/indian-express-malayalam/media/media_files/uploads/2018/08/Vidya-Balan-to-play-Indira-Gandhi.jpg)
പത്രപ്രവര്‍ത്തകയായ സാഗരിക ഘോഷ് എഴുതിയ 'ഇന്ദിര: ഇന്ത്യാസ് മോസ്റ്റ് പവര്‍ഫുള്‍ പ്രൈം മിനിസ്റ്റര്‍' എന്ന പുസ്തകത്തെ ആസ്പദമാക്കി ഒരുങ്ങുന്ന വെബ് സീരീസില്‍ ബോളിവുഡ് താരം വിദ്യാ ബാലന്‍ ഇന്ദിരാ ഗാന്ധിയുടെ വേഷത്തിലെത്തും. മിഡ് ഡേ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിദ്യ ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു സിനിമയില്‍ ഒതുങ്ങാത്തത്ര കാര്യങ്ങള്‍ പറയാനുള്ളത് കൊണ്ട് അതൊരു വെബ് സീരീസ് ആക്കാന്‍ തീരുമാനിച്ചു എന്നും എത്ര സീസണുകള്‍ ഉണ്ടാകും എന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല എന്നും താരം പറയുന്നു.
"ധാരാളം ഗവേഷണം നടത്തേണ്ടതുണ്ട്. മെറ്റീരിയല്‍ ഒരുപാടുള്ളത് കൊണ്ട് തന്നെ തിരക്കഥ പൂര്‍ണ്ണമാകാന്‍ സമയമെടുക്കും. വെബ് സീരീസ് എപ്പോള്‍ ആരംഭിക്കും എന്നതും പറയാന്‍ സാധിക്കില്ല," എന്നും വിദ്യാ ബാലന്‍ വ്യക്തമാക്കി. ഗാന്ധി കുടുംബത്തിന്റെ അനുവാദം ലഭിച്ചോ എന്ന ചോദ്യത്തിന് ചിത്രം പുസ്തകത്തെ ആസ്പദമാക്കിയുള്ളതാണ് എന്നും അത് ചിത്രീകരിക്കാന്‍ പുസ്തകത്തിന്റെ ചിത്രീകരണാവകാശം നേടിയിട്ടുണ്ട്, കുടുംബത്തിന്റെ പെർമിഷന്‍ ആവശ്യമില്ല എന്നും വിദ്യ മറുപടി പറഞ്ഞു. വെബ് സീരീസ് നിര്‍മ്മിക്കുന്നത് റോണി സ്ക്രൂവാലയാണ്.
പുസ്തകത്തിന്‍റെ സിനിമാ അവകാശം വിദ്യാ ബാലനും ഭര്‍ത്താവും നിര്‍മ്മാതാവുമായ സിദ്ധാര്‍ത് റോയ് കപൂറും ചേര്‍ന്ന് വാങ്ങിയതായി സാഗരിക ഘോഷ് കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് വെളിപ്പെടുത്തിയിരുന്നു.
"അതിയായ സന്തോഷമുണ്ട്, സ്ക്രീനിലെ ഇന്ദിരയെ കാണാന്‍ കാത്തിരിക്കുന്നു" എന്നാണ് സാഗരിക കുറിച്ചത്.
Read in English: Vidya Balan to play Indira Gandhi in a web series
അന്ന് സാഗരികയ്ക്ക് മറുപടി നല്‍കി കൊണ്ട് വിദ്യാ ബാലന്‍ പറഞ്ഞതിങ്ങനെ.
"സാഗരികയുടെ പുസ്തകത്തിന്‍റെ സിനിമാ പകര്‍പ്പവകാശം നേടിയതില്‍ സന്തോഷിക്കുന്നു. കാരണം ഇന്ദിരാ ഗാന്ധിയെ സ്ക്രീനില്‍ അവതരിപ്പിക്കുക എന്നത് എന്‍റെ എക്കാലത്തെയും വലിയ ആഗ്രഹമായിരുന്നു. ഇതൊരു സിനിമയാകുമോ അതോ വെബ് സീരീസ് ആകുമോ എന്നതില്‍ തീരുമാനം ആയിട്ടില്ല,", ദേശീയ പുരസ്കാര ജേതാവും കൂടിയായ വിദ്യാ ബാലന്‍ പറഞ്ഞു.
"ഇന്ദിരാ ഗാന്ധിയാകാന്‍ ധാരാളം ഓഫറുകള്‍ ഉണ്ടായിട്ടുണ്ട്. മനീഷ് ഗുപ്ത സംവിധാനം ചെയ്യാനിരുന്ന ചിത്രം ഉള്‍പ്പെടെ. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും അതൊന്നും നടന്നില്ല. ഇന്ദിരാ ഗാന്ധി ഒരു ശക്തയായ സ്ത്രീയാണ്. ഇന്ത്യയിലെ ശക്തരായ സ്ത്രീകളെക്കുറിച്ചോര്‍ക്കുമ്പോള്‍ അവരെയല്ലേ ആദ്യം ഓര്‍മ്മ വരിക? കൂടാതെ രാജ്യത്തിന്റെ ഒരേയൊരു വനിതാ പ്രധാനമന്ത്രിയുമായിരുന്നു അവര്‍. ഇന്ദിരാ ഗാന്ധിയായി അഭിനയിക്കാന്‍ സാധിക്കുക എന്നത് എന്‍റെ വലിയ ഒരാഗ്രഹമാണ്', പിങ്ക് വില്ലയ്ക്കു അനുവദിച്ച അഭിമുഖത്തില്‍ ഒരിക്കല്‍ വിദ്യാ ബാലന്‍ തന്‍റെ ആഗ്രഹം പ്രകടിപ്പിച്ചു.
ഇന്ദിരാ ഗാന്ധിയെ ഇതിനു മുന്‍പ് സ്ക്രീനില്‍ പലരും അവതരിപ്പിച്ചിട്ടുണ്ട്. 2015ല്‍ ദീപാ സാഹി 'മാന്ജി, ദി മൗണ്‍ട്ടന്‍ മാന്‍' എന്ന ചിത്രത്തില്‍ ഇന്ദിരാ ഗാന്ധിയെ അവതരിപ്പിച്ചതാണ് ഏറ്റവുമൊടുവില്‍ നമ്മള്‍ കണ്ടത്. ഇത് കൂടാതെ ദീപാ മേഹ്തയുടെ 'മിഡ്നൈറ്റ്‌സ് ചില്‍ട്രന്‍' എന്ന ചിത്രത്തിലും ഇന്ദിരാ ഗാന്ധി ഒരു കഥാപാത്രമായി എത്തുന്നുണ്ട്.
വിഖ്യാത എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിത ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്ത 'ആമി'യില്‍ പ്രധാന വേഷം ചെയ്യാന്‍ കരാറായിരുന്ന വിദ്യാ ബാലന്‍ പിന്നീട് ഒരു കാരണവും കൂടാതെ അതില്‍ നിന്നും പിന്മാറുകയായിരുന്നു. അതിനു പിറകെ 'തുംഹാരി സുലു' എന്ന ഹിന്ദി ചലച്ചിത്രത്തില്‍ വേഷമിട്ടു. വലിയ വിജയം കൊയ്ത ചിത്രം ഇപ്പോള്‍ തമിഴിലും എത്തുന്നു. വിദ്യ ചെയ്ത വേഷം ചെയ്യുന്നത് ജ്യോതികയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.