ബോളിവുഡില്‍ ഇന്ന് ഏറ്റവുമധികം ആരാധകരുള്ള അഭിനേത്രികളില്‍ ഒരാളാണ് വിദ്യാ ബാലന്‍. ‘പരിണീത’ എന്ന തന്റെ ആദ്യ ചിത്രത്തില്‍ തന്നെ അഭിനയത്തിന്റെ റേഞ്ച് എന്താണെന്ന് തെളിയിച്ച വിദ്യ, ‘ദി ഡേര്‍ട്ടി പിക്ചര്‍’ എന്ന ചിത്രത്തിലൂടെ ഒറ്റരാത്രി കൊണ്ടാണ് ബോളിവുഡിന്റെ താരമായി മാറിയത്. ബോളിവുഡിലെ നാലാമത്തെ ഖാന്‍ എന്നുവരെ വിദ്യയെ ആളുകള്‍ വിശേഷിപ്പിച്ചു തുടങ്ങിയ കാലം. എന്നാല്‍ ചുരുങ്ങിയ വര്‍ഷം കൊണ്ട് തന്റെ കഴിവ് തെളിയിച്ച താരത്തിന്റെ സിനിമയിലേക്കുള്ള യാത്ര അത്ര എളുപ്പമായിരുന്നില്ല.

Read More: നിങ്ങള്‍ കാണുന്നില്ല എന്നതിനര്‍ത്ഥം, ഞാന്‍ ഒന്നും ചെയ്യുന്നില്ല എന്നല്ല; വിമര്‍ശകരുടെ വായടപ്പിച്ച് നിത്യാ മേനന്‍

മിനിസ്‌ക്രീനിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച വിദ്യ പിന്നീട് സിനിമകളിലും ഭാഗ്യം പരീക്ഷിച്ചു. എന്നാല്‍ ചലച്ചിത്രേതര പശ്ചാത്തലത്തില്‍ നിന്ന് വരുന്ന വിദ്യ, ഈ മേഖലയില്‍ ചുവടുറപ്പിക്കാന്‍ ധാരാളം സമയമെടുത്തു. മുംബൈ മിററിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ കഷ്ടപ്പാടിന്റെ ആ ദിനങ്ങളെ ഓര്‍ത്തെടുക്കുകയാണ് താരം, ”സിനിമാ പശ്ചാത്തലമില്ലാത്ത ഒരു കുടുംബത്തില്‍ നിന്ന് വരുന്ന എനിക്ക്, എങ്ങനെയാണ് ഞാന്‍ ഒരു നടിയാകാന്‍ പോകുന്നത് എന്നതിനെ കുറിച്ച് യാതൊരു വ്യക്തതയും ഇല്ലായിരുന്നു, എന്നിട്ടും ഞാന്‍ ആഗ്രഹിച്ചു. ഇത് എന്റെ കുടുംബത്തെ വിഷമിപ്പിച്ചു, അവര്‍ എല്ലായ്‌പ്പോഴും എന്നെ പിന്തുണച്ചിരുന്നുവെങ്കിലും. എന്റെ ആദ്യത്തെ ടിവി ഷോയായ ‘ലാ ബെല്ല’ ഏതാനും മാസങ്ങള്‍ക്ക് ശേഷം അടച്ചുപൂട്ടിയപ്പോള്‍ അവര്‍ക്ക് ആശ്വാസമായിരിക്കണം. ‘ഇതോടെ ആ ഭ്രാന്ത് തീര്‍ന്നു കാണും’ എന്ന് അവര്‍ ചിന്തിച്ചിരിക്കണം.”

നിരവധി വെല്ലുവിളികള്‍ ഉണ്ടായിട്ടും വിദ്യ തന്റെ അഭിനയ മോഹം ഉപേക്ഷിച്ചില്ല. ബിരുദാനന്തര ബിരുദം ചെയ്യാനായി തീരുമാനിച്ചതു പോലും തന്റെ പ്രാരംഭ പദ്ധതികള്‍ തകരാറിലായതിനെ തുടര്‍ന്ന് സ്വയം തിരക്കുകളില്‍ പ്രവേശിക്കാനായിരുന്നുവെന്ന് വിദ്യ പറയുന്നു.

തുടക്കത്തില്‍ നിരവധി അവഗണനകള്‍ നേരിടേണ്ടി വന്നെങ്കിലും, തനിക്ക് ലഭിക്കുന്ന ഓരോ അവസരങ്ങളിലൂടെയും സ്വന്തം കഴിവ് തെളിയിക്കാന്‍ ശ്രമിച്ചുകൊണ്ടേ ഇരുന്നെന്ന് വിദ്യ കൂട്ടിച്ചേര്‍ക്കുന്നു.

“ദക്ഷിണേന്ത്യയില്‍ നിന്നും തുടര്‍ച്ചയായ മൂന്ന് വര്‍ഷങ്ങളുടെ അവഗണനയായിരുന്നു. ആ ദിവസങ്ങളില്‍ കരഞ്ഞുകൊണ്ടായിരുന്നു ഞാന്‍ ഉറങ്ങാന്‍ കിടന്നിരുന്നത്. എന്നാല്‍ അടുത്ത ദിവസം രാവിലെ എഴുന്നേറ്റ് വീണ്ടും പുഞ്ചിരിച്ചു. നല്ലത് എന്തെങ്കിലും സംഭവിക്കുമെന്ന് പ്രതീക്ഷിച്ചു. അങ്ങനെ പരിണീതയില്‍ അഭിനയിച്ചു,” വിദ്യ പറയുന്നു.

യഥാർഥ ജീവിതത്തിലെ പോരാട്ടങ്ങളും നിരാശകളുമാണ് വിദ്യ ബാലനെ തന്റെ ഏറ്റവും പുതിയ ചിത്രമായ ‘മിഷൻ മംഗൾ’ എന്ന സിനിമയിലെ താര ഷിൻഡെ എന്ന കഥാപാത്രവുമായി കൂട്ടിയിണക്കാൻ സഹായിച്ചത്. അക്ഷയ് കുമാർ, തപ്‌സി പന്നു, സൊനാക്ഷി സിൻഹ, നിത്യ മേനൻ, കൃതി കുൽഹാരി എന്നിവർക്കൊപ്പം അഭിനയിച്ച മിഷൻ മംഗളിന്റെ റിലീസിന് കാത്തിരിക്കുകയാണ് വിദ്യ. ഇന്ത്യയുടെ ചൊവ്വാ ദൗത്യമായ മംഗൾയാനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഓഗസ്റ്റ് 15നാണ് റിലീസ്.

യഥാർഥ ജീവിതത്തിലെ താനും മിഷൻ മംഗളിലെ കഥാപാത്രവും തമ്മിലുള്ള സാമ്യതയെക്കുറിച്ച് സംസാരിച്ച വിദ്യ പറയുന്നതിങ്ങനെ, “വെല്ലുവിളികൾ മറികടക്കാനാവില്ലെന്ന് തോന്നുമ്പോഴും താര തന്റെ സ്വപ്നങ്ങൾ ഉപേക്ഷിക്കാൻ വിസമ്മതിക്കുന്നു.“ രണ്ട് വർഷത്തിന് ശേഷം വിദ്യാ ബാലൻ അഭിനയിക്കുന്ന ബോളിവുഡ് ചിത്രമാണ് മിഷൻ മംഗൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook