മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ആമി എന്ന ചിത്രം വിവാദങ്ങളൊഴിയാതെ നില്‍ക്കുകയാണ്. മഞ്ജുവാര്യരാണ് ചിത്രത്തില്‍ മാധവിക്കുട്ടിയായി എത്തുന്നത് നേരത്തേ ഈ കഥാപാത്രമാകാന്‍ വിദ്യാ ബാലനെയായിരുന്നു പരിഗണിച്ചിരുന്നത്. കഴിഞ്ഞ ദിവസം വിദ്യാബാലനെക്കുറിച്ച് കമല്‍ നടത്തിയ ഒരു പരാമര്‍ശം വിവാദമായിരിക്കുകയാണ്.

തന്റെ ചിത്രത്തില്‍ നിന്നും വിദ്യാബാലന്‍ പിന്മാറിയതില്‍ സന്തോഷമേയുള്ളൂവെന്നും വിദ്യ ആയിരുന്നു ആമിയെങ്കില്‍ അതില്‍ കുറച്ചു ലൈംഗികത കടന്നുവരുമെന്നുമായിരുന്നു കമല്‍ പറഞ്ഞത്. ഈ പരാമര്‍ശം മാധ്യമങ്ങളും, നവമാധ്യമങ്ങളും, ദേശീയ മാധ്യമങ്ങളും വരെ വാര്‍ത്തയാക്കി. ഒടുവില്‍ ഇതില്‍ വിദ്യാ ബാലന്‍ തന്നെ പ്രതികരിച്ചിരിക്കുകയാണ് ഇപ്പോള്‍.

കമലിന്റെ പരാമര്‍ശത്തെക്കുറിച്ച് തനിക്ക് ഒന്നും പറയാനില്ലെന്നും അദ്ദേഹത്തിന് മറുപടി നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമായിരുന്നു ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ വിദ്യയുടെ പ്രതികരണം. ഒരു ദേശീയമാധ്യമത്തോടാണ് വിദ്യ ഇതു പറഞ്ഞത്.

‘വിദ്യയ്ക്ക് വേണ്ടി കണ്ടിരുന്ന മാധവിക്കുട്ടിയെ അല്ല മഞ്ജു ചെയ്തിരിക്കുന്നത്. വിദ്യ ചെയ്തിരുന്നെങ്കില്‍ അതില്‍ കുറച്ച് ലൈംഗികതയൊക്കെ കടന്ന് വരുമായിരുന്നു. ഞാന്‍ പോലും ശരിക്ക് ശ്രദ്ധിക്കാത്ത ഒരു ഭാഗമായിരുന്നു അത്. എന്നാല്‍ മഞ്ജു വന്നതിനാല്‍ സാധാരണ തൃശ്ശൂര്‍ക്കാരിയുടെ നാട്ടുഭാഷയില്‍ പെരുമാറുന്ന മാധവിക്കുട്ടിയെ അവതരിപ്പിക്കാനായി . അന്താരാഷ്ട്ര തലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ട സ്ത്രീയായിരുന്നെങ്കിലും അടിസ്ഥാനപരമായി അവര്‍ സാധാരണ ഒരു മലയാളി സ്ത്രീ ആയിരുന്നു. അങ്ങനെയുള്ളൊരു കലാകാരിയാകാന്‍ എന്തുകൊണ്ടും വിദ്യാ ബാലനെക്കാള്‍ ചേരുന്നത് മഞ്ജു തന്നെയാണ്.’ കമല്‍ ഇങ്ങനെ പറഞ്ഞതായാണ് അഴിമുഖം റിപ്പോര്‍ട്ട് ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ