വിവാഹ ശേഷം അഭിനയത്തില്‍ നിന്നും വിട പറഞ്ഞ മലയാളികളുടെ പ്രിയ താരം മഞ്ജു വാര്യരെ തിരിച്ചെത്തിച്ച സിനിമയാണ് റോഷന് ആൻഡ്രൂസ് സംവിധാനം ചെയ്ത ‘ഹൗ ഓള്‍ഡ് ആര് യൂ?’. സഞ്ജയ്-ബോബി എന്നിവരുടെ തിരക്കഥയില്‍ മഞ്ജു വാര്യര്‍ നിരുപമ എന്ന മദ്ധ്യവയസ്കയെ അവതരിപ്പിച്ചു കൊണ്ട് മലയാള സിനിമയിലേക്ക് ശക്തമായ തിരിച്ചു വരവ് നടത്തി. 2014ലെ വലിയ വിജയമായിരുന്ന ചിത്രം പിന്നീട് തമിഴിലും നിര്‍മ്മിക്കപ്പെട്ടു.
വിവാഹാനന്തരം അഭിനയത്തില്‍ നിന്നും വിട്ടു നിന്ന ജ്യോതികയുടെ തിരിച്ചു വരവിനായി ഭര്‍ത്താവും നടനുമായ സൂര്യ നിര്‍മ്മിച്ചതാണ് ’36 വയതിനിലെ’ എന്ന ചിത്രം. റോഷന് ആൻഡ്രൂസ് തന്നെയാണ് ആ ചിത്രവും സംവിധാനം ചെയ്തത്. ഇപ്പോഴിതാ ഇതിന്റെ ഹിന്ദി പതിപ്പും വരുന്നു എന്ന് വാര്‍ത്തകള്‍.
മഞ്ജു വാര്യര്‍ അവതരിപ്പിച്ച കേന്ദ്ര കഥാപാത്രത്തെ ഹിന്ദിയില്‍ അവതരിപ്പിക്കുക വിദ്യാ ബാലന് ആയിരിക്കും എന്നും ഫിലിം ഫെയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംവിധായകന് റോഷന് ആൻഡ്രൂസ് തന്നെയായിരിക്കും. ഇപ്പോള്‍ ‘കായംകുളം കൊച്ചുണ്ണി’ എന്ന ചിത്രം ഒരുക്കുന്ന തിരക്കിലാണ് റോഷന് ആൻഡ്രൂസ്. അതിനു ശേഷം ഈ ചിത്രത്തിലേക്ക് കടക്കും എന്നാണ് അറിയാന്‍ കഴിയുന്നത്.
ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയും നടനുമായിരുന്ന എന്‍.ടി.രാമറാവുവിന്റെ ജീവചരിത്ര സിനിമയിലാണ് വിദ്യാ ബാലന് അടുത്ത് അഭിനയിക്കുന്നത്. എന്‍.ടി.രാമറാവുവിന്റെ ഭാര്യയുടെ വേഷത്തിലാവും വിദ്യാ ബാലന് എത്തുക. അതിനു ശേഷം ‘ഹൗ ഓള്‍ഡ് ആര് യൂ’വിന്റെ ഹിന്ദി പതിപ്പിലേക്ക് എത്തും എന്നാണു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മഞ്ജു വാര്യര്‍ മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയായി വേഷമിട്ട ‘ആമി’യിലേക്ക് ആദ്യം തിരഞ്ഞെടുക്കപ്പെട്ടത് വിദ്യാ ബാലന് ആയിരുന്നു. അവര്‍ പിന്നീട് അതില്‍ നിന്നും പിന്മാറുകയായിരുന്നു. അതിനു ശേഷമാണ് സംവിധായകന് കമല്‍ മഞ്ജുവിനെ ആ വേഷത്തിനായി സമീപിച്ചത്.