പകരക്കാരില്ലാത്ത താരസാന്നിധ്യമാണ് ഇന്ത്യൻ സിനിമയ്ക്ക് ശ്രീദേവി. അഞ്ചു പതിറ്റാണ്ടിനിടെ മൂന്നുറോളം ചിത്രങ്ങളിൽ അഭിനയിച്ച ബോളിവുഡിലെ ആദ്യ ലേഡീ സൂപ്പർസ്റ്റാർ. രാജ്യത്തെ ഏറ്റവും മികച്ച അഭിനേത്രികളിൽ ഒരാളായ ശ്രീദേവിയുടെ ജീവിതം സിനിമയാക്കാനുള്ള ശ്രമങ്ങൾ ബോളിവുഡിൽ നടക്കുന്നുവെന്ന രീതിയിൽ മുൻപ് പല തവണ വാർത്തകളിൽ വന്നിരുന്നു. ആരായിരിക്കും ശ്രീദേവിയുടെ ബയോപിക് ചിത്രം അവതരിപ്പിക്കാൻ ഏറ്റവും ഇണങ്ങിയ നായിക എന്ന രീതിയിലുള്ള ചർച്ചകളും സജീവമായിരുന്നു.

ശ്രീദേവിയുടെ ബയോപിക് ചിത്രമെന്ന ആശയവുമായി സംവിധായകൻ ഹൻസൽ മെഹ്ത്തയും രംഗത്തുണ്ട്. ശ്രീദേവിയെ കുറിച്ചുള്ള ബയോപിക് ചിത്രത്തിനു വിദ്യ ബാലനാവും ഏറ്റവും അനുയോജ്യയെന്നാണ് ഹൻസൽ മെഹ്ത്തയും അഭിപ്രായപ്പെട്ടത്. “ഒരു സിനിമയ്ക്ക് വേണ്ടി ശ്രീദേവിയെ സമീപിക്കാനിരിക്കുകയായിരുന്നു. ശ്രീദേവിയെ വെച്ച് ഒരു ചിത്രം സംവിധാനം ചെയ്യാൻ വൈകിപ്പോയതിൽ ഏറെ ഖേദമുണ്ട്. പക്ഷേ ശ്രീദേവിയെ കുറിച്ചൊരു ചിത്രം ചെയ്യണമെന്നുണ്ട്. വിദ്യബാലനെയാവും അതിനായി സമീപിക്കുക,” എന്നായിരുന്നു ഹൻസൽ മെഹ്ത്തയുടെ പ്രതികരണം.

ഇപ്പോൾ ശ്രീദേവിയുടെ ബയോപിക് ചിത്രത്തെ കുറിച്ച് വിദ്യബാലനും പ്രതികരിച്ചിരിക്കുകയാണ്. ശ്രീദേവിയെ സ്ക്രീനിൽ അവതരിപ്പിക്കാൻ നല്ല മനകരുത്ത് വേണമെന്നും എങ്കിലും ശ്രീദേവിയ്ക്കുള്ള ശ്രദ്ധാഞ്ജലിയെന്ന രീതിയിൽ അത്തരമൊരു അവസരം വന്നാൽ താൻ കഥാപാത്രത്തെ ഏറ്റെടുക്കുമെന്നുമാണ് വിദ്യ ബാലൻ പറയുന്നത്. ഒരു ടെലിവിഷൻ പരിപാടിയിൽ പങ്കെടുക്കുമ്പോഴായിരുന്നു വിദ്യ ബാലന്റെ ഈ വെളിപ്പെടുത്തൽ.

ശ്രീദേവിയുടെ ജീവചരിത്രസിനിമയിൽ ശ്രീദേവിയെ അവതരിപ്പിക്കുമോ എന്ന ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു വിദ്യ ബാലൻ. “അതിന് ഏറെ മനക്കരുത്ത് വേണം. പക്ഷേ ശ്രീദേവിയ്ക്കുള്ള ഒരു ശ്രദ്ധാഞ്ജലി എന്ന രീതിയിൽ ഞാനതു ചെയ്യും,” എന്നായിരുന്നു വിദ്യ ഉത്തരമേകിയത്. മുൻപ് ‘തുമാരി സുലു'(2017) എന്ന ചിത്രത്തിൽ ‘ഹവ ഹവായി’യെന്ന ഗാനത്തിന്റെ പുതിയ വേർഷനും വിദ്യബാലൻ ശ്രീദേവിയ്ക്ക് സമർപ്പിച്ചിരുന്നു. ശ്രീദേവിയുടെ എക്കാലത്തെയും ഹിറ്റ് ഗാനങ്ങളിൽ ഒന്നായിരുന്നു ഹവ ഹവായി.

ബയോപിക് ചിത്രങ്ങളിലെ അഭിനയം വിദ്യബാലനെ സംബന്ധിച്ച് പുതുമയുള്ള കാര്യമല്ല. സിൽക്ക് സ്മിതയുടെ ജീവചരിത്രസിനിമയിലും വിദ്യാ ബാലനായിരുന്നു കേന്ദ്രകഥാപാത്രമായെത്തിയത്. വിദ്യാ ബാലന് ഏറെ പ്രേക്ഷക പ്രശംസയും നിരൂപകപ്രശംസയും പ്രശസ്തിയും നേടികൊടുത്ത വേഷങ്ങളിൽ​ ഒന്നായിരുന്നു ‘ഡേർട്ടി പിക്ച്ചർ’. അടുത്തിടെ എൻടിആറിന്റെ ബയോപിക് ചിത്രത്തിലും ശ്രദ്ധേയമായൊരു കഥാപാത്രത്തെ വിദ്യ അവതരിപ്പിച്ചിരുന്നു.

Read more: സില്‍ക്ക് സ്മിതയോട് നീതി പുലര്‍ത്തണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ: ‘ദി ഡേര്‍ട്ടി പിക്ചര്‍’ നാളുകളെ ഓര്‍ത്ത് വിദ്യാ ബാലന്‍

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook