‘തുംഹാരി സുലു’ എന്ന തന്‍റെ പുതിയ ചിത്രത്തിന്‍റെ പ്രചരണത്തിലാണ് നടി വിദ്യാ ബാലനിപ്പോള്‍. സുരേഷ് ത്രിവേണി സംവിധാനം ചെയ്ത ചിത്രത്തില്‍ സുലു എന്ന വീട്ടമ്മയെയാണ് വിദ്യ അവതരിപ്പിക്കുന്നത്. ഒരു രാത്രികാല റേഡിയോ ഷോ അവതരിപ്പിക്കാന്‍ ഒരവസരം ലഭിക്കുന്നതോട് കൂടി സുലുവിന്‍റെ വിരസമായ ജീവിതം മാറിമറിയുന്നു.

‘നിങ്ങളുടെ രാത്രികളെ രസകരമാക്കാന്‍’ എന്ന് തുടങ്ങുന്ന സംഭാഷണങ്ങളിലൂടെ സുലു എല്ലാവരുടെയും മനസ്സ് കവരുന്നു. സിനിമയിലെ പോലെ തന്നെയുള്ള സെക്സി സംഭാഷണങ്ങള്‍ വിദ്യ സിനിമയുടെ പ്രൊമോഷന്‍ നടത്തുമ്പോഴും ഉപയോഗിക്കുന്നുണ്ട്. അത്തരമൊരു വീഡിയോയിലാണ് വിദ്യ നരേന്ദ്ര മോദിയുടെ ‘സബ്കെ സാത്ത്, സബ്കെ വികാസ്’ എന്ന വരിയും ജവഹര്‍ലാല്‍ നെഹ്‌റുവിന്‍റെ പ്രശസ്തമായ ‘അറ്റ്‌ ദി സ്ട്രോക്ക് ഓഫ് മിഡ് നൈറ്റ്‌’ എന്ന ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രഖ്യാപന പ്രസംഗവുമൊക്കെ കാതരമായ സ്വരത്തില്‍ വിദ്യ അവതരിപ്പിച്ചത്.

അതിനോടനുബന്ധിച്ച് നടക്കുന്ന അഭിമുഖങ്ങളിലൊന്നില്‍ വിദ്യാ ‘Agony Aunt’ കളിക്കാനും തയ്യാറായി. ആനുകാലികങ്ങളില്‍ വരുന്ന ‘സ്വകാര്യപ്രശ്ന പരിഹാര’ കോളങ്ങളില്‍ ഉപദേശം നല്‍കുന്ന സ്ത്രീകളെയാണ് ‘Agony Aunt’ എന്ന് വിളിക്കുന്നത്‌.

കൂടുതല്‍ വായിക്കാം: ‘ബോയ്‌ഫ്രണ്ടുമായുള്ള ബന്ധത്തില്‍ കിളി പോകാതെ സൂക്ഷിക്കണം’

നടി ശ്രീദേവി അനശ്വരമാക്കിയ മിസ്റ്റര്‍ ഇന്ത്യ എന്ന ചിത്രത്തിലെ ഹവാ ഹവായി എന്ന ഗാനവും ചിത്രത്തിലുണ്ട്.  സിനിമ കാണാന്‍ ശ്രീദേവി എത്തുകയും ടീം അംഗങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.  1987 ല്‍ പുറത്തിറങ്ങിയ മിസ്റ്റര്‍ ഇന്ത്യ അത് വരെ നില നിന്നിരുന്ന കളക്ഷന്‍ റെക്കോര്‍ഡുകളെ ഭേദിച്ചു തിയേറ്ററുകള്‍ നിറഞ്ഞോടി.  ശേഖര്‍ കപൂര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ശ്രീദേവി ചുവടു വച്ച ഈ ഗാനം ഇന്ത്യന്‍ സിനിമയിലെ തന്നെ കള്‍ട്ട് ഗാനങ്ങളില്‍ ഒന്നായി കരുതപ്പെടുന്നു.  ‘തുംഹാരി സുലു’ വിനു വേണ്ടി പുതിയ പതിപ്പില്‍ നൃത്തം വച്ചത് വിദ്യാ ബാലന്‍, നേഹ ധൂപിയ, മലിഷ്ക എന്നിവരാണ്.

കൂടുതല്‍ വായിക്കാം: വിദ്യാ ബാലന്‍റെ ‘ഹവാ ഹവായി’

ചെയ്യുന്ന വേഷങ്ങളില്‍ എന്നും പുതുമ തിരഞ്ഞെടുക്കുന്ന നടിയാണ് വിദ്യാ ബാലന്‍. ബോളിവുഡിന്‍റെ സൗന്ദര്യ സങ്കല്‍പ്പങ്ങളെ തച്ചുടച്ചു കൊണ്ടാണ് വിദ്യാ പലപ്പോഴും സ്ക്രീനില്‍ എത്തുക. തുംഹാരി സുലുവിലും ആ പതിവ് തെറ്റിക്കുന്നില്ല. കോട്ടന്‍ സാരിയുടുത്ത മധ്യ വര്‍ഗ്ഗ വീട്ടമ്മയാണ് സുലു. നേഹ ധൂപിയ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിദ്യയുടെ ഭര്‍ത്താവിന്‍റെ വേഷം കൈകാര്യം ചെയ്യുന്നത് മാനവ് കൌള്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ