടൊപ്പം ഞാൻ നെഞ്ചേറ്റിയ ആവേശവും സന്തോഷവും എപ്പോഴും എന്റെ ഹൃദയത്തിലുണ്ടാവും. എന്റെ ബക്കറ്റ് ലിസ്റ്റിലെ കുഞ്ഞുകുഞ്ഞ് ആഗ്രഹങ്ങളിൽ ഭൂരിഭാഗവും സത്യമാകാൻ സഹായിച്ച ദൈവത്തിനും പ്രപഞ്ചത്തിനും നന്ദി,” വിഘ്നേഷ് കുറിക്കുന്നു.