ലോകത്തെ തന്നെ മികച്ച സംവിധായകന്‍മാരില്‍ ഒരാളായ സ്റ്റീവന്‍ സ്പീല്‍ബെര്‍ഗിനോപ്പം താനിരിക്കുന്ന ചിത്രം കണ്ട ഞെട്ടലിലാണ് നടി വിദ്യാ ബാലന്‍. താന്‍ പോലും ഇതുവരെ കാണാത്ത ഒരു ചിത്രമാണ് ഇതെന്നും ഇത് പോസ്റ്റ് ചെയ്തതാരായാലും നന്ദിയറിക്കുന്നുവെന്നും കുറിച്ച് വിദ്യ തന്നെ ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

സ്പീല്‍ബെര്‍ഗിനൊപ്പം വിദ്യാ ബാലന്‍

2013ല്‍ നടന്ന 66റാമത് കാന്‍ ഫിലിം ഫെസ്റ്റിവലിലേതാണ് ചിത്രം. അന്നത്തെ ഒമ്പതംഗ ജൂറിയില്‍ ഒരാളായിരുന്നു വിദ്യ. അന്ന് ജൂറിയെ നയിച്ചിരുന്നത് സ്പില്‍ബെര്‍ഗായിരുന്നു. ഇവരെ കൂടാതെ ഓസ്‌കാര്‍ ജേതാക്കളായ നിക്കോള്‍ കിഡ്മാന്‍, ക്രിസ്റ്റ്ഫ് വാള്‍ട്‌സ് എന്നിവരും ലൈഫ് ഓഫ് പൈ എന്ന ചിത്രത്തിന്റെ സംവിധായകനായ ആങ് ലീയും ജൂറി അംഗങ്ങളായിരുന്നു.

കാന്‍ ഫെസ്റ്റിവലില്‍ വിദ്യാ ബാലന്‍

ഫാഷന്‍ തലസ്ഥാനം കൂടിയായ കാന്‍ ഫെസ്റ്റിവലില്‍ ബോളിവുഡിനെ പ്രതിനിധീകരിച്ചെത്തിയ വിദ്യയുടെ ഇന്ത്യന്‍ വേഷങ്ങള്‍ പാപ്പരാസിയുടെ ശ്രദ്ധയും പിടിച്ചു പറ്റിയിരുന്നു. അത് പോലെ വിമര്‍ശനങ്ങളും ഉണ്ടായിരുന്നു. അതിനെക്കുറിച്ച് വിദ്യ പറഞ്ഞതിങ്ങനെ

‘ഇന്ത്യന്‍ വേഷങ്ങള്‍ എനിക്കിഷ്ടമാണ്. എവിടെയാണെങ്കിലും ഞാന്‍ അതായിരിക്കും ധരിക്കുക. കാനില്‍ അതിനൊരു മാറ്റം വേണമെന്ന് എനിക്ക് തോന്നിയില്ല. ഞാന്‍ ധരിച്ചിരുന്ന ഇന്ത്യന്‍ വേഷങ്ങള്‍ ഇഷ്ടപ്പെട്ടവരും ധാരളമുണ്ട്.’

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ