തന്‍റെ പുതിയ ചിത്രമായ ‘തുംഹാരി സുലു‘ വിന്‍റെ പ്രചരണത്തിലാണ് ബോളിവുഡ് നടി വിദ്യാ ബാലന്‍. അതിനോടനുബന്ധിച്ച് നടക്കുന്ന അഭിമുഖങ്ങളിലൊന്നിലാണ് വിദ്യാ ‘Agony Aunt’ കളിക്കാന്‍ തയ്യാറായത്. ആനുകാലികങ്ങളില്‍ വരുന്ന ‘സ്വകാര്യപ്രശ്ന പരിഹാര’ കോളങ്ങളില്‍ ഉപദേശം നല്‍കുന്ന സ്ത്രീകളെയാണ് ‘Agony Aunt’ എന്ന് വിളിക്കുന്നത്‌.

 

വിദ്യാ നേരിട്ട ചോദ്യങ്ങളിലൊന്ന് ഇതായിരുന്നു, ‘എന്‍റെ ബോയ്‌ഫ്രണ്ടിനോട് വീഡിയോ കോളില്‍ സംസാരിച്ചത് ഒരു പുരുഷ സുഹൃത്തിന്‍റെ വീട്ടില്‍ വച്ചാണ്. ഞാന്‍ എന്‍റെ വീട്ടിലാണ് എന്നാണ് ബോയ്‌ഫ്രണ്ട് കരുതിയിരുന്നത്. സംസാരിച്ചു കഴിഞ്ഞ ശേഷമാണ് ഞാന്‍ തിരിച്ചറിഞ്ഞത് ആ സുഹൃത്തിന്‍റെ വീട്ടിലെ ചുമരുകളില്‍ നിറയെ കിളികളുടെ ചിത്രമാണ് എന്ന്. എന്‍റെ വീട്ടിലെ ചുമരുകളില്‍ അതില്ല. എന്‍റെ ബോയ്‌ഫ്രണ്ട് വൈകാതെ എന്‍റെ വീട്ടിലേക്ക് വരുമെന്നും പറഞ്ഞിട്ടുണ്ട്. കിളികളുടെ കാര്യത്തില്‍ ഞാന്‍ എന്ത് ചെയ്യണം?’

ഇതിന് മറുപടിയായി വിദ്യാ പറഞ്ഞത്, ‘ആ കിളിയെല്ലാം പറന്നു പോയി’ എന്ന് ബോയ്‌ഫ്രണ്ടിനോട് പറയൂ എന്നാണ്’. കൂടെ ഒരു ഉപദേശവും. ‘ഒരു തവണ ബോയ്‌ഫ്രണ്ട് ഇത് ക്ഷമിച്ചെന്നു വരും. പക്ഷെ ഇടയ്ക്കിടയ്ക്ക് ‘കിളി പോകുന്നത്’ നിങ്ങളുടെ ബന്ധത്തിന് ദോഷം ചെയ്യും, അത് കൊണ്ട് സൂക്ഷിച്ചാല്‍ ദുഖിക്കണ്ട.’

 

വിദ്യാ ബാലന്‍ കേന്ദ്ര കഥാപാത്രമായ സുലോചന എന്ന റേഡിയോ ജോക്കിയായ വീട്ടമ്മയെ അവതരിപ്പിക്കുന്ന ‘തുംഹാരി സുലു’, നവംബര്‍ 17 ന് തിയേറ്ററുകളില്‍ എത്തും. സുരേഷ് ത്രിവേണി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിദ്യാ ബാലനെക്കൂടാതെ നേഹാ ധൂപിയ, മാനവ് കൌള്‍ എന്നിവരും അഭിനയിക്കുന്നു.

രാത്രി കാലങ്ങളില്‍ റേഡിയോയിലൂടെ തരളമായ ശബ്ദത്തില്‍ സംസാരിക്കുന്ന അവതാരകയാണ് സുലു. പകല്‍ ജീവിതത്തില്‍ മുംബൈയിലെ ഇടത്തരം കുടുംബത്തിലെ സാധാരണ വീട്ടമ്മയായും മാറുന്നു. ഹാസ്യപ്രധാനമായ ‘തുംഹാരി സുലു’ വിദ്യാ ബാലന്‍റെ തിളക്കം കുറഞ്ഞു വരുന്ന കരിയറിനെ വീണ്ടും പ്രകാശപൂരിതമാക്കും എന്ന് കരുതാം.

 

ഈ വര്‍ഷമാദ്യം ഇറങ്ങിയ ബേഗം ജാന്‍, മുന്‍ വര്‍ഷത്തെ ചിത്രങ്ങളായ കഹാനി 2, ഹമാരി അധൂരി കഹാനി, ബോബി ജാസൂസ്, ഗണ്‍ച്ചക്കര്‍, ഇവയൊന്നും തന്നെ പ്രതീക്ഷിച്ച വിജയം നേടിയില്ല. ദി ഡേര്‍ട്ടി പിക്ചര്‍ (2011), കഹാനി (2012) എന്നിവയായിരുന്നു ഏറ്റവുമൊടുവില്‍ ബോക്സ്‌ ഓഫീസില്‍ വിജയം കണ്ട വിദ്യാ ബാലന്‍ ചിത്രങ്ങള്‍.

Vidya Balan Reading Kamala Das's My Story

കമലിന്‍റെ ‘ആമി’യില്‍ മാധവികുട്ടിയാകാന്‍ ഒരുങ്ങുന്നതിനിടെ

ഇതിനിടെ തെന്നിന്ത്യയിലേക്ക് ചുവടു മാറാന്‍ ശ്രമിച്ചുവെങ്കിലും അവസാന നിമിഷം പിന്മാറി. മലയാളത്തില്‍ കമല്‍ സംവിധാനം ചെയ്യുന്ന ‘ആമി’യില്‍ കമലാ സുരയ്യയുടെ വേഷം ചെയ്യാമെന്ന് ഏറ്റിരുന്നെങ്കിലും ഒടുവില്‍ ആ വേഷം അവര്‍ നിരാകരിക്കുകയായിരുന്നു. മഞ്ജു വാര്യരാണ് ഇപ്പോള്‍ ‘ആമി’യില്‍ മാധവിക്കുട്ടിയായി വേഷമിടുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ