അനുവാദമില്ലാതെ തോളിൽ കയ്യിട്ട് സെൽഫിയടുക്കാൻ ശ്രമിച്ച ആരാധകനോട് ദേഷ്യപ്പെട്ട് നടി വിദ്യാബാലൻ. തന്റെ പുതിയ ചിത്രമായ ബീഗം ജാന്റെ പ്രമോഷനായി കൊൽക്കത്ത വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു സംഭവം.

വിദ്യയെ കണ്ട ആരാധകൻ ഒപ്പം ചേർന്ന് സെൽഫിയെടുക്കണമെന്നു ആഗ്രഹം പ്രകടിപ്പിച്ചു. വിദ്യ ഇതിനു സമ്മതം മൂളി. എന്നാൽ ആരാധകൻ വിദ്യയുടെ അനുവാദം ചോദിക്കാതെ തോളിൽ കയ്യിട്ട് സെൽഫിയെടുക്കാൻ ശ്രമിച്ചു. ഇതിൽ ക്ഷുഭിതയായ വിദ്യ ഫോട്ടോയെടുക്കാൻ നിൽക്കാതെ അവിടെ നിന്ന് പോയി. ആരാധകൻ പിന്നാലെ പോയി സെൽഫിയെടുക്കണമെന്നു ആവശ്യപ്പെട്ടെങ്കിലും വിദ്യ സമ്മതിച്ചില്ല. മാത്രമല്ല ആരാധകനോട് വിദ്യ ദേഷ്യപ്പെടുകയും ചെയ്തു.

അപരിചിതനായ ഒരാൾ അതു പുരുഷനോ സ്ത്രീയോ ആകട്ടെ നിങ്ങളുടെ തോളിൽ കൈ ഇട്ടാൽ നിങ്ങൾ അസ്വസ്ഥരാകും. കാരണം നിങ്ങളുടെ സ്വകാര്യതയിലാണ് അവർ കൈ കടത്തുന്നത്. നടിമാർ ആരും പൊതു സ്വത്തല്ല- സംഭവത്തിനുശേഷം വിദ്യയുടെ പ്രതികരണം ഇതായിരുന്നു.

ബീഗം ജാനിലൂടെ വീണ്ടും ശക്തമായൊരു കഥാപാത്രവുമായാണ് വിദ്യ ആരാധകർക്ക് മുന്നിലെത്തുന്നത്. പഞ്ചാബിലെ ഒരു ലൈംഗികത്തൊഴിൽ കേന്ദ്രം നടത്തിപ്പുകാരിയായാണ് വിദ്യ ചിത്രത്തിൽ അഭിനയിക്കുന്നത്. ദേശീയ പുരസ്കാര ജേതാവായ ശ്രീജിത് മുഖർജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോളിവുഡിലെ അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭമാണിത്. ബംഗാളി ചിത്രമായ രാജ്കഹിനിയുടെ ഹിന്ദി പതിപ്പാണ് ബീഗം ജാൻ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ