/indian-express-malayalam/media/media_files/uploads/2018/12/vidya-balan.jpg)
സൈസ് സീറോ ഇമേജും നായികമാരും ബോളിവുഡിൽ അധീശത്വം ഉറപ്പിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് ബോളിവുഡിന്റെ സ്റ്റീരിയോടൈപ്പ് നായികാസങ്കൽപ്പങ്ങളെയെല്ലാം തകർത്തുകൊണ്ട് ' ദി ഡേട്ടി പിക്ച്ചർ' എന്ന ചിത്രത്തിലെ തടിച്ച, ആകാരവടിവുള്ള നായികാ കഥാപാത്രമായി വിദ്യ ബാലൻ എത്തുന്നത്.
സിൽക്ക് സ്മിതയുടെ ജീവിതത്തെ ആസ്പദമാക്കി മിലൻ ലുത്രിയ ഒരുക്കിയ 'ദി ഡേട്ടി പിക്ച്ചർ' റിലീസ് ആയിട്ട് ഏഴു വർഷം പൂർത്തിയാവുമ്പോൾ ആ സിനിമ തന്ന അനുഭവങ്ങളെയും അംഗീകാരങ്ങളെയും അനുസ്മരിക്കുകയാണ് വിദ്യ. ഏറെ പേരും പ്രശസ്തിയും നേടി തന്ന ആ ചിത്രം തന്റെ ജീവിതം തന്നെ എക്കാലത്തേക്കുമായി മാറ്റിമറിച്ചു എന്നാണ് ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്ത ഹൃദയസ്പർശിയായ കുറിപ്പിൽ വിദ്യാബാലൻ പറയുന്നത്.
"2017 ഡിസംബർ 2, ഏഴു വർഷം മുൻപാണ് 'ദി ഡേട്ടി പിക്ച്ചർ' റിലീസാവുന്നത്. എന്റെ ജീവിതം എക്കാലത്തേക്കുമായി മാറ്റിമറിച്ച സിനിമയായിരുന്നു അത്. പക്ഷേ, ഇപ്പോഴും ഞാനെങ്ങനെയാണ് ആ കഥാപാത്രം ചെയ്തതെന്ന് ആരെങ്കിലും ചോദിച്ചാൽ എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല. മിലൻ ആണ് ആ കഥാപാത്രത്തെ എനിക്ക് എളുപ്പമാക്കി മാറ്റിയത്. ആദ്യം മുതൽ അവസാനം വരെ മിലനെന്റെ കൈപ്പിടിച്ചു. സില്‍ക്ക് സ്മിതയോട് നീതി പുലര്‍ത്തണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. സിൽക്ക് ആവാൻ എന്നെ തിരഞ്ഞെടുത്ത നിർമാതാവ് ഏക്താ കപൂറും മിലനും എന്നിൽ അർപ്പിച്ച വിശ്വാസത്തിന് അനുസരിച്ച് ജീവിക്കുകയായിരുന്നു ഞാൻ," 39 കാരിയായ വിദ്യ ബാലൻ പറയുന്നു.
വിദ്യയ്‌ക്കൊപ്പം തുഷാർ കപൂർ, നസ്റുദ്ദീൻ ഷാ, ഇമ്രാൻ ഹാഷ്മി എന്നിവരും പ്രധാനവേഷത്തിലെത്തിയ ചിത്രമായിരുന്നു 'ദി ഡേട്ടി പിക്ച്ചർ'. സിൽക്ക് സ്മിത ആയുള്ള വിദ്യയുടെ വേഷപ്പകർച്ച ഏറെ നിരൂപക പ്രശംസ നേടിയതിനൊപ്പം തന്നെ ചിത്രത്തിലെ അഭിനയത്തിന് 2011 ലെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും വിദ്യയെ തേടിയെത്തിരുന്നു.
ഒരു പക്ഷിയുടെ സ്വാതന്ത്ര്യം തനിക്കു തന്ന മിലനോടും ഡേട്ടി പിക്ച്ചർ പോലൊരു ചിത്രം സമ്മാനിച്ച ഏക്താ കപൂറിനും നന്ദി പറയുകയാണ് വിദ്യ. "എന്നെ ഒട്ടും ഡൗൺ ആക്കാതെ ചിത്രം പൂർത്തീകരിക്കുന്നതിലായിരുന്നു തന്റെ ശ്രദ്ധയെന്ന് മിലൻ തന്നെ പലതവണ എന്നോട് പറഞ്ഞിട്ടുണ്ട്. മിലൻ എന്നെ ഡൗൺ ആക്കിയില്ലെന്നു മാത്രമല്ല, എനിക്കേറെ സ്വാതന്ത്ര്യവും തന്നിരുന്നു. ഒരു പക്ഷിയെ പോലെ സ്വതന്ത്രയാണ് ഞാനെന്ന കംഫർട്ട് സോണിലാണ് മിലൻ എന്നെ നിർത്തിയത്. ആ സ്വാതന്ത്ര്യത്തിനും എന്നിൽ വിശ്വസിച്ചതിനും നന്ദി. എന്റെ പ്രിയപ്പെട്ട ഏക്താ, നന്ദി. 'ഹം പാഞ്ച്' എന്ന ടീവി സീരിസിനും നന്ദി. 'ഹം പാഞ്ച്' ഇല്ലായിരുന്നെങ്കിൽ ചിലപ്പോൾ 'ഡേട്ടി പിക്ച്ചർ' എന്നെ തേടിയെത്തില്ലായിരുന്നു," വിദ്യ ബാലൻ കൂട്ടിച്ചേർക്കുന്നു.
ഇൻസ്റ്റഗ്രാം പോസ്റ്റിനൊപ്പം ദീപിക- രൺവീർ വിവാഹസമയത്ത് സംവിധായകൻ മിലനൊപ്പം നിന്നെടുത്ത ഒരു ചിത്രവും വിദ്യ ഷെയർ ചെയ്തിട്ടുണ്ട്.
View this post on InstagramA post shared by Vidya Balan (@balanvidya) on
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.