വിയറ്റ്നാം കോളനിയിലെ വില്ലൻ റാവുത്തറിനെ മലയാളികൾ അത്ര പെട്ടൊന്നും മറക്കാനിടയില്ല. തെലുങ്ക് താരമായ വിജയ രംഗ രാജയാണ് റാവുത്തറിനെ വെള്ളിത്തിരയില്‍ അനശ്വരമാക്കിയത്. 25 വർഷങ്ങൾക്കുശേഷം റാവുത്തറിനെ മലയാളികൾക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ് നടി ജുവൽ മേരി.
റാവുത്തർ ആളാകെ മാറി. വണ്ണമൊക്കെ പോയി മെലിഞ്ഞു. ഒരിടവേളയ്ക്ക് ശേഷം രംഗരാജ വീണ്ടും സിനിമയിൽ സജീവമാകുകയാണ്. ജുവൽ നായികയാകുന്ന അണ്ണാദുരൈ എന്ന തമിഴ് ചിത്രത്തിലാണ് അദ്ദേഹം ഇപ്പോൾ അഭിനയിക്കുന്നത്. ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് രംഗരാജ എത്തുന്നത്.
‘മൊബൈലും മറ്റും ഇല്ലാതിരുന്ന ഒരു കാലത്ത് മലയാളികൾ അയച്ചിരുന്ന കത്തുകൾ വലിയ ചാക്കുകണക്കിന് ഇദ്ദേഹത്തിന് കിട്ടറുണ്ടയിരുന്നു !! എല്ലാവരോടും ഒരുപാട് സ്നേഹം അറിയിച്ചു…’ രംഗരാജയെ കണ്ടശേഷം ജുവൽ മേരി ഫെയ്സ്ബുക്കിൽ കുറിച്ചു.
1992 ൽ സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിൽ വിരിഞ്ഞ ചിത്രമാണ് വിയറ്റ്നാം കോളനി. മോഹൻലാൽ ആയിരുന്നു നായകൻ. കനകയായിരുന്നു നായിക. ഇന്നസെന്റ്, കെപിഎസി ലളിത, കുതിരവട്ടം പപ്പു, നെടുമുണി വേണു, ഫിലോമിന തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. ചിത്രം വൻ വിജയമായിരുന്നു.