ബോളിവുഡിന്റെ താരസുന്ദരി വിദ്യാ ബാലൻ രജനീകാന്തിന്റെ നായികയായേക്കും. കബാലിക്ക് ശേഷം രജനീകാന്തും പാ രഞ്ജിത്തും ഒന്നിക്കുന്ന ചിത്രത്തിലാണ് വിദ്യാ ബാലൻ നായികയായി എത്തിയേക്കുക. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വിദ്യയുമായി സംസാരിച്ച് കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.

വിദ്യ സമ്മതം മൂളുകയാണെങ്കിൽ തമിഴ് സിനിമയിലെ വിദ്യയുടെ അരങ്ങേറ്റമായിരിക്കും ഈ ചിത്രം. ഒപ്പം രജനീകാന്തിനൊപ്പമുളള ആദ്യ ചിത്രവും. രജനീകാന്തും പാ രഞ്ജിത്തും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയായിരിക്കുമിത്. കഴിഞ്ഞ വർഷത്തെ ബ്ളോക്ക് ബസ്റ്ററുകളിലൊന്നായ കബാലിയൊരുക്കിയത് പാ രഞ്ജിത്തായിരുന്നു.

തമിഴ് സിനിമയിലെ യുവതാരവും രജനീകാന്തിന്റെ മരുമകനുമായ ധനുഷാണ് ഈ ചിത്രത്തിന്റെ നിർമാതാവ്. രജനീകാന്ത് നായകനാവുന്ന ഒരു ചിത്രം നിർമ്മിക്കുന്നതിൽ അഭിമാനമുണ്ടെന്നും ഇന്ത്യയിലെ വലിയ സയന്റിഫിക്ക് ഫിക്ഷനായ 2.0 യ്‌ക്ക് ശേഷം ഈ സിനിമയുടെ ചിത്രീകരണമാരംഭിക്കുമെന്നും ധനുഷ് പറഞ്ഞു.

കബാലിയുടെ തുടർച്ചയായിരിക്കും ഈ ചിത്രമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇത് പിന്നീട് രഞ്ജിത്ത് നിഷേധിച്ചിരുന്നു. അധോലോക നായകന്റെ കഥ പറഞ്ഞ രജനീകാന്ത് ചിത്രം 2016 ലെ വൻവിജയങ്ങളിലൊന്നായിരുന്നു.

2010ൽ ഇറങ്ങിയ യന്തിരന്റെ തുടർച്ചയാണ് 2.0. ശങ്കറാണ് 350 കോടി ബജറ്റിലൊരുങ്ങുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ സംവിധായകൻ. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു.

അതേസമയം, മാധവിക്കുട്ടിയുടെ ജീവിതം ആസ്‌പദമാക്കി കമൽ സംവിധാനം ചെയ്യുന്ന ചിത്രം ആമിയിൽ നിന്ന് വിദ്യാ ബാലൻ പിന്മാറിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ