കമല്‍ സംവിധാനം ചെയ്യുന്ന ‘ആമി’യില്‍ മാധവിക്കുട്ടിയായി വേഷമിടാന്‍ കരാറായിയുന്ന മലയാളിയും ബോളിവുഡ് താരവുമായ വിദ്യാ ബാലന്‍ പിന്നീട് ഒരു കാരണവും കൂടാതെ അതില്‍ നിന്നും പിന്മാറുകയായിരുന്നു. അതിനു പിറകെ ‘തുംഹാരി സുലു’ എന്ന ഹിന്ദി ചലച്ചിത്രത്തിലും വേഷമിട്ടു. ഇപ്പോഴിതാ വിദ്യാ ബാലന്‍ ആരാധകര്‍ക്ക് സന്തോഷിക്കാന്‍ മറ്റൊരു വാര്‍ത്ത.

പത്രപ്രവര്‍ത്തകയും എഴുത്തുകാരിയുമായ സാഗരികാ ഘോഷിന്‍റെ ‘ഇന്ദിര, ഇന്ത്യാസ് മോസ്റ്റ്‌ പവര്‍ഫുള്‍ പി എം’ എന്ന പുസ്തകത്തിന്‍റെ സിനിമാ അവകാശം വിദ്യാ ബാലനും ഭര്‍ത്താവും നിര്‍മ്മാതാവുമായ സിദ്ധാര്‍ത് റോയ് കപൂറും ചേര്‍ന്ന് വാങ്ങിയതായാണ് വാര്‍ത്തകള്‍. സാഗരികാ ഘോഷ് തന്നെയാണ് ഈ വാര്‍ത്ത ട്വിറ്റെര്‍ വഴി പുറത്തു വിട്ടത്.

‘അതിയായ സന്തോഷമുണ്ട്, സ്ക്രീനിലെ ഇന്ദിരയെക്കാണാന്‍ കാത്തിരിക്കുന്നു’ എന്നാണ് സാഗരിക കുറിച്ചത്.

“സാഗരികയുടെ പുസ്തകത്തിന്‍റെ സിനിമാ പകര്‍പ്പവകാശം നേടിയതില്‍ സന്തോഷിക്കുന്നു.  കാരണം ഇന്ദിരാ ഗാന്ധിയെ സ്ക്രീനില്‍ അവതരിപ്പിക്കുക എന്നത് എന്‍റെ എക്കാലത്തെയും വലിയ ആഗ്രഹമായിരുന്നു.  ഇതൊരു സിനിമയാകുമോ അതോ വെബ്‌ സീരീസ് ആകുമോ എന്നതില്‍ തീരുമാനം ആയിട്ടില്ല,”, ദേശീയ പുരസ്കാര ജേതാവും കൂടിയായ വിദ്യാ ബാലന്‍ പറഞ്ഞു.

തനിക്കു ഇന്ദിരാ ഗാന്ധിയെ സ്ക്രീനില്‍ അവതരിപ്പിക്കാന്‍ മോഹമുണ്ട് എന്ന് വിദ്യാ ബാലന്‍ പലവുരു പറഞ്ഞിട്ടുണ്ട്. ‘തുംഹാരി സുലു’വിന്‍റെ പ്രചാരണാര്‍ത്ഥം നടത്തിയ അഭിമുഖങ്ങളിലൊന്നില്‍ വിദ്യ പറഞ്ഞതിങ്ങനെയാണ്.

“ഇന്ദിരാ ഗാന്ധിയാകാന്‍ ധാരാളം ഓഫറുകള്‍ ഉണ്ടായിട്ടുണ്ട്. മനീഷ് ഗുപ്ത സംവിധാനം ചെയ്യാനിരുന്ന ചിത്രം ഉള്‍പ്പെടെ. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും അതൊന്നും നടന്നില്ല. ഇന്ദിരാ ഗാന്ധി ഒരു ശക്തയായ സ്ത്രീയാണ്. ഇന്ത്യയിലെ പവര്‍ഫുള്‍ സ്ത്രീകളെക്കുറിച്ചോര്‍ക്കുമ്പോള്‍ അവരെയല്ലേ ആദ്യം ഓര്‍മ്മ വരിക? കൂടാതെ രാജ്യത്തിന്റെ ഒരേയൊരു വനിതാ പ്രധാനമന്ത്രിയുമായിരുന്നു അവര്‍. ഇന്ദിരാ ഗാന്ധിയായി അഭിനയിക്കാന്‍ സാധിക്കുക എന്നത് എന്‍റെ വലിയ ഒരാഗ്രഹമാണ്’, പിങ്ക് വില്ലയ്ക്കു അനുവദിച്ച അഭിമുഖത്തില്‍ വിദ്യാ ബാലന്‍ തന്‍റെ ആഗ്രഹം പ്രകടിപ്പിച്ചു.

ഇന്ദിരാ ഗാന്ധിയെ ഇതിനു മുന്‍പ് സ്ക്രീനില്‍ പലരും അവതരിപ്പിച്ചിട്ടുണ്ട്. 2015ല്‍ ദീപാ സാഹി ‘മാന്ജി, ദി മൌണ്‍ട്ടന്‍ മാന്‍’ എന്ന ചിത്രത്തില്‍ ഇന്ദിരാ ഗാന്ധിയെ അവതരിപ്പിച്ചതാണ് ഏറ്റവുമൊടുവില്‍ നമ്മള്‍ കണ്ടത്. ഇത് കൂടാതെ ദീപാ മേഹ്തയുടെ ‘മിഡ്നൈറ്റ്‌സ് ചില്‍ട്രന്‍’ എന്ന ചിത്രത്തിലും ഇന്ദിരാ ഗാന്ധി ഒരു കഥാപാത്രമായി എത്തുന്നുണ്ട്.

സാഗരികാ ഘോഷിന്‍റെ പുസ്തകമാധാരമാക്കിയുള്ള ചിത്രത്തിനെക്കുറിച്ച് ഇത് വരെ വിദ്യാ ബാലന്‍റെ ഭാഗത്ത്‌ നിന്നും ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും വന്നിട്ടില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook