ഏറെ നിരൂപക പ്രശംസയും ബോക്സ് ഓഫീസ് വിജയവും നേടിയ ചിത്രമായിരുന്നു വിദ്യാ ബാലനെ കേന്ദ്രകഥാപാത്രമാക്കി സുജോയ് ഘോഷ് സംവിധാനം ചെയ്ത ‘കഹാനി’. മൂന്ന് ദേശീയ ചലച്ചിത്ര അവാർഡുകളും അഞ്ച് ഫിലിം ഫെയർ അവാർഡുകളും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും ചിത്രം നേടിയിരുന്നു. തന്റെ കാണാതായ ഭർത്താവിനെ അന്വേഷിച്ച് ദുർഗാപൂജ ഉത്സവകാലത്ത് കൊൽക്കത്തയിലെത്തിയ പൂർണഗർഭിണിയായ ഒരു സ്ത്രീയുടെ കഥയാണ് ഈ ത്രില്ലർ ചിത്രം പറഞ്ഞത്.
ചിത്രം ബോക്സ് ഓഫീസിൽ മികച്ച വിജയം തേടിയതിനു പിന്നാലെ, ‘കഹാനി 2: ദുർഗ റാണി സിംഗ്’ എന്ന പേരിൽ ചിത്രത്തിന്റെ സ്വീകലും അണിയറപ്രവർത്തകർ ഒരുക്കിയിരുന്നു. ‘കഹാനി’യുടെ കഥ തീരുന്നില്ല, ചിത്രത്തിനൊരു പ്രീക്വൽ കൂടി വരുന്നു എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.

വിദ്യ വെങ്കടേശ്വരൻ ബാഗ്ച്ചി എന്ന കഥാപാത്രത്തിന്റെ ജീവിതയാത്രയും, വിദ്യയെ പ്രതികാരദാഹിയാക്കിയതിനു പിന്നിലെ യഥാർത്ഥ കഥയുമാവും ‘കഹാനി 3’ പറയുക എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. സുജോയ് ഘോഷിനു പകരും മകൾ ദിയ ഘോഷ് ആവും ചിത്രം സംവിധാനം ചെയ്യുക എന്നും ചിത്രത്തോട് അടുത്ത വൃത്തങ്ങൾ അറിയിച്ചതായി ഡെക്കാൻ ക്രോണിക്കിൾ റിപ്പോർട്ട് ചെയ്യുന്നു. മുൻപ് ‘ബദ്‌ല’ എന്ന ചിത്രത്തിന്റെ അസോസിയേറ്റ്സ് ആയും ദിയ പ്രവർത്തിച്ചിരുന്നു.
ശകുന്തള ദേവിയുടെ ജീവചരിത്ര ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണത്തിലാണ് വിദ്യാബാലൻ ഇപ്പോൾ. സോണി പിക്ചേഴ്സ് നെറ്റ്‌വർക്ക് പ്രൊഡക്ഷൻസും വിക്രം മൽഹോത്രയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം 2020 ൽ റിലീസിനെത്തും.
Read more: ആ പരാജയം എന്നെ കരയിപ്പിച്ചു; വിദ്യ ബാലൻ മനസ്സ് തുറക്കുന്നു