പ്രമുഖ നടി മീനാകുമാരിയുടെ ജീവിതം വെള്ളിത്തിരയിലെത്തിക്കുന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിയില്ലെന്ന് നടി വിദ്യാ ബാലന്‍. ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ കരണ്‍ റസ്ദാനാണ് ഇക്കാര്യം പറഞ്ഞത്. മീനാകുമാരിയുടെ കഥാപാത്രമാകാന്‍ തനിക്ക് കഴിയില്ലെന്ന് വിദ്യ പറഞ്ഞു.

നേരത്തേ മാധുരി ദീക്ഷിതിനെയും ഇതിനായി സമീപിച്ചിരുന്നെങ്കിലും മാധുരിയും കഴിയില്ലെന്നായിരുന്നു പറഞ്ഞിരുന്നത്. ചിത്രത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ അഭിനയിക്കാന്‍ തയ്യാറായത് സണ്ണി ലിയോണ്‍ മാത്രമാണ്. ‘എന്നാണ് നമ്മള്‍ ഈ സിനിമ തുടങ്ങുന്നത്’ എന്നായിരുന്നു സണ്ണിയുടെ പ്രതികരണം എന്നും കരണ്‍ പറഞ്ഞു.

തിരക്കഥ വിദ്യാ ബാലനോട് പറഞ്ഞിരുന്നെങ്കിലും, കഴിഞ്ഞ കുറേ നാളുകളായി ഏറെ സീരിയസ് കഥാപാത്രങ്ങളാണ് താന്‍ ചെയ്യുന്നതെന്നും അല്ലാത്ത കഥാപാത്രങ്ങളാണ് ഇനി നോക്കുന്നതെന്നുമായിരുന്നു വിദ്യാബാലന്റെ മറുപടിയെന്ന് കരണ്‍ വ്യക്തമാക്കി. ഭാവിയില്‍ വിദ്യക്ക് പറ്റിയ ഒരു കഥയുമായി എത്താന്‍ തനിക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1939ല്‍ ഫര്‍സന്റ് ഏ വദന്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് ചുവടുവച്ച് മീനാ കുമാരിയുടെ ജീവിതം ഏറെ വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു. മുഴുവനായും മീനാകുമാരിയുടെ ജീവിതമല്ലെങ്കിലും, അവരുടെ ജീവിതത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് കരണ്‍ ഈ ചിത്രം ചെയ്യുന്നത്. മീനാ കുമാരിയുടെ ജീവിതത്തോട് സാമ്യമുള്ളതാണ് തന്റെ കഴിഞ്ഞകാല ജീവിതം എന്ന് വിദ്യാ ബാലന്‍ വിശ്വസിക്കുന്നുവെന്നും കരണ്‍ പറയുന്നു. എന്നാല്‍ ഇപ്പോള്‍ ഈ കഥാപാത്രം ചെയ്യാന്‍ നല്ല ധൈര്യം ആവശ്യമാണ്. മാധുരി ദീക്ഷിതിനും പല കാരണങ്ങള്‍ കൊണ്ട് ചിത്രം വേണ്ടെന്നു വയ്‌ക്കേണ്ടി വന്നു. സണ്ണി ലിയോണ്‍ ഒരു ഉചിതമായ തെരഞ്ഞെടുപ്പല്ലെങ്കിലും അവര്‍ മാത്രമാണ് ചിത്രത്തെക്കുറിച്ച് ഏറെ ഉത്സാഹത്തോടെ സംസാരിച്ചതെന്നും കരണ്‍ വ്യക്തമാക്കി.

എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ‘ആമി’ എന്ന ചിത്രത്തിലേക്ക് നേരത്തേ വിദ്യാ ബാലനെ പരിഗണിച്ചിരുന്നെങ്കിലും പിന്നീട് താരം പിന്മാറുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ